നമോ ഭഗവതേ തുഭ്യം വാസുദേവായ ധീമഹി
പ്രദ്യുമ്നായാനിരുദ്ധായ നമഃ സങ്കര്‍ഷണായ ച (1-5-37)

ദിവ്യര്‍ഷിയായ നാരദന്‍ പറഞ്ഞു:

അല്ലയോ വ്യാസാ, താങ്കള്‍ ആ ഭഗവല്‍കൃപയുടെ ഒരു കാരണമത്രേ. തപശ്ചര്യകളിലൂടെയും യോഗാഭ്യാസങ്ങളിലൂടെയും അങ്ങ്‌ ആത്മവിദ്യയുടെയും വേദപുരാണങ്ങളുടെയും ഉളളറിഞ്ഞവനാണല്ലോ. മനുഷ്യനായിപ്പിറന്നവന്‍ അനുഷ്ഠിക്കേണ്ടുന്ന ധര്‍മ്മമാര്‍ഗ്ഗങ്ങളെപ്പറ്റി അങ്ങ്‌ വിശദമായി എഴുതിയിട്ടുമുണ്ട്‌. എങ്കിലും അപക്വമതികളായ സാധകര്‍ ഈ കര്‍മ്മ-ധര്‍മ്മ മാര്‍ഗ്ഗങ്ങളെ തല്‍കാര്യസമ്പാദനത്തിനായും സ്വാര്‍ത്ഥാഭിമാനവര്‍ദ്ധനവിനായും ഉപയോഗിച്ചേക്ക‍ാം. അഹങ്കാരപ്രവണതയ്ക്ക്‌ ആത്മീയപരിവേഷം നല്‍കാന്‍ ഈ ധര്‍മ്മാനുഷ്ടാനങ്ങളെ അവര്‍ ഉപയോഗിച്ചുവെന്നും വര‍ാം. വളരെക്കുറച്ചു സുകൃതികള്‍ മാത്രമേ കര്‍മ്മങ്ങളുടെയും വേദപുരാണസംഹിതാനുസാരിയായ മാര്‍ഗ്ഗങ്ങളുടെയുമപ്പുറത്ത്‌ ഭഗവല്‍ഭക്തിയിലൂടെ മാത്രമേ ശാശ്വതമായ മോക്ഷം ലഭിക്കൂ എന്ന സത്യം മനസിലാക്കി വര്‍ത്തിക്കുകയുളളു.

അല്ലയോ ഋഷിപുംഗവാ, ഏതൊരു കൃതിയാണോ ഭഗവാനെ വിഷയമാക്കി അവിടത്തെ കഥകള്‍ വിവരിച്ചു തരുന്നത്, അതു മാത്രമേ എണ്ണപ്പെടുന്നുതായുളളു. മറ്റെല്ല‍ാം വ്യര്‍ത്ഥ രചനകളത്രേ. ഉളളടക്കത്തിലും വസ്തുവിലും വിഷയത്തിലും ഭഗവാന്‍ നിറഞ്ഞിരിക്കുന്നുവയത്രേ ശാശ്വതമാവുന്ന കൃതികള്‍. ഏതൊരുവന്‍ ഭഗവല്‍പാദങ്ങളില്‍ ഭക്തി വിശ്വാസമുളളവനാണോ, ഏതൊരുവന്‍ ഭൗതികനേട്ടങ്ങളില്‍ ശ്രദ്ധയറ്റവനാണോ, അവന്റെ ആത്മീയപാതയില്‍ തടസ്സങ്ങള്‍ ഉണ്ടായാലും ലക്ഷ്യപ്രാപ്തിക്കു മുന്‍പ്‌ അവന്‍ മരിച്ചു പോയാലും, അവന്റെമേല്‍ പാപത്തിന്റെ ശങ്കപോലുമുണ്ടാകുന്നുതല്ല. എന്നാല്‍ ‘ലോകത്തിലെ എന്റെ കടമകള്‍ ഞാന്‍ ചെയ്യുന്നു’ എന്നനാട്യത്തില്‍ ഭഗവാനെ ആശ്രയിക്കാതെ ജീവിക്കുന്നു ഒരുവന്‍ തന്റെ ജീവിതംകൊണ്ട്‌ യാതൊന്നുമേ നേടുന്നില്ല. ഭഗവല്‍ദാസന്‌ ജനിമരണചക്രത്തിലേക്ക്‌ മടങ്ങിവരേണ്ടതില്ല തന്നെ.

മഹര്‍ഷേ, എന്റെ കഴിഞ്ഞ ജന്മത്തിലെ കഥ കേട്ടാലും. ഞാന്‍ ബ്രാഹ്മണരുടെ വേലക്കാരിയുടെ പുത്രനായിട്ടാണ് ജനിച്ചത്. ഞാനും ബ്രാഹ്മണരെ പരിചരിക്കാറുണ്ടായിരുന്നു. അങ്ങിനെ അവരെന്നില്‍ ദയവുളളവരായിത്തീര്‍ന്നു. ഒരിക്കല്‍ ഞാനവരുടെ ഉച്ചിഷ്ഠം ഭുജിക്കുകയും ചെയ്തു. ഇതെല്ല‍ാം എന്റെ മനസിനെ ശുദ്ധീകരിക്കുവാന്‍ ഉപകരിച്ചു. അവരുടെ കാല്‍ക്കീഴില്‍നിന്നു്‌ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ആത്മചോരണശക്തിയുളള ലീലാവിലാസകഥകള്‍ ഞാന്‍കേട്ടു. എന്റെഹൃദയം ഭഗവാനുവേണ്ടി അത്യധികം ആഗ്രഹിച്ചു. സ്വര്‍ഗ്ഗമുള്‍പ്പടെയുളള ഈ ലോകമെല്ല‍ാം മായയാണെന്നും എന്റെതന്നെ അജ്ഞതയുടെ ഫലമാണെന്നും താമസംവിനാ എനിക്കുമനസിലായി. തുടര്‍ച്ചയായുളള ഭഗവല്‍കഥാശ്രവണം എന്റെ ആഗ്രഹങ്ങളെയും അജ്ഞതയേയും അകറ്റി. ആ മഹാമുനികള്‍ പോകാന്‍ നേരത്ത്‌ അവര്‍ തപഃശക്തികൊണ്ടും ദീര്‍ഘകാല ധ്യാനംകൊണ്ടും നേടിയ വിദ്യാസമ്പത്ത്‌ – ഭഗവാനില്‍ നിന്നു നേരിട്ടു ലഭിച്ച ആത്മവിദ്യ – എനിക്ക് പറഞ്ഞുതന്നു. ഭഗവാന്‍ വാസുദേവന്റെ മഹിമയെ അങ്ങിനെയാണ് ഞാന്‍ സാക്ഷാത്കരിച്ചത്.

അല്ലയോ വ്യാസ, സാധാരണകര്‍മ്മങ്ങള്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമ്പോള്‍, ഏതൊരു കര്‍മ്മമാണോ ഭഗവല്‍പ്രേമം ലക്ഷ്യമാക്കിച്ചെയ്യുന്നത്, അത്‌ നമ്മെ മോക്ഷത്തിലേയ്ക്കു നയിക്കുന്നു. അതുകൊണ്ട്‌ ഒരുവന്‍ മനസാ ഭഗവാനെ നമസ്കരിച്ചുകൊണ്ട്‌ ‘ഓം നമോ ഭഗവതേ വാസുദേവായ. അങ്ങയെ ഞാന്‍ ധ്യാനിക്കുന്നു. നമോ പ്രദ്യുമ്നായ. നമോ അനിരുദ്ധായ. നമോ സങ്കര്‍ഷണായ’ എന്ന മന്ത്രംജപിക്കണം. ഈ മന്ത്രം ഭഗവല്‍ശരീരമത്രെ. ഈമന്ത്രം ജപിച്ച്‌ അതിന്റെ പൊരുളറിഞ്ഞ് ജോലിയും പൂജയും ചെയ്യുന്നുവനത്രേ യഥാര്‍ത്ഥ മനുഷ്യന്‍. അവന്‍ എല്ലായ്പ്പോഴും ഭഗവല്‍സ്മരണയിലാണ്ടിരിക്കുന്നു. ഭഗവല്‍കഥകളും മാഹാത്മ്യങ്ങളും പാടി താങ്കളുടെ ഹൃദയത്തില്‍ ശാന്തിയും പരമാനന്ദവും നിറയ്ക്കൂ. താങ്കളുടെ ഹൃദയാകുലതയ്ക്കുകാരണം ഈ ശാന്തിയെ കണ്ടെത്താത്തത്താണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF