ഏഴാം സ്കന്ദം ആരംഭം
ജയകാലേ തു സത്വസ്യ ദേവര്‍ഷീന്‍ രജസോഽസുരാന്‍
തമസോ യക്ഷരക്ഷാംസി തത് കാലാനുഗുണോഽഭജത് (7-1-8)
കാമാദ്ദ്വേഷാദ് ഭയാത് സ്നേഹാദ് യഥാഭക്ത്യേശ്വരേ മനേഃ
ആവേശ്യ തദഘം ഹിത്വാ ബഹവസ്തദ് ഗതിം ഗതാഃ (7-1-29)
ഗോപ്യഃ കാമാദ്ഭയാത് കംസോ ദ്വേഷാച്ചൈദ്യാദയോ നൃപാഃ
സംബന്ധാദ് വൃഷ്ണയഃ സ്നേഹാദ്യുയം ഭക്ത്യാ വയം വിഭോ (7-1-30)
പരീക്ഷിത്ത് രാജാവ് ചോദിച്ചു:
ഭഗവാന്‍ ഇന്ദ്രനുവേണ്ടി രാക്ഷസന്മാരെ നിഗ്രഹിച്ചു എന്ന് പറഞ്ഞുവല്ലോ. ഭഗവാന്റെ നിഷ്പക്ഷതക്ക് യോജിച്ച കാര്യമല്ലല്ലോ ഇത് ?
ശുകമുനി പറഞ്ഞു:
ഭഗവാന്‍ തീര്‍ച്ചയായും നിഷ്പക്ഷമതി തന്നെ. പ്രകൃതിഗുണങ്ങളാലാണ് വിശ്വം രൂപവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുത്. ഭഗവല്‍പ്രഭയിലാണ് ഈ ഗുണങ്ങള്‍ പ്രവര്‍ത്തനോന്മുഖമാവുന്നത്. അതുകൊണ്ട് അവയുടെ ദേവതയാണ് ഭഗവാന്‍. കാലം കടന്നു പോവുമ്പോള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ഗുണം ആധിപത്യം നേടുന്നു. അതനുസരിച്ചും കാലഗതിക്കനുസരിച്ചും സത്വഗുണം ഉന്നതിയിലായിരിക്കുമ്പോള്‍ ദേവന്മാരുടേയും ഋഷിമാരുടേയും താല്‍പ്പര്യം പോഷിപ്പിക്കപ്പെടുന്നു. രജോഗുണം ഉന്നതിയിലാവുമ്പോള്‍ രാക്ഷസന്‍മാരുടേയും, തമോഗുണം വര്‍ദ്ധിക്കുമ്പോള്‍ ഭൂതപ്രേതപിശാചുക്കളുടേയും താല്‍പ്പര്യം പോഷിപ്പിക്കുന്നു. ഭഗവാനാകട്ടെ വെറും സാക്ഷിമാത്രമത്രേ. യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി നാരദന്‍ പറഞ്ഞ കാര്യം എന്തെന്ന് കേട്ടാല്‍ അങ്ങയുടെ സംശയങ്ങള്‍ ഇല്ലാതാവും.
യുധിഷ്ഠിരന്‍ പറഞ്ഞു: “മഹാമുനേ, ഭഗവാനെ വെറുക്കുകയും അപമാനിക്കുകയും ചെയ്ത ശിശുപാലന്‍, അവസാനം കൃഷ്ണന്റെ കൈകൊണ്ടുതന്നെ വധിക്കപ്പെട്ടുവല്ലോ. ശിശുപാലന്റെ ആത്മാവ് ഭഗവാനില്‍ വിലയം പ്രാപിച്ചതായാണ് ഞങ്ങള്‍ കണ്ടത്. ഭഗവത്‍നിന്ദ ചെയ്യുന്നവന്റെ നാവില്‍ വെളള കുഷ്ഠം പിടിക്കും എന്നാണല്ലോ ഞങ്ങള്‍ കേട്ടിട്ടുളളത്. ഇതിന്റെ നിഗൂഢതത്വം എന്തെന്ന് എനിക്ക് മനസിലാവുന്നില്ല. ദയവായി പറഞ്ഞു തന്നാലും.”
നാരദന്‍ പറഞ്ഞു:
എല്ലാ ജീവജാലങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുത് പഞ്ചഭൂതങ്ങളാലാണ്. അജ്ഞാനത്താലാണ് ‘ഞാന്‍, എന്റേത്‘ എന്നീ സങ്കല്‍പങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെയാണ് സുഖദുഃഖങ്ങളും പുകഴ്ത്തലും ഇകഴ്ത്തലും ബഹുമതിയും അപമാനവും ജീവികള്‍ അനുഭവിക്കുന്നുത്. ഇതെല്ലാം ഭഗവാനില്‍ ഇല്ലതന്നെ. അതുകൊണ്ട് ഏതൊരുവന്‍ ഭഗവാനില്‍ മനസുറപ്പിക്കുന്നുവോ, അവന്റെ ഉദ്ദേശം എന്തു തന്നെയായിരുന്നാലും അവന് ഭഗവല്‍പ്രസാദം ലഭിക്കുന്നു. പലരും ഭഗവാനില്‍ മനസുറപ്പിച്ച് പ്രേമം, വെറുപ്പ്, ഭയം, സൗഹൃദം, ഭക്തി എന്നിങ്ങനെ പല രീതികളിലും പരമസാക്ഷാല്‍ക്കാരം നേടിയിട്ടുണ്ട്. ഗോപികമാര്‍ പ്രേമത്തിലൂടെയും, കംസന്‍ ഭയത്തിലൂടെയും, ശിശുപാലന്‍ തുടങ്ങിയവര്‍ വെറുപ്പിലൂടെയും, വൃഷ്ണികള്‍ ബന്ധുതയിലൂടെയും അങ്ങ് സൗഹൃദത്തിലൂടെയും ഞങ്ങള്‍ ഭക്തിയിലൂടെയും ഭഗവാനെ പ്രാപിക്കുന്നു.
ശിശുപാലനും ദന്തവക്രനും, ഭഗവല്‍സന്നിധിയില്‍ കാവല്‍ക്കാരായിരുന്നു. ഒരു ദിവസം സനല്‍ക്കുമാരന്മാര്‍ ഭഗവല്‍ദര്‍ശനത്തിന് ചെല്ലുമ്പോള്‍ കാവല്‍ക്കാരായ ജയവിജയന്മാര്‍ അവരെ വെറും ബാലന്മാരെന്ന് കരുതി അകത്തേക്ക് കടത്തി വിട്ടില്ല. സനല്‍ക്കുമാരന്മാര്‍ അവരെ ശപിച്ചു. നിങ്ങള്‍ക്ക് വിവേകബുദ്ധി നശിച്ചിരിക്കുന്നു. അതുകൊണ്ട് ഭഗവല്‍പ്പദമലരുകളെ സേവിക്കാനുളള അര്‍ഹത ഇല്ലാതായിരിക്കുന്നു. നിങ്ങള്‍ രാക്ഷസന്മാരായി ജനിക്കട്ടെ.
പിന്നീട് ശാപമോക്ഷാര്‍ത്ഥം ഇങ്ങനെ പറഞ്ഞു: മൂന്നുജന്മങ്ങള്‍ക്കുശേഷം നിങ്ങള്‍ക്ക് തിരിച്ച് ഭഗവല്‍സന്നിധി പൂകാം. അങ്ങനെ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും രാവണനും കുംഭകര്‍ണ്ണനും ശിശുപാലനും ദന്തവക്രനുമായി മൂന്ന് ജന്മങ്ങള്‍ അവര്‍ ശത്രുതയോടെ ഭഗവാനെ മനസില്‍ നിറച്ച് ഹൃദയം ശുദ്ധീകരിച്ചു. അവസാനം ഭഗവല്‍സന്നിധിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF