സജി ശ്രേയസ്
ഇത് ചാതുര്‍മാസ്യപുണ്യകാലം.ഗുരുപൂര്‍ണ്ണിമ മുതല്‍ ആരംഭിക്കുന്ന ഈ പുണ്യകാലത്തില്‍ നമ്മുടെ പരമലക്ഷ്യത്തിലേക്കുള്ള ചില സാധനകള്‍ക്ക് തുടക്കം കുറിക്കുന്നത് നന്നായിരിക്കും. സാധനകള്‍ മനസ്സിനെ നിര്‍മ്മലമാക്കാന്‍ സഹായിക്കുന്നു. സാധനയുടെ പുരോഗമനത്തിനായി സ്വാപഗ്രഥനം(Self analysis) ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് സ്വയം തെറ്റുകളെ തിരുത്തുവാനും ചെയ്യപ്പെടുന്ന തെറ്റുകള്‍ക്കു ശിക്ഷ നിശ്ചയിച്ച് വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുവാനും സഹായിക്കുന്നു. അങ്ങനെ പൂര്‍ണതയിലേക്കെത്തുന്നതിന് ഉപകാരപ്രദമായ ഒരു ആദ്ധ്യാത്മികഡയറി സൂക്ഷിക്കുന്നത് ഉപയോഗപ്രദമായിരിക്കും. ഈ ആശയം തന്റെ Essence of Yoga (PDF) എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചത് ബ്രഹ്മശ്രീ ശിവാനന്ദ സരസ്വതി മഹാരാജാണ് (ശിവാനന്ദാശ്രമം, ഋഷികേശ്). ഇതിനു ഉപയോഗപ്രദമായ ഒരു ചെക്ക്‌ലിസ്റ്റ് സ്പ്രെഡ്‍ഷീറ്റ് ഫോര്‍മാറ്റില്‍ മലയാളത്തില്‍ ഇവിടെ സമര്‍പ്പിക്കുന്നു. Essence of Yoga-യുടെ Spiritual Sadhana എന്ന അഞ്ചാമത്തെ അദ്ധ്യായത്തില്‍ ഓരോന്നിനെ ക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. മലയാളം ആധ്യാത്മിക ഡയറി ഡൌണ്‍ലോഡ് (XLS).
ഒരു തോട്ടക്കാരന്‍ താന്‍ നട്ടുവളര്‍ത്തുന്ന തൈച്ചെടിയെ കളകളില്‍ നിന്ന് രക്ഷിച്ചു ജലവും വളവും നല്‍കി പരിപാലിക്കുന്നപോലെ സാധകന്‍ തന്റെ സാധനയാകുന്ന തൈച്ചെടിയെ തെറ്റുകളും ദുഃസ്വഭാവങ്ങളുമാകുന്ന കളകളെ പറിച്ചുമാറ്റി സല്‍സ്വഭാവവും അനുഷ്ഠാനവും കൊണ്ട് പോഷിപ്പിച്ചു നിത്യാനന്ദമാകുന്ന ഫലത്തെ പ്രാപിക്കണം. ഓരോ ദിവസത്തിന്റെയും അവസാനം ഒരു പുനഃപരിശോധന ചെയ്ത് തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുകയും അവ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. അഹങ്കാരം, കാമം, കോപം, മത്സരം, ദുഃസ്വഭാവങ്ങള്‍ മുതലായവയെ സത്സംഗം, പ്രാണായാമം, ദാനം, ആഹാരനിഷ്ഠ, ശാസ്ത്രപഠനം എന്നിവകൊണ്ട് പരിഹരിക്കണം. മനസ്സിനു യാതൊരു വിട്ടുവീഴ്ചയും ചെയ്തുകൊടുക്കാതെ, അണുപോലും തന്റെ നിഷ്ഠയില്‍ നിന്ന് ചലിക്കാതെ സ്ഥൈര്യത്തോടുകൂടി പ്രവര്‍ത്തിച്ച് വിജയത്തിലെത്തണം. ഏറ്റവും പറ്റിയ പരിതസ്ഥിതികളില്‍പ്പോലും ദുശ്ചിന്തയോ ദുര്‍വ്യാപാരമോ ഒരു വ്യക്തിയില്‍ ഉദിക്കുന്നില്ലെങ്കില്‍ അയാളുടെ ദുര്‍വാസനകള്‍ വറുത്തവിത്തുകള്‍പോലെ മുളയ്ക്കാതെ തുടച്ചുമാറ്റപ്പെട്ടതായിക്കരുതാം.
ആധ്യാത്മിക ഡയറി ഒരാചാര്യനെപ്പോലെ നമ്മെ നല്ലമാര്‍ഗത്തിലൂടെ നയിക്കുന്നതാണ്. ഒരു സുഹൃത്തിനെപ്പോലെ നമ്മെ സഹായിക്കുന്നതാണ്. സത്യവും മനസ്സാക്ഷിയും അനുസരിച്ചുളള ഒരു ഡയറി നമ്മുടെ അഭ്യാസത്തിന്റെ പൊന്‍വിളക്കാകുന്നു. ഡയറിയില്‍ നിന്ന് ഓരോ ദിവസവും, ഓരോ ആഴ്ചയും, ഓരോ മാസവും നാം പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി നമുക്കുകാണാന്‍ കഴിയും. കുറവുകളും കുറ്റങ്ങളും മടികൂടാതെ ഡയറിയില്‍ രേഖപ്പെടുത്തി അവയെ യഥാവിധി കൃത്യസമയങ്ങളില്‍ പരിഹരിക്കുന്നതുകൊണ്ടുമാത്രമേ ഈ പുരോഗതി ഉണ്ടാവുകയുള്ളു.
ഇവിടെ ഒരു സാധനാ ഡയറിയുടെ മാതൃക അവതരിപ്പിക്കുന്നു.ഇതില്‍ ആവശ്യമോ യുക്തമോ ആയ ഭേദഗതികള്‍ ഇതിനോട് ചേര്‍ത്തും ഉപയോഗിക്കാം.