രക്ഷപെടാന്‍, അശുഭചിന്തകളും നിഷേധഭാവങ്ങളും മാറ്റാന്‍ തയ്യാറാണോ?

രണ്ടു നഗരങ്ങളുടെ കഥയില്‍ ചാള്‍സ് ഡിക്കന്‍സ് ഒരു തടവുപുള്ളിയെ പരാമര്‍ശിക്കുന്നുണ്ട്.

“നീണ്ടവര്‍ഷങ്ങളുടെ തടവുകള്‍ക്കൊടുവില്‍ ഭരണകൂടം അയാളെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടു. ഭടന്മാര്‍ അയാളെ തടവറയുടെ കൂരിരുട്ടില്‍ നിന്നും പുറത്തുകൊണ്ടു വന്നു. പുറം ലോകത്തിലെ വെളിച്ചം അയാള്‍ക്ക് സഹിക്കാനായില്ല. സൂര്യപ്രകാശം കണ്ട് അയാള്‍ പകച്ചു. ആകാശനീലിമ അയാളെ പരിഭ്രാന്തനാക്കി. അടുത്തനിമിഷം തന്റെ തടവറയുടെ ഇരുട്ടിലേക്കയാള്‍ ഓടി. അവിടമായിരുന്നു അയാള്‍ക്ക് സുരക്ഷിതമായ സ്വര്‍ഗം.”

ഈ തടവുപുള്ളിയെപോലെ നമ്മില്‍ പലരും അശുഭചിന്തകളുടെ കനത്ത ചങ്ങലകളില്‍ സ്വയം ബന്ധിച്ചിട്ടിരിക്കുകയാണ്. ആ ചങ്ങല പൊട്ടിക്കാനുള്ള വഴി ആരുപറഞ്ഞു തന്നാലും നാം അതിനു തയ്യാറാകുന്നില്ല. അതിന്റെ ഫലമായി നരകവാസം അനുഭവിക്കുകയും ചെയ്യുന്നു.

പ്രവാചകന്‍ അരുളുന്നു, “സ്വയം പരിവര്‍ത്തനം ചെയ്യാന്‍ ഒരുവന്‍ തുടങ്ങുന്നതുവരെ സര്‍വ്വശക്തന്‍ അവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നില്ല.”

ആദ്യത്തെ ചുവട് നാം വയ്ക്കണം കരുണാമയനായ ദൈവം ദുഃഖത്തിന്റെ, കുറ്റബോധത്തിന്റെ, ഭീരുത്വത്തിന്റെ തടവറയില്‍ നിന്നും നമ്മെ മോചിപ്പിക്കും. നാം എത്ര മോശക്കാരനാകട്ടെ, തെറ്റുകാരനാകട്ടെ അതെല്ലാം പൊറുക്കാനും നമ്മെ പുതുതാക്കാനും സര്‍വ്വശക്തന്‍ സദാ ഒരുങ്ങിയിരിക്കുമ്പോള്‍ ഭയമെന്തിന്? നിഷേധചിന്തകളെ കുടഞ്ഞെറിഞ്ഞ് എഴുന്നേല്ക്കൂ. ഈ നിമിഷം നമ്മുടേതാണ്.

കടപ്പാട്: നാം മുന്നോട്ട്