എന്തുചെയ്യാന്‍‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ?

മൂന്നുതരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.

* ആലോചിക്കുക, തീരുമാനിക്കുക, പിന്നെ ഒന്നും ചെയ്യാതിരിക്കുക.

* രണ്ടാമത്തവര്‍, ആലോചിക്കും. പ്രവര്‍ത്തിക്കാന്‍ തുടങ്ങും, പക്ഷേ ക്ലേശങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെല്ലെ പിന്‍വാങ്ങും.

* മൂന്നാമത്തെ കൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എത്ര ക്ലേശങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ നേരിടുകയും ലക്ഷ്യപ്രാപ്തിവരെ പരിശ്രമിക്കുകയും ചെയ്യും.

മൂന്നാമത്തെ കൂട്ടരാണ് ഈശ്വരന് പ്രിയപ്പെട്ടവരും ലോകത്തിന് വേണ്ടപ്പെട്ടവരും. അത്തരക്കാരാണ് ഇതുവരെ ലോകത്തെ നേര്‍വഴിയില്‍ നയിച്ചിട്ടുള്ളവരും.

തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം. ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളു. പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്. അതിനുള്ള മനഃകരുത്ത് മഹത്തുക്കളുടെ ജീവചരിത്രം വായിക്കുന്നതിലൂടെയും ഈശ്വരപ്രാര്‍ത്ഥനയിലൂടെയും നമുക്കു ലഭിക്കുന്നു. യുഗപുരുഷന്മാരായി നാം ആരാധിക്കുന്ന ശ്രീകൃഷ്ണനും, ശ്രീയേശുവും നബിതിരുമേനിയും സഞ്ചരിച്ച പാതകള്‍ സുഗമമായിരുന്നുവോ?

ദിവ്യന്മാരായിരുന്ന അവര്‍ അനുഭവിച്ച കൊടിയ ക്ലേശങ്ങളുടെ ഒരംശംപോലും സ്വജീവിതത്തില്‍ നമുക്ക് ചിന്തിക്കാനാവുമോ? അപ്പോള്‍ നമ്മുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നാം ഭയക്കണോ?

ഇന്നുമുതല്‍ പ്രതികൂല ചിന്തകളോട് നമുക്ക് വിടപറയാം. ക്ലേശങ്ങള്‍ക്കിടയിലും സത്ചിന്തകള്‍ മനസില്‍ ഉണര്‍ത്തിയെടുക്കുന്നതിന് പഠിക്കാന്‍ ശ്രമിക്കാം. ആത്മാര്‍ത്ഥമായ നിരന്തര പരിശ്രമത്തിലൂടെ ആര്‍ക്കും. അതിനു സാധിക്കും. അപ്പോള്‍ തടസ്സങ്ങള്‍ താങ്ങായി തീരുന്നതും കാണാം.

കടപ്പാട്: നാം മുന്നോട്ട്