ഒരു രംഗം.
സ്നേഹിക്കുന്ന പെണ്‍കുട്ടി കൂട്ടുകാരനോടു പറഞ്ഞു, “എന്നോടിഷ്ടമുണ്ടെങ്കില്‍ ഇനി സിഗററ്റ് വലിക്കരുത്.”
അവളുടെ സന്തോഷത്തിനായി അവന്‍ പുകവലി കഷ്ടപ്പെട്ട് ഉപേക്ഷിച്ചു.
മറ്റൊരു രംഗം. ആഫീസ്.
“എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത്?” സഹപ്രവര്‍ത്തകര്‍ തിരക്കി.
“ഞാന്‍ ഇന്ന് ഇത് ധരിക്കണമെന്ന് അവള്‍ക്കു നിര്‍ബ്ബന്ധം. അങ്ങനെയാകട്ടെ എന്നു ഞാനും കരുതി അവള്‍ക്കൊരു സന്തോഷമാകുമല്ലോ”
‘ഇതൊക്കെ ദൗര്‍ബ്ബല്യമല്ലേ?’ എന്നു ചിലര്‍ ചോദിച്ചേക്കാം. പക്ഷേ സ്നേഹത്തില്‍ അത് ദൗര്‍ബ്ബല്യമല്ല. സ്നേഹിക്കുന്ന വൃക്തിയോടുള്ള സ്നേഹം മൂലം വഴിപ്പെടുന്നതാണ് അത്. സ്നേഹത്തില്‍ യുക്തി വന്നാല്‍ അത് ആസ്വാദിക്കാനാവില്ല. സ്നേഹത്തില്‍ സ്നേഹം മാത്രമേയുള്ളൂ. അത് മാത്രമേ ഉണ്ടാകാവൂ.
ഇതേ സ്നേഹം ഇതേ ത്രീവ്രതയോടെ ഈശ്വരനോട് ഉണ്ടായാല്‍, നാം നമ്മുടെ ദുഃഖശീലങ്ങള്‍ ഉപേക്ഷിക്കുക തന്നെ ചെയ്യും. കാരണം, നമ്മെ അഗാധമായി സ്നേഹിക്കുന്ന ഈശ്വരന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കില്ല. ഇതുമൂലമാണ് ഈശ്വരപ്രേമം വികസിക്കുന്നവരില്‍ ദുര്‍ഗുണങ്ങള്‍ കുറയുന്നതും സത്ഗുണങ്ങള്‍ വികസിക്കുന്നതും നാം കാണുന്നത്. ഇത് ദൗര്‍ബ്ബല്യമല്ല. മറിച്ച് സ്നേഹിക്കുന്നവനോടുള്ള സ്നേഹത്തിന്റെ പ്രതികരണമാണ്. കുടുംബത്തില്‍ ഓരോരുത്തര്‍ക്കും സന്തോഷം ഉണ്ടാകത്തക്കവിധം വേണം നമ്മുടെ ജീവിതം. നാം ഈശ്വരനെ സ്നേഹിക്കുന്നുണ്ടോ എന്നുള്ളതിന്റെ തെളിവും ഇതുതന്നെ.
സ്നേഹം കൊണ്ട് വഴിപ്പെടുന്നതും സ്വാര്‍ത്ഥത കൊണ്ട് മെരുങ്ങുന്നതും രണ്ടും രണ്ടു തന്നെ. ആദ്യത്തേതില്‍ ധീരതയാണ് കാരണമെങ്കില്‍ രണ്ടാമത്തേത് ദുര്‍ബ്ബലതയും.
കടപ്പാട്: നാം മുന്നോട്ട്