ഏവം ശപ്ത്വാ ഗതോഽഗസ്ത്യോ ഭഗവാന്‍ നൃപ സാനുഗഃ
ഇന്ദ്ര ദ്യുമ്നോഽപി രാജര്‍ഷിര്‍ദ്ദിഷ്ടം തദുപധാരയന്‍ (8-4-11)
ആപന്നഃ കൌഞ്ജരീം യോനിമാത്മസ്മൃതിവിനാശിനീം
ഹര്യര്‍ച്ചനാനുഭാവേന യദ്ഗജത്വേഽപ്യനുസ്മൃതിഃ (8-4-12)
ശുകമുനി തുടര്‍ന്നു:
വ്യാഘ്രത്തിന്റെ ആത്മാവ് ഒരു ഗന്ധര്‍വ്വനായി മാറി. ദേവലമുനിയുടെ കാല്‍, അദ്ദേഹം ഇതേ പൊയ്കയില്‍ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ വലിച്ചതിനു ശിക്ഷയായിട്ടാണ് മുതലയായി ജന്മമെടുക്കേണ്ടതായി വന്നത്. ഭഗവാന്റെ ചക്രം കൊണ്ട് ശാപമോക്ഷം ലഭിച്ച ഗന്ധര്‍വ്വന്‍ ഭഗവാനെ വണങ്ങി തന്റെ വാസസ്ഥലത്തേക്ക് പോയി.
ഗജേന്ദ്രന്‍ കഴിഞ്ഞ ജന്മത്തില്‍ പാണ്ഡ്യരാജാവായ ഇന്ദ്രദ്യുമ്നനായിരുന്നു. ദ്രാവിഡരാജ്യത്തെ ഭരിച്ചിരുന്ന രാജാവ്, തന്റെ ജീവിതത്തിന്റെ ഒരു ദശയില്‍ സന്ന്യാസം സ്വീകരിച്ചു. മൗനവ്രതവും തുടങ്ങി. ഒരു പ്രഭാതത്തില്‍ തന്റെ കുളി കഴിഞ്ഞ് *ഭഗവല്‍പുജ* തുടങ്ങുമ്പോള്‍ അഗസ്ത്യമുനി കയറിവന്നു. രാജര്‍ഷി മൗനവ്രതത്തിലായിരുന്നു. പൂജാമുഹുര്‍ത്തമായിരുന്നുതിനാല്‍ മഹര്‍ഷിയെ അവഗണിച്ച് രാജാവ് തന്റെ പൂജ തുടര്‍ന്നു. ഭഗവാന്റെ പ്രതിപുരുഷന്മാരാണ് മഹര്‍ഷികള്‍ എന്നത് രാജര്‍ഷി കണക്കിലെടുത്തില്ല. മഹര്‍ഷി രാജാവിന്റെ മൗനം അഹങ്കാരമായി കണക്കിലെടുത്തു. വിഗ്രഹാരാധനയും പൂജാക്രമങ്ങളും മുനിപൂജയേക്കാള്‍ വലുതാണെന്നു് രാജാവ് കരുതുന്നുവെന്നും അദ്ദേഹത്തിന് സന്ന്യാസത്തിന്റെ വൃഥാഭിമാനമുണ്ടെന്നും കരുതി അഗസ്ത്യമുനി ശപിച്ചു. “നീയൊരു അജ്ഞാനിയായ മൃഗമായിത്തീരട്ടെ- ഒരാനയായി പുനര്‍ജ്ജനിക്കട്ടെ.”
ഇന്ദ്രദ്യുമ്നന്‍ ശാപത്തെ ശിരസാ വഹിച്ചു. തന്റെ വിധിവിഹിതമായി സ്വീകരിക്കുകയും ചെയ്തു. അയാള്‍ ആനയായി ജന്മമെടുത്തു. എന്നാല്‍ ഭഗവല്‍സേവകൊണ്ടാര്‍ജ്ജിച്ച പുണ്യത്തിന്റെ ഫലമായി അദ്ദേഹത്തിന് ആപല്‍ഘട്ടത്തില്‍ ഭഗവല്‍പ്രാര്‍ത്ഥനാമന്ത്രം ഓര്‍മ്മവരികയുണ്ടായി. ഭഗവല്‍പ്രസാദത്താല്‍ ഇന്ദ്രദ്യുമ്നന് ലോകവുമായുണ്ടായിരുന്ന അജ്ഞതാബന്ധനത്തില്‍ നിന്നു മുക്തി ലഭിച്ചു. അദ്ദേഹത്തിന്റെ ഹൃദയം ഭക്തിപ്രേമത്താല്‍ നിര്‍മ്മലമാവുകയും ഭഗവല്‍പാര്‍ഷദന്മാരിലൊരാളായി അദ്ദേഹത്തിന് സാദൃശ്യം (ഭഗവദ്‌രൂപസാദൃശ്യം) ലഭിക്കുകയും ചെയ്തു. ഭഗവാനോടൊപ്പം ഗരുഡവാഹനത്തിലേറി ഇന്ദ്രദ്യുമ്നന്‍ ഭഗവദ്‍ഗേഹം പൂകി. “നിന്നേയും, ഈ മോക്ഷഗാഥയേയും, എന്നേയും ആരാണോ ഓര്‍ക്കുന്നത്, അവന് പാപമോചനം ലഭിക്കുന്നു. നീ ചൊല്ലിയ ഈ സങ്കീര്‍ത്തനം ആരാണോ ബ്രാഹ്മമുഹുര്‍ത്തത്തില്‍ ദിനവും ചൊല്ലുന്നത്, അയാള്‍ക്ക് മരണസമയത്ത് തെളിഞ്ഞ ഓര്‍മ്മശക്തി ലഭിക്കും.”
ഭക്തിവിശ്വാസങ്ങളോടെ ഈ കഥ കേള്‍ക്കുകയോ പറയുകയോ ചെയ്യുന്നുപക്ഷം, എല്ലാവിധ ദുഷ്ടതകളും ദുസ്വപ്നങ്ങളും അകറ്റുവാനുളള ശക്തി ഇതിനുണ്ട്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF