ശ്രീ വേലൂര്‍ ഐരാവതയ്യരാല്‍ മണിപ്രവാളത്തില്‍ വിരചിതമായ ശ്രീ രമണധ്യാനം എന്ന ഈ കൃതി 1948-ല്‍ തിരുവണ്ണാമല രമണാശ്രമം സര്‍വ്വാധികാരി ശ്രീ നിരഞ്ജനാനന്ദസ്വാമികളാല്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതാണ്.

ജ്യോതിര്‍മ്മയമായ അരുണഗിരിയുടെ പാര്‍ശ്വപ്രദേശത്തില്‍ എപ്പോഴും പ്രസന്നനായി വിളങ്ങുന്ന ദക്ഷിണാമൂര്‍ത്തിസ്വരൂപനാണ് ഭഗവാന്‍ ശ്രീ രമണമഹര്‍ഷി. അദ്ധ്യയനം ചെയ്യുന്നവരുടെ മനസ്സിനെ ഹഠാദാകര്‍ഷിക്കുന്ന ശ്രീ മഹര്‍ഷിയുടെ ചരിത്രസംക്ഷേപം ബാലര്‍നിമിത്തം ഒരു ഭക്തനാല്‍ ദ്രാവിഡഭാഷയില്‍ വിശദമായി എഴുതപ്പെട്ടിട്ടുള്ളതാണ് ഈ ചെറിയ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്. സ്ഫടികംപോലെ നിര്‍മ്മലമായും നിഷ്കളങ്കമായും ഇരിക്കുന്ന ബാലഹൃദയങ്ങളില്‍ വിതയ്ക്കപ്പെട്ട ഭക്തിയാകുന്ന ഈ വിത്തുകളാണ് പരിപക്വാവസ്ഥയില്‍ പരാഭക്തിയായ ഫലങ്ങളായി പരിണമിക്കുന്നത്.

ശ്രീ രമണധ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ (8 പേജുകള്‍, 1 MB)

ഓം ശ്രീ രമണപരമാത്മനേ നമഃ

ധ്യാനശ്ലോകം

ശ്രീ രമണ ധ്യാന ശ്ലോകം

അന്തര്യശ്ചബഹിര്‍വിധൂതതിമിരം
ജ്യോതിര്‍മയം ശാശ്വതം
സ്ഥാനം പ്രാപ്യ വിരാജതേ വിനമതാ-
മജ്ഞാനമുന്മൂലയന്‍
പശ്യന്‍ വിശ്വമപീദമുല്ലസതി യോ
വിശ്വസ്യ പരേ പര-
സ്തസ്മൈ ശ്രീ രമണായ ലോകഗുരവേ
ശോകസ്യഹന്ത്രേ നമഃ

ഉള്ളിലും പുറത്തും അജ്ഞാനത്തെ നീക്കിയവരും, സ്വയം പ്രകാശമായും നിത്യമായുള്ള പരമപദത്തെ പ്രാപിച്ചവരും, ശരണാഗതന്മാരുടെ അജ്ഞാനാന്ധകാരത്തെ ഉന്മൂലനം ചെയ്യുന്നവരും, ഈ ലോകത്തെ വീക്ഷിച്ചിരിക്കുന്നുണ്ടെങ്കിലും ലോകാതീതമായ പരവസ്തുവായ് വിളങ്ങുന്നവരും, ശോകനാശകരും, ലോകഗുരുവുമായ ഭഗവാന്‍ ശ്രീ രമണമഹര്‍ഷിയെ ഞാന്‍ ഇതാ നമസ്കരിക്കുന്നു.

ശ്രീ രമണധ്യാനം

ഹൃല്‍ബാഹ്യങ്ങളിലെത്തമസ്സുകളയും
ജ്യോതിര്‍മ്മയന്‍ ശാശ്വതന്‍
ഉച്ചസ്ഥാനമടഞ്ഞു, തന്നമികളി-
ന്നജ്ഞാനവിച്ഛേദകന്‍
നോക്കുന്നീഘനലോകമെങ്കിലുമഹോ
ലോകത്തിനും പാരമാം
ശോകഘ്നന്‍ രമണാഖ്യലോകഗുരുവിന്‍
പാദാംബുജം പാതുമാം.

കൈലാസം വിട്ടിറങ്ങീ സദയമവനിയില്‍
തോന്നി നീ പുത്രനായി
ക്ഷേത്രം ശ്രീചേര്‍ന്നവൃത്തം, ജനകജനനിമാര്‍
സുന്ദരസ്സുന്ദരിക്കും
ബാലക്രീഡാവിനോദാല്‍ അവരെ മുദമൃതം
കൊണ്ടു നീ മുക്തരാക്കി
തസ്മാച്ഛ്രീലോകബന്ധോ തിരുചുഴിരമണാ,
ഹാര്‍ദ്ദമായ് കുമ്പിടുന്നേന്‍ .

പെട്ടെന്നെന്നോവുദിച്ചു, ഹൃദിമരണഭയം
തല്‍ക്ഷണം നീ വിമര്‍ശം
ചെയ്തൂ, ചാവെന്നതെന്തോ? അഴിയുമൊരുപൊരുള്‍
എന്തു താനായിരിക്കും?
‘ഞാ’നെന്നും ആത്മനാണ് വിലയമതിനുകിം?
ശാശ്വതം ബ്രഹ്മമല്ലോ
വെന്നാത്മജ്ഞാനമുണ്ടായ്, ഗുരുദയനഹി, നീ
സ്വപ്രകാശന്‍ , നമസ്തേ.

കണ്മൂടിധ്യാനനിഷ്ഠ സ്ഥിതിയിലൊരുദിനം
ജ്യേഷ്ഠനും കണ്ടുനിന്നേ
“ഇമ്മട്ടുള്ളോനിതെല്ലാമെതിനുതകുമഹോ”
വെന്നുകോപേന ചൊന്നാന്‍ .
ഇത്ഥം ചൊന്നോരുവാക്കും പരമനുടയതാ
മെന്നുശോണാദ്രിയോര്‍ത്തു
പള്ളിക്കൂടത്തിനായ് കരുതിയ രജതം
മൂന്നുമാത്രം ഗ്രഹിച്ചു.

“ഞാനന്വേഷിയായി ശുഭകൃതിയിലിറ-
ങ്ങീടിനേന്‍ ഖേദിയായ്ക,
എന്നെത്തേടീടവേണ്ട വെറുതെ ധനമതും
വ്യര്‍ത്ഥമാക്കേണ്ടതെല്ലും”
ഇത്യേവം ലേഖനത്തില്‍ തെളിവിലെഴുതിയും
വെച്ചുഭദ്രപ്പെടുത്തീ-
ട്ടത്യന്തം ഭക്തിപൂര്‍വ്വം അരുണഗിരി പുരം
നോക്കിനീ യാത്രചെയ്തു.

പ്രാപിച്ചൂ ശോണശൈലം യതിവരവടുവായ്
മൗനദീക്ഷാതുടങ്ങീ
ക്ഷേത്രേ ‘പാതാളലിംഗം’ ഇതിയിരുള്‍ഗുഹയില്‍
ഒറ്റയായ് ചെന്നിരുന്നു.
തേളും പാമ്പീച്ചയെന്നീ വിഷമിയലുവയാം
പ്രാണികള്‍ തിന്നുദേഹം
ഏറെക്കാലം സമാധി സ്ഥിതനിതറിയുമോ,
യോഗിവര്യാ, നമസ്തേ.

ദുഷ്ടന്മാര്‍ ചെയ്തുഹിംസാ, നിജചരി, തടയു
ന്നെന്നുനീ കണ്ടശേഷം
ഇഷ്ടംപോലെപ്പൊളപ്പോളിടമൊഴിയുകയും,
സ്കന്ദകോവില്‍ തുടങ്ങി
പൂന്തോട്ടം വാഹനാലാ, പല പലവിടവും
മാറ്റിഭക്തര്‍പുകഴ്ത്തി
ഹേ, വീരാഗ്രേസരാഹേ രമണയതിവരാ,
പാദപത്മം നമാമി.

പ്രാവാളക്കുന്നിലല്ലോ തപമതിബലമായ്
ചെയ്തുവുറ്റാരുമെത്തി,
ആവോളം നാടുചെല്ലാന്‍ , ജനനിസഹജരും
ചെയ്തുവേണ്ടും ശ്രമങ്ങള്‍ .
എന്നാല്‍ മൗനീലിഖിച്ചു “അവരവര്‍ വിധിപോല്‍
കാര്യമെല്ലാം നടക്കും
നന്നെന്നും മൗനമാണെ”ന്നെഴുതിയ ഗുരുരാട്
പാദപത്മം നമാമി.

സ്ഥിത്വാ യോഗാസനത്തില്‍ തപമിയലുകയില്‍
തീര്‍ത്തുശോണാചലേശ-
സ്തോത്രം മാധുര്യഗാനം, സുകൃതിരസവഹം,
ശര്‍ക്കരകുന്നില്‍ തേന്‍പോല്‍ .
സന്ദേഹം ഭക്തഹൃത്തില്‍ ചെറുതുവരികിലും,
തീര്‍ത്തു വിജ്ഞാനമൂട്ടി
പിന്നുംജ്ഞാനംപൊഴിക്കും പലകൃതിയെഴുതീ,
ദിവ്യയോഗീ, നമസ്തേ.

“ഞാനാ”രെന്നും വിചാരം സകലരുടെ മന-
സ്സിങ്കലും തോന്നീടേണം.
താനേ”ഞാ”നെന്നശബ്ദം ഉദയമെവിടെയാ-
ണെന്നു ചിന്തിച്ചിടേണം.
എന്നാല്‍ ചിത്തം ലയിക്കും പൊഴുതതു’തപ’മാ-
കുന്നു; മന്ത്രം ജപിച്ചാല്‍
ഉത്പത്തിസ്ഥാനമോര്‍ക്കില്‍ മനമവിടെലയം,
താന്തപം, ജ്ഞാനമൂര്‍ത്തേ.

വിശ്വപ്രഖ്യാതവിദ്വാന്‍ , കവിമണി, ഗണരാട്,
കാവ്യകണ്ഠന്‍മുനീന്ദ്രന്‍
സാക്ഷാല്‍ ജ്ഞാനം ഗ്രഹിപ്പാന്‍ തവപദശരണം
ചെയ്തുകിട്ടീ കടാക്ഷം
മൗനം വിട്ടാര്‍ദ്രഹൃത്തേ സദുപകൃതികള്‍ നീ
ചെയ്തു കാരുണ്യരാശേ
തീര്‍ത്തുത്വച്ഛിഷ്യനപ്പോള്‍ ഗുരുവരനുതിയും,
ഗീതയും നിന്‍കടാക്ഷാല്‍ .

ലോകാന്ധകാരധ്വംസമതിനുവേണ്ടി
ലോകാംബികാങ്കത്തിന്നെഴുനീറ്റുനീയും
ലോകേമനുഷ്യാകാര, ഉമാസുതേ,തി
വര്‍ണ്ണിച്ചുനിന്നേ, സദ്ഗുരവേ നമസ്തേ.

പൂര്‍ണ്ണത്യാഗീ ഭവാനും ‘ജനനിശിവസമാ’
വേദവാക്യാനുസൃത്യ
തിണ്ണം മാതാവിനേയും നിജവുടജമതില്‍
തുഷ്ടിയോടാദരിച്ചു
മാതാവും പക്വമാര്‍ന്നാര്‍ , നിജസവിധമിരു-
ന്നുത്തമജ്ഞാനിയായി
അന്ത്യേനിന്‍ ഹസ്തദീക്ഷാവവരെശിവപദം
ചേര്‍ത്തു കൈവല്യമൂര്‍ത്തേ.

കുന്നില്‍ സ്കന്ദാശ്രമംവിട്ടുടനുടനെഗമി-
ക്കും സമാധിസ്ഥലത്തില്‍
പിന്നേ നീ നിശ്ചയിച്ചൂ വസതിയിവിടെയാം,
വേണ്ടകന്താശ്രമത്തില്‍
വാസംനിര്‍ദ്ധാരമാക്കി യവിടെയുദയമായ്
ദിവ്യമാം കെട്ടിടങ്ങള്‍ ,
ഭാസിക്കുന്നാശ്രമംകാണ്‍ , സുകൃതിജനഫലം,
പാഹിമാം ദീനബന്ധോ.

കൊള്ളക്കൂട്ടം സധൈര്യം ഒരു നിശയുടജേ
പുക്കുചെയ്തട്ടഹാസം
കള്ളന്മാരോടു ശാന്ത്യാ “ഇഹനഹിപൊരുളും
നിങ്ങളെന്തും ഗ്രഹിക്കാം”
എന്നിത്ഥംനീയുരയ്ക്കേ ഖലര്‍ തവതുടയില്‍
താഡനംചെയ്തു,നീയും
കാണിച്ചൂ”യേശു”വെപ്പോല്‍ മറുതുടയുടനേ,
ശാന്തയോഗീ നമസ്തേ.

ഗോ,ശ്വാ,മാര്‍ജ്ജാരമണ്ണാ,കപിയിതിനിഖില
പ്രാണിയും മര്‍ത്ത്യരൊപ്പം
ഹിംസിച്ചീടൊല്ലവറ്റേ ദയയൊടുഹിതമായ്,
പോറ്റണം തീന്‍കൊടുത്ത്,
സൂക്ഷ്മത്തില്‍ മര്‍ത്ത്യരെപ്പോലവരോടു പെരുമാ-
റീടണം എന്നുകാട്ടും
കാരുണ്യകാതലാകും രമണ! തവപദം
കുമ്പിടുന്നേന്‍ മഹര്‍ഷേ !

അല്ലന്‍ചാഡ്വിക്കു, ഗ്രാണ്ടഫ് ഇതിപലദൊരകള്‍
വന്നുനിന്‍ഭക്തരായി
അജ്ഞാനംപോക്കിഹൃത്തില്‍, തവകരുണനിറ-
ഞ്ഞുള്ള സവിധത്തിനാലേ
നാനാവേറേമതസ്ഥര്‍ സമരസമൊരുപോല്‍
സമ്മതിക്കുന്നതത്വം
ബ്രഹ്മജ്ഞാനത്തെയൂട്ടി യവരുടെ ഹൃദയേ,
ജ്യോതിമൂര്‍ത്തേ നമസ്തേ.

എല്ലാവറ്റിന്നതീത പ്പൊരുളിനെയപരോ-
ക്ഷത്തില്‍ നീ കണ്ടിടുന്നു
എല്ലാരും ശോണശൈല പ്രഭവമറിവതി-
ന്നിപ്പൊഴും ചുറ്റീടുന്നു.
കായക്ലേശംഗണിക്കാ തുരുവിനയഗണം
ഭക്തര്‍ ചൂഴേഗമിച്ചും
കാണിക്കുന്നൂപലര്‍ക്കും ഗിരിവരമഹിമാ,
ശൈലരാട്ടേ നമസ്തേ.

കാലം ദേശങ്ങളെത്താ, ജനിമൃതികള്‍വരാ-
തുള്ളനിത്യത്വമാര്‍ന്നും,
ദേവര്‍ ഗന്ധര്‍വ്വയക്ഷര്‍ മുതലമരജനം
കുമ്പിടും മര്‍ത്ത്യരൂപാ
കൊണ്ടാടുന്നൂജയന്തീ, തവജനനിദിനം,
കേമമായ്, നിന്‍പ്രസാദാല്‍
ഏകുന്നൂ നിന്‍കടാക്ഷം സുകൃതിതതിയിനും
പാഹി കല്യാണമൂര്‍ത്തേ.

വണ്ടിക്കുള്‍ യാത്ര ചെയ്യും നരനൊരുചുമടേ
വെച്ചുകീഴേ സുഖിക്കാ-
തേന്തിത്തന്റേതലയ്ക്കല്‍ , പെടുമസുഖമഹോ
വിഡ്ഡിയുംജീവിതത്തില്‍
തന്‍ദേഹം, വീട്ടുകാര്യം, ബഹുകൃതികളവന്‍
ചെയ്യുമെന്നോര്‍ത്തീടുന്നു
ചൊല്ലി നീ “നൗകനയും, പരമനധികൃതന്‍ ”
ശ്യാമളാംഗാ നമസ്തേ.

ഇത്ഥമാത്മസമര്‍പ്പണം ചെയ്കനിശ്ചലമാനസാ
വേണംപിന്നാത്മചിന്തയും എന്നുബോധിച്ചുനീഗുരോ.
അചഞ്ചലമനസ്സാലേ ചെയ്കഭക്തിയുമെന്നുനീ
അന്നുകൃഷ്ണന്‍ചൊന്നപോലെവീണ്ടുംചൊല്ലിചുരുക്കമായ്.

മൗനം മര്‍ത്ത്യാവതാരന്‍ , വലയുമൊരുജഗ-
ത്തിന്നുനീക്ലേശമാറ്റി
സന്ദേഹം പോക്കിനല്കുന്നിതുഹൃദിയമിതം
ശാന്തിനീയേകീടുന്നു
ആത്മജ്ഞാനത്തെയൂട്ടി;”ജനിമൃതിരഹിതം
കിട്ടുമേനിത്യതുഷ്ടി
സത്യസ്വരൂപലഭ്യ”ന്നിതിതവവചനം
പാഹിയാനന്ദമൂര്‍ത്തേ.

ആദിശേഷനാലവര്‍ണ്യമായസംവിദാഭയില്‍
ജ്യോതി,ലോകമൊക്കെവീശിവെണ്മയാക്കിമാറ്റിനീ
ഭക്തലോകര്‍ചൂഴവേയയോദ്ധ്യവൃന്ദകാനനം
പോലെശോണശൈലവാസിമൂഴ്കിനീമുദംബുധൗ.

ആനന്ദമൗനരമണാ,
ആരംഭിച്ചധ്യാനപദ്യമാലാ
ആക്കീഭഗവല്‍കൃപയാല്‍
ആത്രേയന്‍വെച്ചുതവപദതാരില്‍ .

സമാപ്തം.