യാത ദാനവദൈതേയൈസ്താവത്സന്ധിര്‍വിധീയതാം
കാലേനാനുഗൃഹീതൈസ്തൈര്‍ യാവദ് വോ ഭവ ആത്മനഃ (8-6-19)
അരയോഽപി ഹി സന്ധേയാഃ സതി കാര്യാര്‍ത്ഥഗൌരവേ
അഹിമൂഷകവദ്ദേവാ ഹ്യര്‍ത്ഥസ്യ പദവീം ഗതൈഃ (8-6-20)
ശുകമുനി തുടര്‍ന്നു:
പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ ഹരി അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഒരായിരം സൂര്യന്റെ പ്രഭയോടുകൂടിയ ഭഗവാന്റെ ദര്‍ശനം ദേവന്മാരെ അന്ധരാക്കി. ബ്രഹ്മാവിനും ശിവനും മാത്രമെ ആ കാഴ്ച കാണാന്‍ കഴിഞ്ഞുളളു. രക്തപ്രസാദമുളള കണ്ണുകളും, കടുംപച്ചനിറത്തില്‍ ഇരുണ്ട ദേഹവും, സ്വര്‍ണ്ണ മഞ്ഞപ്പട്ടുടുപ്പും ചേര്‍ന്ന ആ ദിവ്യശരീരം അതീവസുന്ദരമായി കാണപ്പെട്ടു. ബ്രഹ്മാവും ശിവനും ദേവന്മാരുമെല്ലാം ചേര്‍ന്നു് ഭഗവാനെ ഇപ്രകാരം സ്തുതിച്ചു.
ജനനമരണങ്ങള്‍ക്കതീതനും, അതീന്ദ്രിയനുമായ ആ പരബ്രഹ്മത്തിന് നമോവാകം. ഈ ദിവ്യരൂപത്തില്‍ ഞങ്ങള്‍ മൂന്നു ലോകങ്ങളും ഞങ്ങളെത്തന്നെയും കാണുന്നു. ഈ വിശ്വരൂപം സര്‍വ്വഥാ പൂജാര്‍ഹമത്രെ. ഈ വിശ്വം മുഴുവന്‍ അവിടുന്നിലാണെങ്കിലും അങ്ങ് അതിനാല്‍ ബാധിതമല്ല. അവിടുത്തെ ദര്‍ശനത്താല്‍ ഞങ്ങള്‍ അനുഗൃഹീതരായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിലെ ആഗ്രഹസാദ്ധ്യത്തിനായി എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു തന്നാലും.
ഭഗവാന്‍ പറഞ്ഞു:
നിങ്ങളുടെ ശത്രുക്കളുമായി സഖ്യത്തിലാവുക. ഇപ്പോള്‍ രാക്ഷസന്മാര്‍ക്കനുകൂലമാണ് കാലം. ഏറ്റവും വലിയ കാര്യങ്ങള്‍ സാധിക്കാന്‍ ശത്രുക്കളെപ്പോലും ആശ്രയിക്കേണ്ടതായി വരും. കാര്യം സാധിച്ചു കഴിഞ്ഞിട്ട് ദുഷ്ടന്മാരായുളളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാം. അവരുമായി അനുനയ രൂപത്തില്‍ ഇടപെടണം. കാര്യം സാധിക്കാന്‍ ക്രോധം കൊണ്ടാവുകയില്ല. ദയയും മര്യാദയും തന്നെയാണ് വേണ്ടത്. കിട്ടാവുന്ന നല്ല പച്ചമരുന്നുകള്‍ പാല്‍ക്കടലില്‍ എറിയുക. സര്‍പ്പരാജാവായ വാസുകിയെ കയറാക്കി മന്ദരപര്‍വ്വതത്തെ കടകോലാക്കി നിങ്ങളും അസുരന്മാരും ചേര്‍ന്നു് പാല്‍ക്കടല്‍ കടഞ്ഞാല്‍ ഫലപ്രാപ്തിയുണ്ടാവും. ഞാന്‍ നിങ്ങളുടെ പക്ഷത്തുണ്ടാവും. രാക്ഷസന്മാര്‍ കഠിനാദ്ധ്വാനം ചെയ്ത് ക്ഷീണിക്കും. എന്നാല്‍ പാല്‍ക്കടല്‍ കടഞ്ഞതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ആദ്യം വിഷമായിരിക്കും കിട്ടുക എങ്കിലും നിരാശപ്പെടരുത്, പേടിക്കയുമരുത്. പിന്നീട് അഭിലഷണീയമായ വസ്തുക്കളാവും ഉണ്ടാവുക. അവയില്‍ ആസക്തി കാണിക്കാതിരിക്കുക. അസുരന്മാര്‍ കോപിഷ്ഠരായാലും നിങ്ങള്‍ സമചിത്തത്ത പാലിക്കുക. നിങ്ങളുടെ ആവശ്യം നിറവേറുക തന്നെ ചെയ്യും.
ഭഗവാന്‍ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷനായി. ദേവന്മാര്‍ അസുരരാജാവായ ബലിയെ ചെന്നു് കണ്ടു. ഇന്ദ്രന്‍ ബലിയോട് സ്നേഹപൂര്‍വ്വം പെരുമാറി അനുനയസ്വരത്തില്‍ ഉദ്ദേശ്യം അറിയിച്ചു. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം പാല്‍ക്കടല്‍ കടയുന്നതിന് ബലിയോട് സഹായം അഭ്യര്‍ത്ഥിക്കുകയും ബലി സസന്തോഷം സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എല്ലാവരും ചേര്‍ന്നു് മന്ദരപര്‍വ്വതം അടിയോടെ പറിച്ചെടുത്ത് സമുദ്രതീരത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. വഴിയില്‍ അത് താഴെ വീഴുകയും അനേകം ദേവാസുരന്മാര്‍ ചതഞ്ഞരയുകയും ചെയ്തു. ഭഗവാന്‍ അവരുടെ രക്ഷയ്ക്കായി വന്നു് പര്‍വ്വതത്തെ ഒരു കൈകൊണ്ടുയര്‍ത്തി സമുദ്രതീരത്തേക്ക് കൊണ്ടുപോയി വച്ചു.
(ധ്യാനയോഗ്യമായ സംഭവപരമ്പരയാണിത്. കുണ്ഡലിനി യോഗത്തിന്റെ വിവരണവുമാകാം ഇത്.വാനശാസ്ത്രപരമായ ഏതെങ്കിലും പ്രതിഭാസവുമാകാം.)
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF