അച്ഛനും, മകനും സര്‍ക്കസ് കാണാനെത്തിയതാണ്. ‘അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട’ എന്ന് അവിടെ എഴുതിവച്ചിരിക്കുന്നു. ടിക്കറ്റ് കൗണ്ടറില്‍ ചെന്ന് അച്ഛന്‍ രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ടു. കുട്ടിയെ കണ്ട് കൗണ്ടറിലിരുന്നയാള്‍ പറഞ്ഞു. “ഈ കുട്ടിയെ കണ്ടാല്‍ നാലുവയസ്സുപോലും തോന്നുകില്ലല്ലോ. താങ്കള്‍ ഒരു ടിക്കറ്റ് എടുത്താല്‍ മതി.”

അച്ഛന്‍ പറഞ്ഞു, “താങ്കള്‍ പറഞ്ഞത് ശരിയാണ് പക്ഷേ എനിക്കും, എന്റെ മകനും അറിയാം അവന് അഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം.”

അച്ഛന്‍ പറഞ്ഞതാണ് ശരി. അച്ഛന്‍ അവിടെ കള്ളത്തരം കാണിച്ചാല്‍, ആ മകനെ ഭാവിയില്‍ അത്തരമൊരു തെറ്റ് ചെയ്യാന്‍ പഠിപ്പിക്കുക കൂടിയായിരിക്കും അപ്പോള്‍ ചെയ്യുക. തെറ്റ് ചെയ്യാനുള്ള ഭയം കുട്ടിയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ വലിയൊരു തെറ്റ് എന്താണ്? കുട്ടികള്‍ നമ്മില്‍ നിന്ന് പഠിക്കുന്നത് നമ്മുടെ വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. നല്ലത് എന്തെന്ന് ചിന്തിക്കുന്നത് നിങ്ങളാണ്. ആ ചിന്തയാണ് നിങ്ങളെ നല്ലവനോ, മോശക്കാരനോ ആക്കിത്തീര്‍ക്കുന്നത്‌. നാം നല്ല മാതൃക കാണിക്കുമ്പോള്‍ നമ്മുടെ മക്കളെ നല്ലവഴിയിലൂടെ നയിക്കുകയാണ് എന്ന കാര്യം മറക്കരുത്.

കടപ്പാട്: നാം മുന്നോട്ട്