കൃമി വിഡ്‌ ഭസ്മസം ജ്ഞാഽഽസീദ്യസ്യേശാഭിഹിതസ്യച
ഭൂതധ്രുക്‌ തത്കൃതേ സ്വാര്‍ത്ഥം കിം വേദ നിരയോ യതഃ (6-18-25)
വിലോക്യൈകാന്തഭൂതാനി ദ്രതാന്യാദ്‌ പ്രജാപതിഃ
സ്ത്രിയം ചക്രേ സ്വദേഹാര്‍ദ്ധം യയാ പുംസാം മതിര്‍ഹൃതാ (6-18-30)

ശുകമുനി തുടര്‍ന്നു:

കശ്യപഭാര്യയായ ദിതിക്ക്‌ ഹിരണ്യാക്ഷനെന്നും ഹിരണ്യകശിപുവെന്നും പേരായ രണ്ടു മക്കളുണ്ടായ കാര്യം ഞാന്‍ നേരത്തെ പറഞ്ഞു. രണ്ടുപേരും വിഷ്ണുവിനാല്‍ കൊല്ലപ്പെട്ടു. ഇന്ദ്രസുഹൃത്താണല്ലോ വിഷ്ണു. അതുകൊണ്ട്‌ ദിതിക്ക്‌ ഇന്ദ്രനോട്‌ ദ്വേഷ്യം തോന്നി. ദിതി ആലോചിച്ചു.

“തന്റെ ശരീരം അനശ്വരമാണെന്നു് ഇന്ദ്രന്‍ കരുതുന്നുവല്ലോ. കഷ്ടം തന്നെ. അതുകൊണ്ട്‌ തനിക്ക്‌ ശത്രുതയുളളവരെയെല്ലാം കൊന്നുകളയുകയാണല്ലോ അയാള്‍ ചെയ്യുന്നത്‌. എന്നാല്‍ ഈ ദേഹം കൃമികീടങ്ങള്‍ നിറഞ്ഞതും, ചാരമാവേണ്ടതും, മാലിന്യം നിറഞ്ഞതുമാണെന്നു് അയാള്‍ മനസിലാക്കുന്നുണ്ടോ? ഇന്ദ്രനെ നിഗ്രഹിക്കാന്‍ കഴിവുളള ഒരു പുത്രനെ എനിക്കു പ്രസവിക്കണം.”

ഇങ്ങനെ തീരുമാനിച്ച്‌ തന്റെ ഭര്‍ത്താവായ കശ്യപന്റെ സ്നേഹം പിടിച്ചുപറ്റാന്‍ ദിതി ശ്രമിച്ചു. സ്നേഹപ്രകടനത്താല്‍ മോഹിതനായ കശ്യപന്‍ അവള്‍ ആവശ്യപ്പെട്ട വരം നല്‍കി. കശ്യപന്‍ മുനിയായിരുന്നിട്ടുകൂടി ഇതില്‍ അതിശയമൊന്നുമില്ല.

സൃഷ്ടി കര്‍ത്താവ്, തന്റെ ആദ്യസൃഷ്ടികള്‍ക്ക്‌ പുനരുല്‍പ്പാദനത്തിന്‌ താല്‍പ്പര്യമൊന്നും കാണായ്കയാല്‍ സ്വയം തല്‍പ്പകുതിയെ സ്ത്രീയാക്കി മാറ്റി. അവര്‍ പുരുഷന്റെ വിവേകം കവര്‍ന്നെടുക്കുകയും ചെയ്തു. കശ്യപന്‍ തന്റെ ഭാര്യയുടെ ഭര്‍ത്തൃഭക്തിയേയും സ്നേഹത്തേയും പുകഴ്ത്തി. ഒരു ഭാര്യക്ക്‌ തന്റെ ഭര്‍ത്താവ്‌ ഭഗവല്‍ത്തുല്യനത്രെ. അപ്പോള്‍ ദിതി തന്റെ മനസിലെ ആഗ്രഹം വെളിപ്പെടുത്തി. ഇന്ദ്രനിഗ്രഹം ചെയ്യാന്‍ കഴിവുളള ഒരു പുത്രനെ വേണം. അധാര്‍മ്മികമായ ആഗ്രഹം കേട്ട്‌ കശ്യപന്‌ ദുഃഖം തോന്നി. അദ്ദേഹം ആലോചിച്ചു.

ഒരു സ്ത്രീയുടെ മുഖം സുന്ദരവും സ്വരം മധുരതരവുമാണെങ്കിലും ഹൃദയം വാള്‍ത്തലപോലെ മൂര്‍ച്ചയേറിയതാണ്‌. ഒരു സ്ത്രീക്ക്‌ പ്രിയപ്പെട്ടതായി ആരുമില്ല. സ്വന്തം ആഗ്രഹനിവൃത്തിക്കായി അവള്‍ ഭര്‍ത്താവിനേയൊ, മകനേയൊ, സഹോദരനേയോ കൊല്ലാന്‍ മടിക്കുകയില്ല.

എങ്കിലും പ്രതിജ്ഞാലംഘനം നടക്കാതിരിക്കാന്‍ കശ്യപന്‍ ചില നിബന്ധകള്‍ വെച്ചു. അവളാഗ്രഹിച്ചതുപോലൊരു പുത്രന്‍ ജനിക്കണമെങ്കില്‍ ഒരു കൊല്ലം ‘പുംസവനം‘ എന്ന വ്രതം ആചരിക്കണം. ഈ വ്രതമനുസരിച്ച്‌ ഒരുവള്‍ തികഞ്ഞ പരിശുദ്ധിയില്‍ തന്റെ ശരീരവും ചുറ്റുപാടുകളും സൂക്ഷിക്കണം. വസ്ത്രം, ആഹാരം, പാനീയങ്ങള്‍, ഭക്ഷണക്രമം, ഉറക്കം ഇവക്കെല്ലാം നിബന്ധനകളുണ്ട്‌. ഭക്ഷണശേഷം വായില്‍ ഭക്ഷണാംശമൊന്നുമില്ലെന്നുറപ്പുവരുത്തി വായ ശുദ്ധമാക്കണം. സൂര്യോദയത്തിലും അസ്തമയത്തിലും ഉറക്കമരുത്‌. തല വടക്കോട്ടോ പടിഞ്ഞാട്ടോ വച്ച്‌ കിടക്കുകയുമരുത്‌. ദിവസവും പശു, ബ്രാഹ്മണന്‍, മഹാലക്ഷ്മി, മഹാവിഷ്ണു എന്നിവരേയും ഭര്‍ത്തൃമതികളായ സ്ത്രീകളെയും പൂജിക്കണം. ദിതി ആചാരപ്രകാരം വ്രതമനുഷ്ഠിക്കാന്‍ തുടങ്ങി.

ഇന്ദ്രന്‍ വിവരമറിഞ്ഞു് ആകുലനായി. അയാള്‍ കപടവേഷത്തില്‍ ദിതിയുടെ പരിചാരകനായി കൂടി വ്രതം മുടക്കാന്‍ ശ്രമിച്ചു. ഒരു കൊല്ലമവസാനിക്കാറായപ്പോള്‍ ഒരു ദിവസം ശ്രദ്ധക്കുറവുകൊണ്ട്‌ സന്ധ്യാസമയത്ത്‌ ദിതി ഉറങ്ങിപ്പോയി. വായില്‍ അല്‍പ്പം ഭക്ഷണാംശവും ഉണ്ടായിരുന്നു. ഇന്ദ്രന്‍ പെട്ടെന്നു് അവളുടെ ഉളളില്‍ പ്രവേശിച്ച്‌ ഉദരത്തിലെ ശിശുവിനെ തന്റെ വജ്രായുധത്താല്‍ നാല്‍പ്പത്തിയൊന്‍പതു കഷണങ്ങളാക്കി. ഒരോ മുറിക്കലിലും ‘മാരുത’ കരയരുതേ എന്ന അപേക്ഷയോടെയാണ്‌ ഇന്ദ്രനതു ചെയ്തത്‌. ഭഗവല്‍ക്കാരുണ്യത്താല്‍ എല്ലാവരുടേയും ജീവന്‍ നിലനിന്നു. ദിതിയുടെ ഒരു കൊല്ലക്കാലത്തെ പ്രാര്‍ത്ഥനയുടേയും ഭക്തിയുടേയും ഫലമായാണ്‌ ഗര്‍ഭശിശുക്കള്‍ മരിക്കാതിരിക്കുന്നത്‌. ഉണര്‍ന്നപ്പോള്‍ ഇന്ദ്രനെയും നാല്‍പ്പത്തിയൊന്‍പതു ശിശുക്കളേയും കണ്ട ദിതിക്ക്‌ ഭഗവല്‍ഭക്തിയും വ്രതവും കാരണം ഉളളില്‍ വെറുപ്പ്‌ തീരെ പോയിരുന്നു. ഇന്ദ്രനോടു ചോദിച്ചപ്പോള്‍ താനാണിതിന്‌ കാരണക്കാരനെന്നും മാപ്പുതരണമെന്നും അഭ്യര്‍ഥിച്ചു. പിന്നീട്‌ നാല്‍പ്പത്തിയൊന്‍പത്‌ മരുത്തുകളുടെ (വായുദേവന്മാര്‍)അകമ്പടിയോടെ ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു പോയി. ‘മാരുത’ എന്ന്‌ ഇന്ദ്രന്‍ അവരോട്‌ പറഞ്ഞതിനാലാണ്‌ അവര്‍ക്ക്‌ ‘മരുത്തുക്കള്‍’ എന്ന പേര്‍ വന്നത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF