കൊല്‍ക്കത്തയിലെ ഒരു ചേരിപ്രദേശം. അതിനകത്ത് ഒരു സ്കൂള്‍. അവിടെ പഠിക്കുന്നത് വളരെ ദരിദ്രരായ കുട്ടികളും. ഒരിക്കല്‍ അവിടെ പഠനം നടത്തിയവര്‍ അത്ഭുതപ്പെട്ടുപോയി. അവിടെ പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം വളരെ ഉന്നത നിലയില്‍ എത്തിയിരിക്കുന്നു. ഗവേഷകര്‍ അവരോട് അതിന്റെ കാരണം തിരക്കി. “ഞങ്ങളുടെ പ്രധാന അധ്യാപകരാണ് ഇതിനു കാരണം.”

എല്ലാവരുടേയും ഉത്തരം ഇതായിരുന്നു. അധ്യാപികയെ തിരക്കി ചെന്നപ്പോള്‍ അവര്‍ പെന്‍ഷന്‍ പറ്റിയിരുന്നു. ഗവേഷകര്‍ അവരെ കണ്ടെത്തി ചോദിച്ചു, “ഈ സാധാരണ കുട്ടികളെ എങ്ങനെ അസാധാരണ നിലയിലെത്തിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞു? എങ്ങനെയാണ് നിങ്ങള്‍ അവരെ പഠിപ്പിച്ചത്?”

“ഞാന്‍ അവരെ പഠിപ്പിച്ചതേയില്ല; സ്നേഹിക്കുകമാത്രമേ ചെയ്തിട്ടുള്ളു.” വൃദ്ധയായ അധ്യാപിക നിറമിഴികളോടെ പറഞ്ഞു.

അമ്മയെപ്പോലെയായിരിക്കണം അധ്യാപകര്‍. നിറഞ്ഞ ഹൃദയത്തോടെ സ്നേഹിക്കുമ്പോഴും ശിക്ഷിക്കേണ്ടിടത്ത് മക്കളെ ശിക്ഷിക്കാന്‍ അമ്മ മടിക്കാറിക്കില്ല. ഒരു കൈകൊണ്ട് തലോടാനും മറു കൈകൊണ്ട് അടിക്കാനും അമ്മയ്ക്ക് മടിയില്ല. അധ്യാപകരും അങ്ങനെയാകണം.

ശുദ്ധപ്രേമം വിവരിക്കാനാവില്ല. അത് വിതരണം ചെയ്യുന്നവനും സ്വീകരിക്കുന്നവനും ഒരു പോലെ ആഹ്ലാദം നല്കുന്നു. പ്രേമത്തിനു മാത്രമേ മറ്റൊരു ഹൃദയത്തില്‍ പരിവര്‍ത്തനം വരുത്താനുള്ള ശക്തിയുള്ളു.

കടപ്പാട്: നാം മുന്നോട്ട്