ഒരു സംഭവകഥ.

ആഡംബരകപ്പല്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രയായി. പുറംകടലിലെത്തിയപ്പോള്‍ ദൗര്‍ഭാഗ്യം കൊടുങ്കാറ്റിന്റെ രൂപത്തിലെത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ടു എല്ലാവര്‍ക്കും രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് ഇല്ലെന്ന വിവരം അപ്പോഴാണറിഞ്ഞത്. ജനം തിക്കും തിരക്കുമായി. കൈയ്യൂക്കുള്ളവര്‍ രക്ഷാ ബോട്ടില്‍ കയറിപ്പറ്റി.

വൃദ്ധനായ ഒരു കോടീശ്വരന് അക്കൂട്ടത്തില്‍ കയറിക്കൂടാനായില്ല. കോട്ടിന്റെ ഉള്ളില്‍ നിന്നും ബ്ലാങ്ക് ചെക്ക് എടുത്തുയര്‍ത്തി കോടീശ്വരന്‍ കേണു. “ഇതാ.. എന്റെ ബ്ലാങ്ക് ചെക്ക്. കോടികള്‍ എന്റെ പേരില്‍ ബാങ്കിലുണ്ട്. ആരെങ്കിലും ഒരു സീറ്റ് എനിക്കു തരൂ.”

ഉടന്‍ രക്ഷാബോട്ടില്‍ നിന്നും ഒരാള്‍ ആക്രോശിച്ചു, “തങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ. ഈ ലോകത്തിലെ സ്വര്‍ണ്ണഖനികള്‍മുഴുവന്‍ തന്നാലും അതിനു പകരം ജീവന്‍ നല്‍കാന്‍ സാധിക്കുമോ?”

ജീവിതമാണ് ഏറ്റവും വലുത്, പ്രിയപ്പെട്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേയില്ല. എന്നിട്ടും ഈ വിലയേറിയ ജീവിതം ഒരുവിലയുമില്ലാത്ത രീതിയില്‍ നാം കൈകൈര്യം ചെയ്യുന്നത് തെറ്റല്ലേ. ആദ്യം ജീവിതത്തിന്റെ വില മനസ്സിലാക്കി നമ്മുടേയും മറ്റുള്ളവരുടേയും ജീവിതം ധന്യമാക്കാന്‍ യത്നിക്കുക. വിലയേറിയ ജീവിതം വിലയുള്ളതാക്കാന്‍ അത് നന്നായി കൈകാര്യം ചെയ്യണം. അതിനുള്ള വഴികളാണ് മഹത്തുക്കള്‍ കാണിച്ചു തന്നിട്ടുള്ളത്.

മരണം പരിഹാരമായി കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ പുതിയ ഊരാക്കുടുക്കുകള്‍ക്ക് തുടക്കമിടുകയാണ്. മരണം സ്വഭാവികം. അത് പരിഹാരമല്ല അകാലത്തില്‍ മരണം വരിക്കുന്നവാന്‍ അവനു തന്നെയും ജീവിച്ചിരിക്കുന്നവര്‍ക്കും കൂടി പ്രശ്നങ്ങളുടെ വിത്തിടുകയാണ്. മരണം ജീവന്റെ അവസാന താവളമല്ല.

കടപ്പാട്: നാം മുന്നോട്ട്