ശ്രീ വാല്മീകി മഹര്‍ഷിയാല്‍ വിരചിതമായ യോഗവാസിഷ്ഠം മുപ്പത്തിരണ്ടായിരം ശ്ലോകങ്ങള്‍ ഉള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ ഗ്രന്ഥങ്ങളില്‍ ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി എണ്‍പത്തേഴു ശ്ലോകങ്ങള്‍ മാത്രമേ കാണുകയുള്ളൂ. അതിവിപുലമായ ഈ ഗ്രന്ഥത്തെ ജിജ്ഞാസുക്കളുടെ അദ്വൈതാമൃത പിപാസാനിവൃത്തിക്കായി സംക്ഷിപ്തമായി പ്രസിദ്ധീകരിക്കുവാന്‍ പല പണ്ഡിത ശ്രേഷ്ഠന്മാരും പരിശ്രമിച്ചിട്ടുണ്ട്. അവയില്‍ ശ്രീമദ് അഭിനന്ദന്‍ എന്ന കാശ്മീര്‍ പണ്ഡിതന്റെ ആറായിരം ശ്ലോകങ്ങള്‍ അടങ്ങിയ ലഘുയോഗവാസിഷ്ഠമാണ് ഇന്ന് പ്രധാനമായി പ്രചാരത്തിലുള്ളത് .
ഈ ആറായിരം ശ്ലോകങ്ങളെയും ചുരുക്കി വളരെ സംഷിപ്തരൂപത്തില്‍ വാസിഷ്ഠത്തിന്റെ സാരസര്‍വ്വസ്വത്തെ പ്രകാശിപ്പിക്കുവാനായി വീണ്ടും ശ്രമം നടന്നിട്ടുണ്ട്. ഇവയില്‍ ഏറ്റവും സംക്ഷിപ്തമായി കാണുന്നുന്നത് രണ്ടു കയ്യെഴുത്തു പ്രതികളാണ്. അവയില്‍ ഒന്ന് ഇന്ത്യാഓഫീസ് ലൈബ്രറി (ഇപ്പോഴത്തെ നാഷണല്‍ ലൈബ്രറി)യിലും ലണ്ടനില്‍ ബോഡ്ലിയന്‍ ലൈബ്രറിയിലും സൂക്ഷിച്ചിട്ടുണ്ടത്രെ. ഇവയിലൊന്നിന്റെ പകര്‍പ്പിന്റെ വ്യാഖ്യാനമാണ് ഈ പുസ്തകം. ഇതു നിര്‍വ്വഹിച്ചിരിക്കുന്നത് പാലക്കാട് വിജ്ഞാനരമണീയാശ്രമത്തിലെ സ്വാമി സുരേശാനന്ദയാണ് .
മുപ്പത്തീരായിരം ശ്ലോകങ്ങള്‍ അടങ്ങിയ ഒരു വമ്പിച്ച സാഗരത്തെ ഇത്രയും സങ്കുചിതമായ ഒരു ചെറുരൂപമാക്കിതീര്‍ത്തതു ഒരു മഹത്കൃത്യമാണോ എന്ന് സ്വാമി സുരേശാനന്ദ പുസ്തകത്തിന്റെ അവതാരികയില്‍ സംശയം പ്രകാശിക്കുകയും അതിന് അദ്ദേഹം തന്നെ സമാധാനം കണ്ടെത്തുകയും ചെയ്യുന്നത് ഇങ്ങനെയാണ് “ആ കൂപത്തില്‍ സാധാരണ ജലമല്ല, അതില്‍ നിറച്ചിരിക്കുന്നതു അമൃത ജലമാണ്. ഒരു ജലകണം സേവിച്ചാല്‍ അമൃതതത്വമാണ് ഫലം.”
യോഗവാസിഷ്ഠത്തെക്കുറിച്ച് ഭഗവാന്‍ രമണമഹര്‍ഷി പറയുന്നു: “ജ്ഞാന സമ്പാദനത്തിനു ഗ്രന്ഥങ്ങളാവശ്യമുണ്ടെങ്കില്‍ വാസിഷ്ഠമൊന്നു പോരേ!”
സ്വാമി രാമതീര്‍ത്ഥന്‍ പറയുന്നു: “യോഗവാസിഷ്ഠം ഭാരതഭൂമിയുടെ ഒരു സാര്‍വ്വോത്തമഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഭൂമണ്ഡലത്തിലുള്ള എല്ലാഗ്രന്ഥങ്ങളെയും അതിശയിക്കുന്നു. ഇതു വായിക്കുമ്പോള്‍ നാം ബ്രഹ്മാനന്ദത്തില്‍ ലയിക്കുന്നു.”
സുപ്രസിദ്ധ പണ്ഡിതനായ ഡോക്ടര്‍ ഭഗവന്‍ ദാസ് പറയുന്നു: “യോഗവാസിഷ്ഠം സിദ്ധാവസ്ഥയിലുള്ള ഗ്രന്ഥമാണ്, ഭഗവദ്ഗീതയും ബ്രഹ്മസൂത്രവും സാധനാവസ്ഥയിലുള്ള ഗ്രന്ഥമാണ്. ഈ ഗ്രന്ഥം നമ്മെ ബ്രഹ്മാനന്ദത്തില്‍ നിമഗ്നരാക്കുന്നു.”