സാംഖ്യകാരികയ്ക്ക് പുതുക്കോട്ട് എസ്. അനന്തനാരായണ ശാസ്ത്രികള്‍ എഴുതിയ ഭാഷാവ്യാഖ്യാനമാണ് ഈ ഗ്രന്ഥം.
സംഖ്യാ എന്ന ശബ്ദത്തിന് ജ്ഞാനം എന്നര്‍ത്ഥമുണ്ട്. ജ്ഞാനപ്രതിപാദമാകയാല്‍ കാപിലതന്ത്രത്തിനു സാംഖ്യം എന്ന് പറയപ്പെടുന്നു. സംഖ്യാഎന്ന വാക്കിനു എണ്ണം എന്നര്‍ത്ഥമാകുമ്പോഴും സാംഖ്യം എന്ന പേര്‍ അന്വര്‍ത്ഥമാകുന്നു; എന്തുകൊണ്ടെന്നാല്‍ സാംഖ്യന്മാര്‍ തത്ത്വങ്ങളെ സംഖ്യകൊണ്ട് പരിശ്ചേദിക്കുന്നു. ഓരോ ശരീരത്തിലും ജീവാത്മാവ് വെവ്വേറെയാണെന്നാണ് അവരുടെ സിദ്ധാന്തം. പ്രകൃതിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നുള്ള സാംഖ്യന്മാരുടെ അഭിപ്രായത്തോട് വേദാന്തികള്‍ യോജിക്കുന്നില്ല.
സാംഖ്യന്മാരുടെ മതപ്രകാരം പുരുഷനും പ്രകൃതിയും അനാദിയാകുന്നു. പുരുഷന്‍ ചൈതന്യസ്വരൂപനും അസംഗനുമാണ്. പൃഥ്വിവ്യാദിഭൂതങ്ങള്‍, ശബ്ദസ്പര്‍ശാദികള്‍, അന്തഃകരണം മുതലായ കാര്യജാതങ്ങളെല്ലാം പ്രകൃതിയുടെ പരിണാമമാകുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നുഗുണങ്ങളുടെ സാമ്യാവസ്ഥയാണ് പ്രകൃതി. പ്രകൃതിയുടെ വ്യാപാരമുണ്ടാകുമ്പോള്‍ ഗുണവൈഷമ്യവും തന്മുഖേന വിചിത്രങ്ങളായ കാര്യങ്ങളും ഉണ്ടായി വരുന്നു. പ്രകൃതിക്ക് സ്വയമായി പ്രവര്‍ത്തിപ്പാന്‍ ശക്തിയുണ്ട്. പുരുഷന്‍ പ്രകൃതിധര്‍മ്മങ്ങളായ കര്‍ത്തൃത്വാദികളെ തങ്കല്‍ ആരോപിക്കുമ്പോള്‍ ബദ്ധനാകുന്നു. പ്രകൃതിപുരുഷവിവേകംകൊണ്ട് ആരോപം നിവൃത്തിക്കുമ്പോള്‍ മുക്തനായിത്തീരുന്നു. മോക്ഷമെന്നത് ദുഃഖത്രയങ്ങളുടെ നിവൃത്തിയാകുന്നു. വിവേകം അനുവര്‍ത്തിച്ചുനില്‍ക്കുന്നതാകയാല്‍ ഒരിക്കല്‍ മുക്തനായവന് രണ്ടാമതും ബന്ധമുണ്ടാകുകയില്ല. സത്ത്വശുദ്ധി പ്രകൃതിപുരുഷവിവേകത്തിനു കാരണമാകുന്നു. യോഗാഭ്യാസം, സാത്വികവരുത്തി, സത്സഹവാസം മുതലായ സത്ത്വശുദ്ധിയെ ഉണ്ടാക്കുന്നു. ഇതാണ് സംഖ്യമതത്തിന്റെ സിദ്ധാന്തസാരം. സംഖ്യന്മാര്‍ പ്രപഞ്ചമിഥ്യാത്വവാദികളല്ല.