കൃഷിക്കാരനായ അച്ഛന് പ്രായമേറെയായി. അതിനാല്‍ ആ പ്രാവശ്യം കൃഷിയിറക്കാന്‍ തന്റെ അഞ്ചു മക്കളെ അദ്ദേഹം ചുമതലപ്പെടുത്തി.

ഒരാള്‍ വന്ന് കുഴികുത്തി, മറ്റോരാള്‍ മണ്ണിട്ടുമൂടി. ഇനിയുമൊരാള്‍ മുടങ്ങാതെ വെള്ളമൊഴിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിത്ത് മുളച്ചില്ല. ഒടുവില്‍ അഞ്ചു മക്കളേയും വിളിച്ച് അച്ഛന്‍ കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് വിത്തിടേണ്ട മകന്‍ അതു ചെയ്തില്ലെന്ന്.

വിത്തു പാകാതെ മറ്റെന്തു ജോലി ചെയ്തിട്ടും കാര്യമെന്ത്? വിത്തിടാനാണല്ലോ ജോലി എല്ലാം ചെയ്യുന്നത്. ഏതു ജോലിയി‍ലും വേണ്ടത് ശ്രദ്ധയാണ്. ഈ കഥയിലെ വിത്തിന്റെ സ്ഥാനമാണ് അതിനുള്ളത്.

ആത്മര്‍ത്ഥതയില്ലാതെ ഏതു ജോലി ചെയ്താലും നാം ഉദ്ദേശിച്ച ഫലം പൂര്‍ണ്ണമായും ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ നാം ചെയ്യുന്ന കര്‍മ്മത്തില്‍ പരിപൂര്‍ണ സമര്‍പ്പണം വേണം. അപ്പോള്‍ ജോലി ചെയ്യുന്നതുതന്നെ ആനന്ദമായി തോന്നും. ശരിക്കും പറഞ്ഞാല്‍ അത്തരം ജോലി ഈശ്വരപൂജയ്ക്കു തുല്യമാണ്.

വിവേകാനന്ദസ്വാമി, വിനോബാജി, മഹാത്മാഗാന്ധി, തെരേസ തുടങ്ങിയ കര്‍മ്മയോഗികളുടെ പ്രവൃത്തി നിരീക്ഷിച്ചാല്‍ ഈ സത്യം നമുക്ക് മനസ്സിലാകും. അവരുടെ വിജയരഹസ്യവും ഇതു തന്നെയായിരുന്നു. കര്‍മ്മഫലത്തിലില്ല, കര്‍മ്മം ചെയ്യുന്നതില്‍ തന്നെയായിരുന്നു അവര്‍ ആനന്ദം അനുഭവിച്ചിരുന്നത്. അത്തരം കര്‍മ്മത്തിന്റെ ഫലവും മഹനീയമായിരിക്കും.

ദിവസവും കുറച്ചുനേരം പ്രാര്‍ത്ഥനയ്ക്കു ശേഷം ശാന്തമായി സ്വന്തം ജോലിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നു ചിന്തിക്കുക. മാര്‍ഗനിര്‍ദ്ദേശത്തിനായി ഈശ്വരനോട് അപേക്ഷിക്കുക. അപ്പോള്‍ കര്‍മ്മമേഖല പുഷ്ടിപ്പെടുന്നതു കാണാം.

കടപ്പാട്: നാം മുന്നോട്ട്