യാവദ്‌ ഭ്രിയേത ജഠരം താവത്സ്വത്വം ഹി ദേഹിനാം
അധികം യോതഽഭിമന്യേത സ സ്തേനോ ദണ്ഡമര്‍ഹതി (7-14-8)
മൃഗോഷ്ട്രഖരമര്‍ക്കാഖുസരീസൃപ്ഖഗമക്ഷികാഃ
ആത്മനഃ പുത്രവത്‌ പശ്യേത്തൈരേഷാമന്തരം കിയത്‌ (7-14-9)

ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്ന യുധിഷ്ഠിരന്റെ ചോദ്യത്തിനു മറുപടിയായി നാരദമുനി പറഞ്ഞു:

ഗൃഹസ്ഥന്‍ എല്ലാ ധര്‍മ്മങ്ങളും ഭഗവാനുവേണ്ടി മാത്രം ചെയ്യണം. മഹല്‍പുരുഷന്മാരുമായുളള സത്സംഗം വളര്‍ത്തുകയും മറ്റ്‌ ബന്ധുക്കളുമായുളള മമത ക്രമേണ ഇല്ലാതാക്കുകയും വേണം. വ്യക്തിപരമായി അഭിലാഷങ്ങളില്ലാതെ, കുടുംബത്തിലെ മറ്റുളളവര്‍ക്കായി ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യണം. ഭഗവല്‍കൃപയാല്‍ കിട്ടിയ സുഖസമ്പത്തുക്കളെ സംതൃപ്തിയോടെ അനുഭവിക്കാനും ഗൃഹസ്ഥനവകാശമുണ്ട്‌. ഒരുവന്‌ സ്വന്തമായി സമ്പാദിക്കാനര്‍ഹതയുളളത്, അവനുവേണ്ട ഭക്ഷണം മാത്രമത്രേ. അതില്‍ കുടുതലായി വാരിക്കൂട്ടുന്നവന്‍ കളളനും ശിക്ഷാര്‍ഹനുമത്രേ. ഗൃഹസ്ഥന്‍, തന്റെ ചുറ്റുമുളള പക്ഷിമൃഗാദികളേയും ഉരഗങ്ങളേയും തന്റെ മക്കളെപ്പോലെ കരുതി പരിപാലിക്കണം. വാസ്തവത്തില്‍ കുട്ടികളും അവയും തമ്മില്‍ എന്തു വ്യത്യാസമാണുളളത്‌?

എന്നാല്‍ ധര്‍മ്മപരിപാലനത്തിനായി അവന്‍ അത്യദ്ധ്വാനം ചെയ്യേണ്ടതുമില്ല. അതുപോലെത്തന്നെ സുഖത്തിനും, സമ്പത്തിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നുതും അനാവശ്യമാണ്‌. മൃഗങ്ങള്‍ക്കടക്കം എല്ലാവര്‍ക്കുമായി തന്റെ സമ്പത്ത്‌ പങ്കുവയ്ക്കണം. അങ്ങനെ എന്റെ എന്ന ഭാവം ഇല്ലാതാക്കാം. സ്വന്തം ഭാര്യയോടു പോലും എന്റെ എന്ന ഭാവത്തില്‍ പെരുമാറരുത്‌. കാരണം ഇതെല്ലാം നശ്വരമായ ശരീരവുമായി ബന്ധപെട്ടിരിക്കുന്നുവല്ലോ.

ദിവസേന അഞ്ചു തരത്തിലുളള യാഗങ്ങള്‍ – മൃഗങ്ങള്‍ക്ക്, മനുഷ്യര്‍ക്ക്, പിതൃക്കള്‍ക്ക്, മാമുനിമാര്‍ക്ക്, ഭഗവാന് – ഒരു ഗൃഹസ്ഥന്‍ അനുഷ്ഠിക്കണം. ഒരു മഹാ ബ്രാഹ്മണന്‌ ഭിക്ഷയും ഭക്ഷണവും നല്‍കുന്നുതുകൊണ്ടും ഭഗവാന്‍ അതീവസന്തുഷ്ടനാവുന്നു. നിയുക്തസമയങ്ങളില്‍ പിതൃക്കള്‍ക്കുവേണ്ട ക്രിയകള്‍ ചെയ്യണം. സത്യദൃക്കുകള്‍ പൂജ, ജപം, ധ്യാനം, യാഗാദികള്‍ ദാനം എന്നിവയ്ക്കായി ഇത്തരം സമയങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ടല്ലോ.

ദിവ്യവും പരിപാവനങ്ങളുമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ഗൃഹസ്ഥന്‍ ദര്‍ശനം നടത്തണം. ചുരുക്കത്തില്‍ ദിവ്യപുരുഷന്മാര്‍ വാഴുന്നിടം, അല്ലെങ്കില്‍ ഏതെങ്കിലും ദിവ്യന്മാര്‍ ഉണ്ടായിരുന്നയിടം, ഭഗവദ്‍മൂര്‍ത്തിയെ ആരാധിക്കുന്നയിടം, പുണ്യനദികള്‍ ഒഴുകുന്നയിടം ഇവയെല്ലാം പവിത്രങ്ങളത്രേ. പുണ്യസ്ഥലങ്ങളിൽ നടത്തുന്ന ആത്മീയാനുഷ്ഠാനങ്ങള്‍ ആയിരം മടങ്ങ്‌ ഫലപ്രദവുമാണ്‌.

മാമുനിമാരും ഋഷികളും ഐകകണ്ഠമായി ഉദ്ഘോഷിച്ചിട്ടുളളത്, പൂജാര്‍ഹനായി ഭഗവാന്‍ ഹരി മാത്രമേയുളളൂ എന്നാണ്‌. രാജസൂയയാഗത്തിന്‌ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കാന്‍ ഭഗവാന്‍ കൃഷ്ണനെത്തന്നെ തിരഞ്ഞെടുത്തത്‌ എത്ര ഉത്തമം. ഈ വിശ്വം മുഴുവനും, എല്ലാ ജീവജാലങ്ങളും ഭഗവാനിലധിഷ്ഠിതമത്രേ. അതുകൊണ്ട്‌ ഭഗവാനെ പ്രീതിപ്പെടുത്തുന്നതു വഴി എല്ലാവരേയും സംപ്രീതരാക്കാം. ഉപമനുഷ്യരില്‍പോലും ദിവ്യതയുണ്ട്‌. എന്നാല്‍ മനുഷ്യര്‍ക്ക്‌ ആത്മസാക്ഷാത്കാരം സാദ്ധ്യമായതു കൊണ്ട്‌ അവനെ ഭഗവാന്റെ ഉത്തമസ്ഥാനമായി കണക്കാക്കി പൂജിക്കാവുന്നതാണ്‌. എങ്കിലും മനുഷ്യരില്‍ സ്നേഹം വെറുപ്പ്‌ തുടങ്ങിയ വികാരങ്ങളുളളതിനാല്‍ ഭഗവദ്‍മൂര്‍ത്തീപൂജയാണ്‌ വിധിച്ചിട്ടുളളത്‌. എന്നാല്‍ ആരെയെങ്കിലും നിന്ദിക്കുകയോ അവജ്ഞാപൂര്‍വ്വം വീക്ഷിക്കുകയോ ചെയ്താല്‍ പൂജാദികള്‍കൊണ്ട്‌ യാതൊരു ഫലവും ഉണ്ടാകുന്നില്ല. ദിവ്യരും മഹാത്മാക്കളുമായവര്‍ അവരുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ ലോകം മുഴുവന്‍ പവിത്രമാക്കുന്നു. അതിനാല്‍ അവര്‍ സര്‍വ്വാരാധ്യരത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF