ധനമുണ്ട്, പക്ഷേ നാട്ടിലല്ല ഞാന്‍ താമസം. മാതാപിതാക്കള്‍ ഒറ്റയ്ക്കാണ്. ഇവിടം വിട്ടുപോകാനും സാധ്യമല്ല.

അമ്മ മരിച്ചു. മക്കള്‍ ശേഷക്രിയകളൊക്കെ കഴിഞ്ഞ് മുറിയിലെത്തി. ഓര്‍മ്മകള്‍ വല്ലാതെ അലട്ടുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്താണ് അവള്‍ക്ക് ജോലി. അമ്മയെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം അവരെ അലട്ടി.

മക്കള്‍ അമ്മയുടെ മേശ വെറുതെ തുറന്നു. മടക്കിവച്ചിരിക്കുന്ന ഒരു വെള്ളക്കടലാസ്. അവള്‍ അതെടുത്തു നിവര്‍ത്തി. അമ്മയുടെ ഒരു കുറിപ്പ്. അമ്മയ്ക്ക് കഥയും കവിതയും എഴുതുന്ന സ്വഭാവമുണ്ട്. മകള്‍ അത് വായിച്ചു.

“മക്കളേ! നിനക്ക് എന്നോട് സ്നേഹമുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ എന്നെ സ്നേഹിക്കൂ. അത് പ്രകടിപ്പിക്കൂ. നീ സ്നേഹിക്കുന്നുവെന്ന് ഞാന്‍ അറിയട്ടെ. ഞാന്‍ പോയ ശേഷം കണ്ണീര്‍ വാര്‍ത്തിട്ടോ എന്റെപേരില്‍ ദാനധര്‍മ്മങ്ങള്‍ നടത്തിയിട്ടോ എന്തുകാര്യം?

നീ എന്നെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍, അത് എന്നെ അറിയിക്കൂ. ഞാന്‍ പോയതിനുശേഷം എനിക്കത് നിന്നില്‍ നിന്ന് കേള്‍ക്കാനാവില്ലല്ലോ.

നിന്റെ സ്നേഹം വാക്കുകളിലൂടെ, സ്പര്‍ശനത്തിലൂടെ കൊച്ചു സമ്മാനങ്ങളിലൂടെ എനിക്കനുഭവപ്പെടുത്തി തരൂ. ഞാനത് നിധിയായി സൂക്ഷിക്കട്ടെ.

അച്ഛനെ മറക്കരുത്. അദ്ദേഹം അമ്മയെ പോലെ തന്നെ നിന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷേ അതറിയിക്കാന്‍ അദ്ദേഹത്തിനറിയില്ല മോളേ.”

ആ കുറിപ്പ് വായിച്ച് മക്കള്‍ ഏങ്ങലടിച്ചു പോയി. പിന്നീട് ആ മക്കള്‍ അമ്മയുടെ ഈ കുറിപ്പ് പ്രസിദ്ധീകരണത്തിന് അയച്ചു. അങ്ങനെയാണ് ലോകം ഈ കത്ത് വായിച്ചത്.

ഈ കത്ത് നമുക്കും വഴികാട്ടിയാണ്. ഒട്ടും താമസിയാതെ നമ്മുടെ സ്നേഹം മാതാപിതാക്കളെ, ഭാര്യയെ, ഭര്‍ത്താവിനെ, മക്കളെ, കൂട്ടുകാരെ, ബന്ധുക്കളെ അറിയിക്കുക തന്നെ വേണം. ഒരു ചെറുചിരിയിലൂടെ, വാക്കിലൂടെ, സ്പര്‍ശനത്തിലൂടെ കൊച്ചു സമ്മാനത്തിലൂടെ അത് പ്രകടിപ്പിക്കൂ. അപ്പോള്‍ അവരുടെ തിളങ്ങുന്ന മിഴികള്‍ അവാച്യമായ ആനന്ദം നമുക്കു സമ്മാനിക്കുന്നത് അനുഭവിക്കാം. ഇന്നത്തെക്കാലത്ത് ഏതൊക്കെ വിധത്തില്‍ വേണ്ടപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നമുക്കു കഴിയും, അതെല്ലാം ഉപയോഗിക്കുക.

കടപ്പാട്: നാം മുന്നോട്ട്