അജിത ജിതഃ സമമതി ഭിഃ സാധു ഭിര്‍ ഭവാന്‍ ദിതാന്മഭിര്‍ഭവതാ
വിജിതാസ്തേഽപിച ഭജതാമകാമാത്മാനാം യ ആത്മദോഽതികരുണഃ (6-16-34)
അഹം വൈ സര്‍വ്വ ഭൂതാനി ഭൂതാന്മനാ ഭൂതഭാവനഃ
ശബ്ദ ബ്രഹ്മ പരം ബ്രഹ്മ മമോഭേ ശാശ്വതീ തനൂ (6-16-51)

ശുകമുനി തുടര്‍ന്നു:

രാജാവിന്‌ മഹത്തായ പ്രാര്‍ത്ഥനോപദേശം നല്‍കിയ ശേഷം നാരദനും അംഗിരമുനിയും തിരിച്ചു പോയി. ചിത്രകേതു ഭക്തിപുരസരം ഏഴുനാള്‍ ഈ പ്രാര്‍ത്ഥനയുരുവിട്ടു കഴിഞ്ഞു. അതു കഴിഞ്ഞപ്പോള്‍ ചിത്രകേതു, സ്വര്‍ഗ്ഗരാശികളുടെ നായകനായ വിദ്യാധരനായിത്തീര്‍ന്നു. കുറച്ചുനാള്‍കൂടി ക്കഴിഞ്ഞ്‌ അദ്ദേഹം ശേഷസവിധം പൂകി. അവിടെ ഭഗവാനെ ചിത്രകേതു എല്ലാ പ്രഭാമഹിമകളോടെയും ദര്‍ശിച്ചു. ഭഗവല്‍പ്പാദങ്ങളെ തന്റെ സന്തോഷാശ്രുക്കളാല്‍ അഭിഷേകം ചെയ്തു. എന്നിട്ട്‌ ഭഗവാനെ ഇപ്രകാരം പുകഴ്ത്തി വര്‍ണ്ണിക്കാന്‍ തുടങ്ങി.

“ഭഗവന്‍, അവിടുന്ന് അജയ്യനാണ്‌. എങ്കിലും സ്ഥിരതയും ദിവ്യതയും ഉളള മനസുകള്‍ക്ക്‌ അവിടുത്തെ കീഴടക്കാം. പിന്നീട്‌ ആ മനസുകളെ അവിടുന്നു കീഴടക്കുന്നു. പരിശുദ്ധമായ കൃപയാല്‍ അവിടുന്ന് സ്വയം നിസ്വാര്‍ത്ഥഭക്തന്മാര്‍ക്ക്‌ സമര്‍പ്പിക്കുന്നു. അണുവുണ്ടാകും മുന്‍പ്‌ അവിടുന്നുണ്ട്‌. വിശ്വപ്രളയശേഷവും അവിടുന്നുണ്ടാവും. ഇപ്പോഴും അവിടുന്നുമാത്രമേ നിജമായിട്ടുളളൂ. ഈ വിശ്വം അവിടുത്തെ സത്തിന്റെ കേവലം ഒരണുമാത്രം. അജ്ഞാനികള്‍മാത്രമേ കര്‍മ്മങ്ങളിലൂടെ മറ്റുളളവര്‍ക്കും സ്വയവും പീഢനങ്ങളും വേദനകളും നിറച്ച്‌ ദേവതകളെ പൂജിക്കൂ. അത്‌ പാപക്കറയുളള പ്രവൃത്തിയാണ്‌. അവയില്‍ ഏറ്റവും ഉത്തമമായവപോലും സ്വര്‍ഗ്ഗം മാത്രമേ ലഭ്യമാക്കുകയുളളൂ. എന്നാല്‍ സ്വാര്‍ത്ഥപരമായിട്ടാണെങ്കില്‍ പോലും അവിടുത്തെ ആരാധിക്കുന്നുവരുടെ ഹൃദയം നിര്‍മ്മലമായിത്തീരുന്നു. അങ്ങില്‍ മാത്രം ശ്രദ്ധാഭക്തി നിറഞ്ഞവരുടെ ഉളളില്‍ ‘ഞാന്‍‘, ‘എന്റേത്‌‘, എന്ന തോന്നലുകളുണ്ടാവില്ല. എന്നാല്‍ മറ്റുളള ജീവികള്‍ക്കോ സ്വയമോ വേദനയുണ്ടാക്കുന്ന യാഗകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ഈ സ്വാര്‍ത്ഥഭാവന വിട്ടു പോവുന്നില്ല. ആത്മപീഢനം വേദനാത്മകവും പരപീഢനം പാപവുമാണ്‌. അവിടുത്തെ ദര്‍ശനമാത്രയില്‍ സകല പാപവും തുടച്ചുമാറ്റപ്പെടുന്നു. ആരുടെ ശക്തിയാലും മഹിമയാലും ഇന്ദ്രിയങ്ങളും ദേവതകളും പ്രവര്‍ത്തനോത്മുഖമാകുന്നുവോ ആ സര്‍വ്വേശ്വരനും ജീവന്റെ ജീവനും നമസ്കാരം, നമസ്കാരം.”

ഭഗവാന്‍ ചിത്രകേതുവിന്റെ പ്രാര്‍ത്ഥനയില്‍ അതീവ സന്തുഷ്ടനായി. “ചിത്രകേതൂ, അനുഗ്രഹീതനാണു നീ. കാരണം നീ നിന്റെ ജീവിതലക്ഷ്യം നിറവേറിക്കഴിഞ്ഞിരിക്കുന്നു. എന്നെ കണ്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളുടേയും ആത്മാവ്‌ ഞാന്‍ തന്നെയാണ്‌. ഞാനവരുടെ സൃഷ്ടികര്‍ത്താവുമാണ്‌. വചനങ്ങളും പരമസത്തയും എന്റെ ശരീരങ്ങള്‍. സ്വപ്നാവസ്ഥയില്‍ ഒരുവന്‍ തന്റെയുളളില്‍ പലേവിധ സത്വങ്ങളെ കാണുന്നു. ജാഗ്രദ്‍അവസ്ഥയില്‍ അവന്‍ ഒറ്റപ്പെട്ട വ്യക്തിയാവുന്നു . ഈ രണ്ടവസ്ഥകള്‍ക്കും അടിസ്ഥാനമായിട്ടുളളത്‌ അവന്‍ തന്നെയാണല്ലോ. അതുപോലെ ഒരുവന്‍ വിശ്വത്തിലെ എല്ലാ ജീവജാലങ്ങളെയും താദാത്മ്യം പ്രാപിക്കണം. അവയെല്ലാം ഞാനാണെന്ന ഏകാത്മകതാബോധം ഉണ്ടാക്കിയെടുക്കണം. നാനാത്വത്തില്‍ ഏകത്വമായി വിളങ്ങുന്ന ബോധസ്വരൂപമാണ്‌ ഞാന്‍. എന്നെ മറന്നുകൊണ്ട്‌ ജീവിക്കുമ്പോള്‍ ഒരുവന്‍ വൈവിധ്യങ്ങളുടെ നൂലാമാലകളിലും ഭൗതികതയിലും കുടുങ്ങുന്നു. ഇത്തരത്തിലുളള കര്‍മ്മങ്ങളാണ്‌ ദുഃഖഹേതു. ഇച്ഛയേതുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിവേകലക്ഷണവും. ഈ വിവേകത്താല്‍ എന്നില്‍ ഭക്തിയുണ്ടാവുന്നു. വിവേകമുണ്ടായി വളര്‍ന്നു് താമസിയാതെ നിനക്ക്‌ പരിപൂര്‍ണ്ണനാവാന്‍ കഴിയും.”

ഇപ്രകാരം പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനായി .

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF