മോസ്കുമാറ്റാനുള്ള അധമചിന്തയല്ലേ സത്യത്തില്‍ മാറ്റേണ്ടത്?

കാഞ്ചി ശങ്കരാചാര്യ മഠത്തിനു സമീപം ഒരു മോസ്ക് ഉണ്ട്. മുന്നൂറുവര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ മോസ്ക്.

മോസ്കിലും മഠത്തിലും സന്ദര്‍ശക ബാഹുല്യം വര്‍ദ്ധിച്ചപ്പോള്‍, മോസ്ക് അധികാരികളും ജില്ലാ ഭരണകൂടവും ഒരു തീരുമാനം എടുത്തു. മോസ്ക് മാറ്റി സ്ത്ഥാപിക്കുക. അതിന്റെ ചിലവ് മഠ‍ം വഹിക്കുക. അക്കാര്യം നടപ്പിലാക്കാനുള്ള ശ്രമത്തിലായി ഭരണാധികാരികള്‍. പക്ഷേ ഈ തീരുമാനം അന്നത്തെ പരമാചാര്യര്‍ എങ്ങനെയോ അറിഞ്ഞു. അദ്ദേഹം ശക്തിയായി എതിര്‍ത്തു. അദ്ദേഹം വേദനയോടെ പറഞ്ഞു, “സത്യത്തില്‍ വെളുപ്പിന് നാലരമണിയുടെ വാങ്കുവിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നതും, എന്റെ ജോലികളില്‍ വ്യാപൃതനാകുന്നതും. എന്തിനാണ് മോസ്ക് മാറ്റുന്നത്. ആര്‍ക്കാണ് അതില്‍ അസൗകര്യം.”

ഇത് പറഞ്ഞ് പരമാചാര്യര്‍ മൗനവ്രതം ആരംഭിച്ചു. പിന്നീട് മോസ്ക് മാറ്റുന്ന തീരുമാനം മാറ്റിയതിനുശേഷമാണ് അദ്ദേഹം അതില്‍ നിന്നും പിന്തിരിഞ്ഞത്.

ഒരുമയുണ്ടെങ്കില്‍ അസൗകര്യവും സൗകര്യമാകും. നാം ഒരേ ദൈവത്തിന്റെ മക്കള്‍. നാം തമ്മില്‍ സ്നേഹിക്കുമ്പോഴേ ദൈവം സന്തുഷ്ടനാകൂ. ശരീരത്തിന്റെ ഏതുഭാഗത്ത് മുറിവേറ്റാലും വേദനിക്കും. ഈശ്വരശരീരത്തിന്റെ അവയവങ്ങളാണ് നാമെല്ലാം. നമ്മില്‍ ആര്‍ക്ക് നൊന്താലും അത് ഈശ്വരന് വേദനയുളവാകും. അതുപോലെ നമ്മുടെയെല്ലാം സന്തോഷങ്ങളാണ് ഈശ്വരന്റേയും സന്തോഷം.

കടപ്പാട്: നാം മുന്നോട്ട്