തസ്മാദ്ഭവദ്ഭിഃ കര്‍ത്തവ്യം കര്‍മ്മണാം ത്രിഗുണാത്മനാം
ബീജനിര്‍ഹരണം യോഗഃ പ്രവാഹോപരമോ ധിയഃ (7-7-28)
തത്രോപായസഹസ്രാണാമയം ഭഗവതോദിതഃ
യദീശ്വരേ ഭഗവതി യഥാ യൈരഞ്ജസാ രതിഃ (7-7-29)
നാരദമുനിയുമായി എങ്ങനെയാണ് സത്സംഗം സാദ്ധ്യമായതെന്നു കൂട്ടുകാര്‍ ചോദിച്ചതിനു മറുപടിയായി പ്രഹ്ലാദന്‍ പറഞ്ഞുഃ
ഞങ്ങളുടെ അച്ഛന്‍ തപസ്സിനായി വനത്തില്‍ പോയിരുന്നപ്പോള്‍ ഇന്ദ്രന്‍ നമ്മുടെ സാമ്രാജ്യം കയ്യേറി. രാക്ഷസന്മാരെയെല്ലാം തുരത്തിയോടിച്ചു. ദേവന്മാര്‍ കൊട്ടാരമെല്ലാം കൊളളയടിച്ചു, എന്റെ അമ്മയായ മഹാരാജ്ഞിയെ ഇന്ദ്രന്‍ പിടിച്ചുവച്ചു. എന്നാല്‍ നാരദന്‍ ഇടപെട്ട് അമ്മയുടേയും അമ്മയുടെ വയറ്റിലുണ്ടായിരുന്ന എന്റേയും സുരക്ഷ ഏറ്റെടുത്തു. ഉദരത്തിലുളള കുഞ്ഞു് ഭഗവദ്‍ഭക്തനാണെന്നു് നാരദന്‍ ഇന്ദ്രനുറപ്പും കൊടുത്തു. അമ്മയ്ക്ക് സമാധാനമേകാനായി നാരദന്‍ വിജ്ഞാനവും വിവേകവും വഴിയുന്ന കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. അമ്മ ഇപ്പോള്‍ അതെല്ലാം മറന്നിരിക്കുന്നു. നാരദമുനിയുടെ കൃപയാല്‍ എനിക്ക് എല്ലാം ഓര്‍മ്മയുണ്ട്.
ഈ ശരീരത്തിനു മാത്രമേ ജനനം, നിലനില്‍പ്പ്, വളര്‍ച്ച, പക്വത, ക്ഷീണം, മരണം എന്നിവ ബാധകമായുളളു. ഇവയെല്ലാം കാലം കടന്നു പോകുന്നതിന്റെ ലക്ഷണവുമാണ്. എന്നാല്‍ ആത്മാവ് അനശ്വരവും, ക്ഷീണമേല്‍ക്കാത്തതും, നിര്‍മ്മലവും, പകരത്തിന് മറ്റൊന്നുമില്ലാത്തതും, ശുദ്ധബോധവും, എല്ലാത്തിനും അടിസ്ഥാനവും, മാറ്റമില്ലാത്തതും, സ്വയം ഗോചരകാരണവും (സ്വയാവബോധം വസ്തുബോധമല്ല) സര്‍വ്വവ്യാപിയും സ്വതന്ത്രവും, ആവരണങ്ങളിലാത്തതുമത്രേ. ഈ പന്ത്രണ്ട് സവിശേഷതകള്‍ കൊണ്ട് വിവേകിയായ മനുഷ്യന്‍ ആത്മാവിനെ തിരിച്ചറിയണം. അതിസൂക്ഷ്മമായ അന്വേഷണപ്രക്രിയകൊണ്ട് ഇതല്ല, ഇതല്ല എന്ന പ്രമാണസൂത്രമുപയോഗിച്ച് അന്വേഷകന്‍ ഈ ശരീരത്തില്‍ ജീവിക്കുമ്പോള്‍ത്തന്നെ ആത്മാവിനെക്കുറിച്ചുളള പരമസത്യത്തില്‍ എത്തിച്ചേരണം. മാനസികാവസ്ഥകളും തല്‍ഫലമായ കര്‍മ്മങ്ങളും പ്രവര്‍ത്തനങ്ങളും ജനനമരണചക്രത്തെ മുന്നോട്ടു കറക്കുന്നത് പ്രകൃതിഗുണങ്ങളുടെ ലീലയാലാണെന്നു് അവന്‍ മനസിലാക്കണം. അവകളൊന്നും ആത്മാവിനെ ലവലേശം ബാധിക്കുന്നതുമല്ല.
“നിങ്ങള്‍ക്കു ചെയ്യുവാനുളളത് ഇത്രമാത്രം. കര്‍മ്മഫലത്തിന്റെ വിത്തുകള്‍ പാടെ എരിച്ചുകളയുക. ആയത് ത്രിഗുണപ്രകൃതിയാലാണല്ലോ. ബുദ്ധിയുടെ മേഖലയ്ക്കപ്പുറം കടന്നുചെല്ലുക. ഇതാണ് യോഗം. ആയിരക്കണക്കിനു യോഗാഭ്യാസങ്ങളുളളതില്‍ ഭഗവാന്‍ സ്വയം പ്രഖ്യാപിച്ചിട്ടുളളത് ഇതാണ്. ഏതൊരു മാര്‍ഗ്ഗമാണോ ഭഗവദ്‍ഭക്തിയും പരമപ്രേമവും ഉണ്ടാക്കുന്നത്, അതുതന്നെ ഉത്തമയോഗം. ഗുരുപൂജയും സേവനവും ഭക്തസത്സംഗം, ഭഗവല്‍പൂജ, മഹിമാകീര്‍ത്തനം, മൂര്‍ത്തീപൂജ, തുടങ്ങിയവയാലും സകലജീവജാല ഹൃദയങ്ങളിലും ഭഗവാനെ ദര്‍ശിച്ച് പ്രേമപൂര്‍വ്വം സേവനം ചെയ്യലും ഇതില്‍ പെടുന്നു.
ഈ പ്രേമത്തിന്റെ പരമകാഷ്ഠയില്‍ ഒരുവന്‍ ഭഗവല്‍പാദം പൂകുന്നു. ഭഗവല്‍പ്രേമത്തിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്: ഭഗവല്‍നാമശ്രവണമാത്രയില്‍ ഭക്തന്‍ ഉറക്കെ പാടുന്നു. ആഹ്ലാദഭരിതനായി അവന്‍ ധ്യാനാവസ്ഥയില്‍ മുഴുകുന്നു. തികച്ചും സംതൃപ്തനായി ആശാരഹിതനായി ചിരിക്കുകയും, കരയുകയും ദീര്‍ഘനിശ്വാസം വിടുകയും ചെയ്യുന്നു. ഇത് ബ്രഹ്മനിര്‍വ്വാണാനുഭൂതിയാണ്. ആര്‍ക്കും ഈ അവസ്ഥ കൈവരിക്കാം. ഭഗവാന്‍ ഒരുവന്റെ ജാതി, കുലം, ലിംഗം, തൊഴില്‍ , വിദ്യാഭ്യാസം, വേദ പാണ്ഡിത്യം യജ്ഞപഠനം ഇവയൊന്നും കണക്കാക്കുന്നില്ല. മറിച്ച് ഭക്തി മാത്രമാണ് പ്രധാനം. ഭക്തിയില്ലാതെയെങ്കില്‍ മറ്റെല്ലാം വെറുമൊരു പ്രകടനം മാത്രമാണ്. അതുകൊണ്ട്, എല്ലാ രീതിയിലും ഭഗവദ്‍ഭക്തി വളര്‍ത്തിയെടുക്കുക.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF