ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

ഇതില്‍ സര്‍ഗ്ഗം നാല് (സിദ്ധപദവി) യിലെ 130-മുതലുള്ള വരികള്‍ താഴെ കൊടുക്കുന്നു. ശ്രീചട്ടമ്പിസ്വാമിയും നാരായണഗുരുവും തൈക്കാട് അയ്യാസ്വാമിയും തമ്മിലുള്ള ബന്ധം ഈ വരികളില്‍ പരാമര്‍ശിക്കപ്പെടുന്നു.

അന്ന് ഗുരുവിന്‍ ഗുണകാംക്ഷിയായുള്ള
വന്ദ്യനാം നാരായണപിള്ളയെ
ചെമ്പഴന്തിയില്‍ പൊടിപ്പറമ്പില്‍ വീട്ടി-
ലന്‍പാര്‍ന്നു കണ്ടു തദന്തികത്തില്‍
നാണുവാശാന്‍ ചൊന്നു “വേദാന്തയോഗങ്ങള്‍
കാണുവാനേറ്റമഭിലഷിപ്പൂ”.
ഇംഗിതം നേരില്‍ദ്ധരിച്ചൊരു സ്നേഹിതന്‍
തുംഗമോദത്തോടു മാര്‍ഗ്ഗം കട്ടി:
“ചട്ടമ്പിസ്വാമിയെ കാണ്‍കിലോ കാമിതം
പെട്ടെന്നു പൂവണിഞ്ഞാശ നേടാം”.
അന്നു ശുഭഗ്രഹയോഗംപോല്‍ യോഗജ്ഞര്‍
ചെന്ന”ണിയൂര്‍” ക്ഷേത്രസങ്കേതത്തില്‍
ആത്മവിദ്യയ്ക്കധികാരിയെന്നാശാനെ-
യാത്മാവില്‍ ബോധിച്ചു ചട്ടമ്പിയും
അന്നുമുതല്ക്കവരെങ്ങും സഹചരര്‍,
മന്ദേതരം ഗുരു, യോഗലീനന്‍
ആത്മസാക്ഷാത്കാരത്തിന്‍ പടിയോരോന്നു
മാത്മാവില്‍ച്ചേര്‍ക്കയായ്‌ നാണുയോഗി
“ബാലസുബ്രഹ്മണ്യമന്ത്രം” ഭട്ടാരകന്‍
കാലം നോക്കിത്താനുപദേശിച്ചു.
ആശവച്ചപ്പോഴേയാശാനപ്പാഠങ്ങള്‍
സ്വാംശീകരിച്ചു വിഗതശ്രമം.
ഐക്യമായ്‌ സന്മുഹൂര്‍ത്തം പാര്‍ത്തു സ്വാമിമാര്‍
തൈക്കാട്ടയ്യാവിനെ സന്ദര്‍ശിച്ചു.
നാണുഗുരുസ്വാമിയയ്യാവിന്‍ ശിഷ്യനായ്‌
ചേണാര്‍ന്നു പോകുമ്പോള്‍ , ദേശികനിന്‍
രാസപ്രയോഗത്തില്‍ സ്വര്‍ണ്ണം കണ്ടെത്തുവാന്‍
ശാശ്വതാഭിലാഷം നാമ്പുനീട്ടി
വേദാന്താകാശത്തില്‍ പൊങ്ങുംഗരുഡനു
മോദം ചീഞ്ഞുള്ള ശവമാം സ്വര്‍ണ്ണം.
ആശയതില്‍ വെറുപ്പാര്‍ന്നു ശിഷ്യന്മാരും
ആശയരിക്തരായ് നാടുമാറി.

“ശ്രീ വിദ്യാധിരാജ വിലാസം” ഗാനകാവ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.