പലപ്പോഴും മനഃപൂര്‍വ്വമല്ലാതെ തെറ്റുകള്‍ ചെയ്തു പോകുന്നു. എന്തുചെയ്യും?

സ്കൂള്‍ തുറന്ന ദിവസം.

അദ്ധ്യാപകര്‍ കുട്ടികളെ ഓരോരുത്തരേയും പരിചയപ്പെട്ടു. അതിനിടയില്‍ ഒരു കുട്ടി ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് അദ്ധ്യാപകന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം ആ പുസ്തകം തരാന്‍ ആവശ്യപ്പെട്ടു. കുട്ടി ഉടന്‍ തന്നെ ഇടതുകൈകൊണ്ട് പുസ്തകമെടുത്തു നീട്ടി.

അദ്ധ്യാപകന് രസിച്ചില്ല.

“ധിക്കാരി ഇങ്ങനെയാണോടാ വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്. ഉം… വലതുകൈകൊണ്ട് പുസ്തം തരിക.” അദ്ദേഹം രോക്ഷത്തോടെ പറഞ്ഞു. കുട്ടി അദ്ധ്യാപകനെ കണ്ണിമയ്ക്കാതെ നോക്കി. പിന്നെ പെട്ടെന്നിരുന്നു.

അദ്ധ്യാപകന്‍ കോപമടക്കാതെ അടുത്തേക്കു ചെന്നു. “അനുസരണയും ഇല്ല അല്ലേ… വലതുകൈനീട്ടു…” വടി നീട്ടിക്കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.

അവന്‍ ഇടതുകൈ കൊണ്ട് വലതു കുപ്പായകൈയിനുള്ളില്‍ തളര്‍ന്നു തൂങ്ങിക്കിടന്ന മെല്ലിച്ച വലതുകൈത്തണ്ട ഉയര്‍ത്തിപ്പിടിച്ചു. ങേ… അദ്ധ്യാപകന്‍ വല്ലാതായി. വടിവഴുതി താഴെപ്പോയി കുട്ടിയുടെ മിഴികളില്‍ നനവ്. പൊടുന്നനേ അവനെ കെട്ടിപ്പിടിച്ചു, വിതുമ്പിക്കൊണ്ട് പറഞ്ഞു. “കുഞ്ഞേ… ക്ഷമിക്കൂ. ഞാനറിഞ്ഞിരുന്നില്ല.”

കാര്യമറിയാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്, ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങരുതോ? ഒരാളുടെ നൊമ്പരം പകരുന്ന ശാപവും ഏറ്റ് ജീവിതം എന്തിന് ദുഃസഹമാക്കണം!

തെറ്റ് ചെയ്തേക്കാം. അതില്‍ നൊമ്പരപ്പെടാനും അത് ആവര്‍ത്തിക്കാതിരിക്കാനും കഴിയണം. അത്തരക്കാരില്‍ സര്‍വ്വശക്തന്‍ ക്ഷമ ചൊരിയുമെന്ന് വിശുദ്ധഖുറാന്‍ അനുശാസിക്കുന്നു.

കടപ്പാട്: നാം മുന്നോട്ട്