പുരാണേതിഹാസങ്ങളില്‍ രാമായണത്തിന് വളരെ സുപ്രധാനമായ പ്രാധാന്യമുണ്ട്. വാല്മീകിരാമായണം, വ്യാസരാമായണം, കമ്പരാമായണം, തുളസീദാസരാമായണം, ഹനൂമത്‌രാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം, പാതാളരാമായണം, ശതമുഖരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ പലതരത്തില്‍ രാമായണം പ്രചരിച്ചിരിക്കുന്നു. അതുപോലെ വളരെ പ്രധാനപ്പെട്ടതാണ് അഗസ്ത്യരാമായണവും.
താരകമാകുന്ന രാമമന്ത്രം ഉപദേശിക്കുന്ന താരകമന്ത്രാചാര്യനായ അഗസ്ത്യന് രാമതത്ത്വം വളരെ സ്പഷ്ടമായിരിക്കുമല്ലോ. രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
മറ്റു രാമായണങ്ങളില്‍ കാണാത്തതും അതിനാല്‍ സമാധാനമില്ലാതെ കിടക്കുന്നതുമായ പല സംശയങ്ങള്‍ക്കും അഗസ്ത്യരാമായണത്തില്‍ സമാധാനമുണ്ട്. ശ്രീരാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊന്നത് നന്നായോ, വാനരന്മാര്‍ മണ്ഡോദരിയെ അമര്യാദയാംവിധം ഉപദ്രവിച്ചത് നന്നായോ, വട്ടത്തില്‍ നില്‍ക്കുന്ന സപ്തസാലങ്ങളെ ശ്രീരാമന്‍ ഒരമ്പുകൊണ്ടു ഖണ്ഡിച്ചതെങ്ങനെ, കൈകേയിക്ക് കീലത്തില്‍ കൈകടത്തി രഥത്തെ കേടുകൂടാതെ രക്ഷിക്കാന്‍ സാധിച്ചതെങ്ങനെ, എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് സമാധാനം കിട്ടുവാന്‍ അഗസ്ത്യരാമായണം ഒന്നു വായിച്ചേ മതിയാകൂ.
അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്.
രാമരാവണയുദ്ധം ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്നതും ഓരോരുത്തരിലും നടന്നുകൊണ്ടിരിക്കുന്നതും ആകുന്നു. ശ്രീരാമായണകഥ ഇതിന്റെ വ്യാഖ്യാനം മാത്രമാണ്.
എണ്‍പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ചടിക്കപ്പെട്ട ഈ മലയാളഗ്രന്ഥത്തിന്റെ കോപ്പിയില്‍ നിന്ന് വളരെയേറെ ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇത് കുറെയേറെ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും. അഗസ്ത്യരാമായണത്തിന്റെ മലയാള പരിഭാഷകനായ ശ്രീ രാമന്‍ മേനോനും പ്രസാധകര്‍ക്കും നന്ദി അര്‍പ്പിക്കുന്നു.
ശ്രീഅഗസ്ത്യഗുരുവിന് പ്രണാമം.
അഗസ്ത്യരാമായണം PDF ഡൌണ്‍ലോഡ് ചെയ്യൂ. (322 പേജുകള്‍, 106 MB)