എട്ടാം സ്കന്ധം ആരംഭം
യേന ചേതയതേ വിശ്വം വിശ്വം ചേതയതേ ന യം
യോ ജാഗര്‍ത്തി ശയാ നേഽസ്മിന്നായം തം വേദ വേദ സഃ (8-1-9)
ആത്മാവാസ്യമിദം വിശ്വം യത് കിഞ്ചിജ്ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം (8-1-10)
യം നപശ്യതി പശ്യന്തം ചക്ഷുര്‍യസ്യ ന രിഷ്യതി
തം ഭൂതനിലയം ദേവം സുപര്‍ണ്ണമുപധാവത (8-1-11)
നയസ്യാദ്യന്ത് മധ്യം ച സ്വഃ പരോ നാന്തരം ബഹിഃ
വിശ്വശ്യാമൂനി യദ്യസ്മാദ്വിശ്വം ച തദൃതം മഹത് (8-1-12)
സവിശ്വകായഃ പൂരുഹൂത ഈശഃ സത്യ സ്വയം ജ്യോതിരജഃ പുരാണഃ
ധത്തേഽസ്യ ജന്മാദ്യ ജയാഽഽത്മശക്ത്യാ താം വിദ്യയോദസ്യ നിരീഹ ആസ്തേ (8-1-13)
അഥാഗ്രേ ഋഷയഃ കര്‍മ്മാണീഹന്തേഽകര്‍മ്മഹേതവേ
ഈഹമാനോ ഹി പുരുഷഃ പ്രായോഽനീഹാം പ്രപദ്യതേ (8-1-14)
ഈഹതേ ഭഗവാനീശോ ന ഹി തത്ര വിഷജ്ജതേ
ആത്മലാഭേന പൂര്‍ണ്ണാര്‍ത്ഥോ നാവസീദന്തി യേഽനുതം (8-1-15)
തമീഹമാനം നിരഹങ്കൃതം ബുധം നിരാശിഷം പൂര്‍ണ്ണമനന്യചോദിതം
നൃഞ്ശിക്ഷയന്തം നിജവര്‍ത്മസംസ്ഥിതം പ്രഭും പ്രപദ്യേഽഖിലധര്‍മ്മഭാവനം (8-1-16)
ശുകമുനി പറഞ്ഞു:
ലൗകികജീവിതം മതിയാക്കി സ്വയംഭുവമനു വനത്തിലേക്കു പോയി അവിടെ ഒറ്റക്കാലില്‍നിന്നുകൊണ്ട് നൂറു കൊല്ലം തപസ്സിലേര്‍പ്പെട്ടു. അദ്ദേഹം ഇങ്ങനെ സ്തുതിച്ചു:
“വിശ്വം മുഴുവനും സാരവത്താക്കുന്നത് അവിടുന്നാണെങ്കിലും, ഈ വിശ്വം അവിടുത്തെ അറിയുന്നില്ല. ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ അവിടുന്നുണര്‍ന്നിരിക്കുന്നു. അതിന് അങ്ങയെ അറിയില്ലെങ്കിലും അങ്ങതിനെ അറിയുന്നു. എന്തെല്ലാം ഉണ്ടോ അതെല്ലാം ആത്മാവത്രെ. സന്ന്യാസം സ്വീകരിച്ച ഒരാള്‍ ആത്മഭാവത്തില്‍ ആമഗ്നനായി വാഴണം. ഒരിക്കലും ആഗ്രഹത്തിനും ആര്‍ത്തിക്കും അടിമപ്പെടരുത്. ആരാണോ എല്ലാവരേയും കാണുകയും എന്നാല്‍ മറ്റുളളവര്‍ക്ക് കാണപ്പെടാതിരിക്കുകയും ചെയ്യുന്നത്, ആ നിന്തിരുവടികളെ ശരണം പ്രാപിക്കുക. ആ യാഥാര്‍ത്ഥ്യം, ഉണ്മ, അകത്തും പുറത്തുമല്ല. അതിന് ആദി മദ്ധ്യാന്തങ്ങളില്ല. ശത്രുവും മിത്രവുമില്ല. എങ്കിലും അത് വിശ്വം മുഴുവനുമാണ്. അവിടുത്തെ ശരീരമാണ് വിശ്വം. സ്വയംപ്രഭനും, പുരാതനനും അജനുമാണവിടുന്ന്. വിശ്വസൃഷ്ടിയും, സംഹാരവും അവിടുന്നില്‍ തന്നെ സംഭവിക്കുന്നു. മാമുനിമാരും ഇവിടെ കര്‍മ്മനിരതരായിരിക്കുന്നത് അവിടുത്തെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ കണ്ടിട്ടാണ്. ആരാണോ ആസക്തിയില്ലാതെ അവനവന്റെ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുത് അവന്‍ മുക്തനത്രെ. കര്‍മ്മം ചെയ്യുന്നുവെങ്കിലും അവിടുത്തേക്ക് ബന്ധനമില്ല തന്നെ. ഈ മാതൃക പിന്തുടരുന്നവര്‍ ഒരിക്കലും ദുരിതം അനുഭവിക്കേണ്ടിവരുന്നില്ല. ധര്‍മ്മനിയമങ്ങള്‍ ഉണ്ടാക്കി നടപ്പാക്കിയ അവിടുന്ന് ധര്‍മ്മം തന്നെ. ആ ഭഗവാനു മുമ്പില്‍ ഞാന്‍ അഭയം തേടുന്നു.”
അസുരന്മാര്‍, മനുവിന്റെ തപശ്ചര്യയെപ്പറ്റിയറിഞ്ഞു് അദ്ദേഹത്തെ വിഴുങ്ങാന്‍ തുനിഞ്ഞു. എന്നാല്‍ ഭഗവാന്‍ യജ്ഞരൂപത്തില്‍ അവരെ നശിപ്പിക്കുകയും ഇന്ദ്രനായി ഭരണം നടത്തുകയും ചെയ്തു. സ്വരോചിഷം, ഉത്തമം, താമസം എന്നീ മന്വന്തരങ്ങളിലും ഭഗവാന്‍ അവതരിച്ച് പല ഇന്ദ്രന്മാരുടേയും ദേവന്മാരുടേയും സഹായത്താല്‍ ധര്‍മ്മത്തെ നിലനിര്‍ത്തി. സ്വരോചിഷത്തില്‍ വിഭുവായി ആജീവനാന്തം ബ്രഹ്മചര്യം പാലിച്ചു. ഉത്തമത്തില്‍ സത്യസേനനായും താമസമന്വന്തരത്തില്‍ ഹരിയെന്നും അവിടുന്നറിയപ്പെട്ടു. ആ ഹരിയാണല്ലോ മുതലയുടെ പിടുത്തത്തില്‍പ്പെട്ട ഭക്തനായ ആനയെ രക്ഷിച്ചത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF