ന്യസ്തക്രീഡനകോ ബാലോ ജഡവത്തന്മസ്തയാ
കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം (7-4-37)
ആസീനഃ പര്യടന്നശ്നന്‍ ശയാനഃ പ്രപിബന്‍ ബ്രുവന്‍
നാനുസന്ധത്ത ഏതാനി ഗോവിന്ദപരിരംഭിതഃ (7-4-38)
ക്വചിദ്രുദതി വൈകുണ്ഠചിന്താശബളചേതനഃ
ക്വചിഢസതി തച്ചിന്താഹ്ലാദ ഉദ്ഗായതി ക്വചിത് (7-4-39)
നദതി ക്വചിദുത്കണ്ഠോ വിലജ്ജോ നൃത്യതി ക്വചിത്
ക്വചിത്തദ്ഭാവനായുക്തസ്തന്മയോ ഽനുചകാര ഹ (7-4-40)
ക്വചിദുത്പുളകസ്തൂഷ്ണീമാസ്തേ സംസ്പര്‍ശനിര്‍വൃതഃ
അസ്പഢപ്രണയാനന്ദസലിലാമീലിതേക്ഷണഃ (7-4-41)
നാരദമുനി തുടര്‍ന്നു:
ഏറെ ബുദ്ധിമുട്ടുളളതായിരുന്നുവെങ്കിലും ഹിരണ്യകശിപു ആവശ്യപ്പെട്ട വരങ്ങളെല്ലാം ബ്രഹ്മദേവന്‍ നല്‍കി. അങ്ങനെ ദേവന്മാരും, സ്വര്‍ഗ്ഗവാസികളും മനുഷ്യരുമടക്കം എല്ലാവരും ഹിരണ്യകശിപുവിന്റെ നിയന്ത്രണത്തിന്‍കീഴിലായി. ശാസ്ത്രവിധിപ്രകാരമുളള എല്ലാ ധര്‍മ്മകര്‍മ്മങ്ങളും അയാള്‍ നിരോധിച്ചു. സ്വയം ഇന്ദ്രപദവി നേടിയെടുത്ത് ദേവന്മാരുടേയും മുനിമാരുടേയും ബഹുമാനം പിടിച്ചുവാങ്ങിച്ചു. ഹിരണ്യകശിപുവിന്റെ തപഃശക്തിയാല്‍ ഭൂമിയും സ്വര്‍ഗ്ഗവും അവന്റെ ആജ്ഞയനുസരിച്ച് തങ്ങളുടെ നിധികളെല്ലാം ചൊരിഞ്ഞുകൊടുത്തു. അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് സ്വന്തം മനസ്സിനേയും ഇന്ദ്രിയങ്ങളേയും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ സന്തുഷ്ടനോ സംതൃപ്തനോ ആയിരുന്നില്ല. വിശ്വപാലകര്‍ ഭഗവാന്‍ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളില്‍ തങ്ങളുടെ സങ്കടമുണര്‍ത്തിച്ചു. അശരീരിപോലെ ഇടിമുഴക്കം പോലെ ഇങ്ങനെയൊരുറപ്പ് ആകാശത്തില്‍ ഇരമ്പി. “നമുക്കതറിയാം. എപ്പോള്‍ ഈ രാക്ഷസന്‍ മാമുനിമാരെ അടിച്ചമര്‍ത്തുന്നുവോ, മിണ്ടാപ്രാണികളേയും ധര്‍മ്മത്തേയും ദ്രോഹിക്കുന്നുവോ, സ്വന്തം പുത്രനും പുണ്യാത്മാവുമായ പ്രഹ്ലാദനെതിരെ പ്രവര്‍ത്തിക്കുന്നുവോ, അപ്പോള്‍ നാമവനെ നിഗ്രഹിക്കുന്നതാണ്. അതുവരെ ക്ഷമയോടെ അവനെ സഹിക്കുക.”
ഹിരണ്യകശിപുവിന് നാലു പുത്രന്മാരുണ്ടായിരുന്നു. രാക്ഷസനുണ്ടായതാണെങ്കിലും മൂത്തമകന്‍ പ്രഹ്ലാദന്‍ യാതൊരുവിധ അസുരസ്വഭാവങ്ങളും ഇല്ലാത്തവനായിരുന്നു. മുതിര്‍ന്നവരെ അവന്‍ ഈശ്വരതുല്യം ആദരിച്ചു. തനിക്കൊപ്പമുളളവരെ അവന്‍ സ്വസഹോദരന്മാരെപ്പോലെ കരുതി. സന്തുലിതമായ മനസും ഇന്ദ്രിയസംയമനവും കാരണം ദേവന്മാര്‍ പോലും അവനെ അഭിനന്ദിക്കുകയും അവന്റെ പാത അനുകരിക്കുകയും ചെയ്തു. ചെറിയ കുട്ടിയായിരിക്കമ്പോള്‍പ്പോലും കുട്ടിക്കളി അവനുണ്ടായിരുന്നില്ല. ഹൃദയം മുഴുവന്‍ കൃഷ്ണനില്‍ ആകൃഷ്ടമായിരുന്നു. മറ്റുളളവര്‍ കണ്ടതുപോലെയല്ല അവന്‍ ലോകത്തെ കണ്ടത്. എന്തെല്ലാം ചെയ്യുമ്പോഴും (ഇരിക്കുക, നടക്കുക, ഭക്ഷിക്കുക, കുടിക്കുക, സംസാരിക്കുക എന്നിങ്ങനെ എന്തും) അവന്റെയുള്ളില്‍ കൃഷ്ണാവബോധം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ഭഗവദ്‍മഹിമകളെ ധ്യാനിച്ചും ഭഗവാനെ നിനച്ചും ചിലപ്പോള്‍ അവന്‍ കരഞ്ഞു, ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു. ചിലപ്പോള്‍ ഒച്ചവച്ചും മറ്റു ചിലപ്പോള്‍ നാണമേതും കൂടാതെ നൃത്തം ചെയ്തും അവന്‍ ഭഗവദ്‍മഹിമയെ കൊണ്ടാടി. ചിലപ്പോള്‍ സ്വന്തം വ്യക്തിത്വം പാടെ മറന്ന് സ്വയം ഭഗവാനാണെന്ന മട്ടില്‍ പ്രഹ്ലാദന്‍ പെരുമാറി. അങ്ങനെയുളള പരമഭക്തി കാരണം അവന് ഭഗവദ്ഭക്തന്മാരുമായി സത്സംഗത്തിനവസരവും ഉണ്ടായി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF