MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ജടായുസംഗമം

ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം
തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ‍പാദ‍ാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധന‍ാം ജടായുഷം
എത്രയും വളര്‍ന്നൊരു വിസ്‌മയംപൂണ്ടു രാമന്‍
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാന്‍:
“രക്ഷസ‍ാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാന്‍ വൈകാതെയിനിയിപ്പോള്‍.”
ലക്ഷ്‌മണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവന്‍;
ഹന്തവ്യനല്ല ഭവഭക്തന‍ാം ജടായു ഞാന്‍.”
എന്നിവ കേട്ടു ബഹുസ്നേഹമുള്‍ക്കൊണ്ടു നാഥന്‍
നന്നായാശ്ലേഷംചെയ്‌തു നല്‍കിനാനനുഗ്രഹം:
“എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
കിങ്കരപ്രവരനായ്‌ വാഴുക മേലില്‍ ഭവാന്‍.”