ശ്രീ നാരായണ ഗുരുവിന്റെ അനുഭൂതിദശകം എന്ന കൃതിയ്ക്ക് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനം തയ്യാറാക്കി ശ്രീനാരായണ പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഈ ഗ്രന്ഥം.

“ഇന്ദ്രിയങ്ങള്‍ ബോധത്തിന്റെ ജഡോപകരണങ്ങള്‍ മാത്രമാണ്. ഒരിന്ദ്രിയത്തിന് ഒരു വിഷയമല്ലാതെ ഗ്രഹിക്കാന്‍ പറ്റുന്നില്ല. ആ ഇന്ദ്രിയമില്ലെങ്കില്‍ ആ വിഷയവും അതോടെ ഇല്ലാതാകും. കണ്ണിനു രൂപം മാത്രമേ ഗ്രഹിക്കാന്‍ പറ്റൂ. അതുപോലെ ചെവിക്ക് ശബ്ദവും ത്വക്കിന് സ്പര്‍ശവും മാത്രമേ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ഉപകരണങ്ങള്‍ ഇല്ലാതായാല്‍ വിഷയങ്ങളും ഇല്ലാതാക്കുന്നതുകൊണ്ട് വിഷയങ്ങള്‍ ഏതോ ശുദ്ധവസ്തുവില്‍ ഉപകരണങ്ങളാകുന്ന കാഴ്ചകള്‍ മാത്രമാണെന്നു തെളിയുന്നു.

പച്ചനിറമുള്ള ഒരു കണ്ണാടിയില്‍ക്കൂടി പുറത്തേക്കു നോക്കിയാല്‍ പ്രപഞ്ചമാകെ പച്ച നിറമുള്ളതായി കാണപ്പെടും. പ്രപഞ്ചം വാസ്തവത്തില്‍ പച്ചയായതുകൊണ്ടല്ലല്ലോ അങ്ങനെ കാണപ്പെടുന്നത്. ആ പച്ചനിറം ഉപകരണം തല്ക്കാലത്തേയ്ക്കുണ്ടാക്കുന്ന വെറും കാഴ്ച മാത്രമാണ്. ഇങ്ങനെ പരിശോധിച്ചാല്‍ രൂപസ്പര്‍ശാദി വിഷയാനുഭവങ്ങള്‍ ഏതോ ശുദ്ധവസ്തുവില്‍ കണ്ണ്, തൊലി മുതലായ ഉപകരണങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന താല്ക്കാലികാനുഭവങ്ങള്‍ മാത്രമാണെന്ന് കാണാന്‍ കഴിയും. ഏതു ശുദ്ധവസ്തുവാണ് ഉപകരണങ്ങളിലൂടെ ഇങ്ങനെ വിഷയരൂപം കൈക്കൊണ്ടതുപോലെ കാണപ്പെടുന്നത് എന്ന് കണ്ടുപിടിക്കുന്നതാണ് സത്യസാക്ഷാത്കാരം.”

അനുഭൂതിദശകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ