മഹത്തായ സൈനികസേവനത്തിന് ജനറല്‍ ഗോര്‍ഡനെ ആദരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ചടങ്ങില്‍ വച്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ ഒരു വലിയ സ്വര്‍ണപതക്കവും പണക്കിഴിയും നല്കി.
അദ്ദേഹം ധനം നിരസിച്ചു. അത് പാവങ്ങള്‍ക്ക് കൊടുക്കാന്‍ അഭിപ്രായപ്പെട്ടു. തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ സ്വര്‍ണപതക്കം അദ്ദേഹം സ്വീകരിച്ചു. ജീവിതത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി അത് സൂക്ഷിക്കുകയും ചെയ്തു.
ജനറലിന്റെ മരണശേഷം ആ പതക്കം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിസ്മയകരമായ സത്യമാണ് അന്വേഷകര്‍ കണ്ടെത്തിയത്.
മഞ്ചസ്റ്ററിലുണ്ടായ കൊടുംക്ഷാമം കണ്ട് മനംനൊന്ത ജനറല്‍ സ്വര്‍ണപതക്കം അങ്ങോട്ടയച്ചുകൊടുത്തു. അത് ഉരുക്കി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അപേക്ഷിച്ചു. ഡയറിയില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു, “ഭൂമിയില്‍ ഞാന്‍ ഏറ്റവും വിലമതിച്ചിരുന്ന ഒരു നിധി ഞാന്‍ ദൈവത്തിനു നല്കിയിരിക്കുന്നു.”
സേവനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനോഭാവം ഇങ്ങനെയായിരിക്കണം. നാം ആരെ സേവിച്ചാലും അത് ഈശ്വരസേവയായി ഗണിക്കണം. നമ്മുടേതെന്ന് നമുക്ക് തോന്നുന്നതെല്ലാം സേവനത്തിനുള്ള മുടക്കു മുതലുകളാണ്.
കടപ്പാട്: നാം മുന്നോട്ട്