ത്രിഃ സപ്തഭിഃ പിതാ പൂതഃ പിതൃഭിഃ സഹ തേഽനഘ
യത് സാധോഽസ്യഗൃഹേ ജാതോഭവാന്‍ വൈ കുലപാവനഃ (7-10-18)
യത്രയത്ര ച മദ് ഭക്താഃ പ്രശാന്താഃ സമദര്‍ശിനഃ
സാധവഃ സമുദാചാരാസ്തേ പൂയന്ത്യപി കീകടാഃ (7-10-19)
നാരദമുനി തുടര്‍ന്നു:
വിവേകിയായ പ്രഹ്ലാദന്‍ പ്രാര്‍ത്ഥിച്ചു: “എന്റെ ഹൃദയം മൂന്നു ലോകങ്ങളിലുമുളള യാതൊന്നിനേയും കാംക്ഷിക്കുന്നില്ല. എന്തെങ്കിലും അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവര്‍ അവിടുത്തെ ഭക്തനല്ല, മറിച്ച് വെറുമൊരു വ്യാപാരി മാത്രമാണ്. എനിക്ക് എന്തെങ്കിലും വരമേകണം എന്നുണ്ടെങ്കില്‍, എന്റെ മനസില്‍ ആഗ്രഹങ്ങളൊന്നും ഉദിക്കാതിരിക്കാനിടയാക്കിയാലും. ആഗ്രഹങ്ങളാണ് മനസിലെ നന്മയെ മറച്ചു വെക്കുന്നുത്. എന്നാല്‍ ആഗ്രഹങ്ങളില്ലാത്ത മനസ്, മോക്ഷത്തിലേക്കുളള നാന്ദിയാണ്. ഞാന്‍ ഭഗവാനെ വീണ്ടും വീണ്ടും പ്രണമിക്കുന്നു.”
പ്രഹ്ലാദനില്‍ അതീവപ്രസാദത്തോടെ ഭഗവാന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു. പ്രഹ്ലാദന്‍ ഏറെക്കാലം ലോകം ഭരിക്കുമെന്ന് ഭഗവാന്‍ അരുളിച്ചെയ്തു. ആര്‍ജ്ജിതപുണ്യഫലങ്ങള്‍ ആസ്വദിച്ചും പുണ്യകര്‍മ്മങ്ങള്‍ നടത്തിയും പ്രഹ്ലാദന്‍ ഇഹലോകത്തില്‍ ജീവിച്ച് മുക്തിപദം കൈവരുത്തുമെന്നം ഭഗവാന്‍ അനുഗ്രഹിച്ചു.
പ്രഹ്ലാദന്‍ പിന്നീട് ഭഗവാനോട് തന്റെ പിതാവിന്റെ ദുഷ്പ്രവൃത്തികള്‍ക്കു വേണ്ടി മാപ്പു ചോദിച്ചു. ഇതിനു മറുപടിയായി ഭഗവാന്‍ പറഞ്ഞു:
“അദ്ദേഹം മാത്രമല്ല, ഇരുപത്തിയൊന്നു തലമുറകള്‍ മുഴുവന്‍ നിന്നേപ്പോലുളള ഒരുത്തമഭക്തന്റെ ജന്മത്തോടെ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എവിടെയാണോ ഭക്തന്‍ വാഴുന്നത്, അവിടം പരിശുദ്ധമാവുന്നു.”
ഭഗവാന്‍ ബ്രഹ്മാവിനോട്, ദുഷ്ടബുദ്ധികള്‍ക്ക് ഇനി വരം നല്‍കരുതെന്നു മുന്നറിയിപ്പ് നല്‍കി. അല്ലയോ യുധിഷ്ഠിരാ, ഞാന്‍ ഹിരണ്യാക്ഷന്റെ സഹോദരനായ ഹിരണ്യകശിപുവിന് മോക്ഷം കിട്ടിയ കഥയും വിശദീകരിച്ചു കഴിഞ്ഞു. രണ്ടുപേരും ഭഗവല്‍പാര്‍ഷദന്മാരായിരുന്നുവല്ലോ. അവര്‍ തങ്ങളുടെ രാക്ഷസരൂപം വിട്ടൊഴിഞ്ഞ് അവസാനം ഭഗവല്‍സദൃശരായിത്തീര്‍ന്ന കാര്യവും ഞാന്‍ വിശദീകരിക്കുകയുണ്ടായി. നിങ്ങള്‍ പ്രഹ്ലാദനേക്കാളും ഭാഗ്യശാലിയത്രെ. കാരണം, അതേ പരമപുരുഷനായ ശ്രീകൃഷ്ണന്‍ നിങ്ങളുടെ സ്വന്തം അമ്മാമന്റെ മകനും സുഹൃത്തുമായിരുന്നു. അതേ ഭഗവാനാണ് പരമശിവന് ത്രിപുരാന്തകന്‍ എന്ന പേരുണ്ടാക്കിക്കൊടുത്തത്. ആ പാവനമായ ചരിതം കൂടി ഞാന്‍ പറഞ്ഞുതരാം.
ദേവന്മാരാല്‍ തോല്‍പ്പിക്കപ്പെട്ട രാക്ഷസവൃന്ദം, ശില്‍പ്പിയും മായാവിയുമായ മയനെ സമീപിച്ച് അവര്‍ക്കു മൂന്നു പേര്‍ക്കും പറക്കും നഗരങ്ങള്‍ (ഉപഗ്രഹങ്ങള്‍) ഉണ്ടാക്കി കൊടുക്കാനപേക്ഷിച്ചു. ഒന്നു സ്വര്‍ണ്ണംകൊണ്ടും ഇനിയൊന്നു വെളളികൊണ്ടും മൂന്നാമത്തേത് ഇരുമ്പുകൊണ്ടും നിര്‍മ്മിച്ചു. രാക്ഷസന്മാര്‍ ഈ ഉപഗ്രഹങ്ങളില്‍ കയറി അതിശീഘ്രം സഞ്ചരിക്കയാല്‍ അവര്‍ അജയ്യരും അദൃശരൂപികളും നശീകരണസ്വഭാവമുളളവരുമായിത്തീര്‍ന്നു. ദേവന്മാര്‍ പരമശിവനെ ശരണം പ്രാപിച്ചു. ശിവന്‍ നഗരങ്ങളെ കീഴടക്കി ആളുകളെ മുഴുവന്‍ കൊന്നൊടുക്കി. പക്ഷെ രാക്ഷസര്‍ അമൃതുനിറഞ്ഞ കുളത്തില്‍ നിന്നു് വീണ്ടും ജീവനോടെ തിരിച്ചു വന്നു. ഭഗവാന്‍ വിഷ്ണു ദേവന്മാരുടെ രക്ഷയ്ക്കായി വന്നു. അദ്ദേഹം ഒരു പശുവായും സ്രഷ്ടാവ് ഒരു പശുക്കിടാവായും അവതരിച്ച് അമൃതജലം മുഴുവനും കുടിച്ചു വറ്റിച്ചുകളഞ്ഞു. എന്നിട്ട് പരമശിവന് നഗരങ്ങളെ ആക്രമിച്ചു നശിപ്പിക്കുവാനുളള ആയുധങ്ങളും നല്‍കി. ഈ മൂന്നു നഗരങ്ങളും പരമശിവന്‍ നശിപ്പിച്ചു കളഞ്ഞു. ഇങ്ങനെ, എണ്ണിയാലൊടുങ്ങാത്ത അനവധി ചരിതങ്ങള്‍ ഭഗവാന്റെ ലീലയായുണ്ട്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF