ഈശ്വരനാമത്തില്‍ ചെയ്ത സത്യം ലംഘിക്കാമോ?

വീട്ടമ്മയ്ക്ക് അസുഖം തുടങ്ങിയിട്ട് ഒന്നുരണ്ടു മാസമായി. വൈദ്യപരിശോധനയില്‍ കുഴപ്പമെന്നുമില്ല. പക്ഷേ ശരീരത്തിന് സുഖവുമില്ല. ഒടുവില്‍ അവര്‍ വന്ദ്യനായ ഒരു പുരോഹിതനെ കണ്ടു. ഏറെ നേരം ആദ്ദേഹവുമായി സംസാരിച്ചു. അതിനിടയില്‍ അവര്‍ പഴയൊരു സംഭവം പറഞ്ഞു.

“എന്റെ അടുത്ത സുഹ്യത്തായിരുന്നു അവള്‍. ഒരിക്കല്‍ തീരെ പ്രതീക്ഷിക്കാത്ത വിധം അവള്‍ എന്നോടു മോശമായിപെരുമാറി. എനിക്കതോടെ കൂട്ടുകാരിയോടു വെറുപ്പായി. ഇനി ജീവിതത്തില്‍ ഞാനവരോട് മിണ്ടുകയില്ല എന്ന് ദൈവനാമത്തില്‍ ശപഥവും ചെയ്തു.’

ഈ കഥ കേട്ട് പുരോഹിതന്‍ പറഞ്ഞു, “നിങ്ങളുടെ രോഗത്തിനു കാരണം ഇതുതന്നെ അശുപചിന്ത പേറുന്ന ഈ മനസ്സ് ശരീരത്തെ പീഡിപ്പിക്കും. നിങ്ങള്‍ ഉടന്‍ സുഹൃത്തിനെ കാണാന്‍ പോകുക. അവരോടു സംസാരിക്കുക, വൈരം മറക്കുക.”

“പക്ഷേ ഞാന്‍ ദൈവനാമത്തില്‍ ശപഥം… ചെയ്തതല്ലേ” അവര്‍ മടിച്ചു നിന്നു.

“ഇത്തരം ശപഥം കൊണ്ടു നടക്കുന്നതിലും നല്ലത് ലംഘിക്കുകയാണ്. ദൈവത്തിനിഷ്ടവും അതുതന്നെ.”

വിഷം വച്ച പാത്രവും വിഷമയമാണ്. വെറുപ്പും പകയും നിറഞ്ഞ മനസും രോഗാതുരമായിരിക്കും. ആ വികാരങ്ങള്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കും രക്തതത്തില്‍ വിഷം പരത്തും. പരിചരിക്കുന്തോറും വഷളാകുന്ന ഒരേയൊരു രോഗം വെറുപ്പും പകയുമാണ്. ഇന്നുതന്നെ അവയെ പുറത്താക്കുക. അതിനുള്ള ശക്തിയായി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവനാമത്തില്‍ നാം ചെയ്യുന്ന അധമശപഥങ്ങള്‍ ദൈവം കേള്‍ക്കുന്നു പോലുമുണ്ടാകില്ല.

കടപ്പാട്: നാം മുന്നോട്ട്