കാമധേനുവിന്റെ ഉത്ഭവം, ലക്ഷ്മീദേവിയുടെ അവതാരം, വിഷ്ണുവിന്റെ മോഹിനീരൂപം – ഭാഗവതം (177)
നൂനം തപോ യസ്യ ന മന്യുനിര്‍ജ്ജയോ
ജ്ഞാനം ക്വചിത് തച്ച ന സംഗവര്‍ജ്ജിതം
കശ്ചിന്മഹാംസ്തസ്യ ന കാമനിര്‍ജ്ജയഃ
സ ഈശ്വരഃ കിം പരതോവ്യപാശ്രയഃ (8-8-20)
ധര്‍മ്മ ക്വചിത് തത്ര ന ഭുതസൗഹൃദം
ത്യാഗഃ ക്വചിത് തത്ര ന മുക്തികാരണം
വീര്യം നപുംസോഽസ്ത്യജവേഗ നിഷ്കൃതം
നഹി ദ്വിതീയോ ഗുണസംഗവര്‍ജ്ജിതഃ (8-8-21)
ക്വചിച്ചിരായുര്‍ന്ന ഹി ശീലമംഗളം
ക്വചിത് തദപ്യസ്തി ന വേദ്യമായുഷഃ
യത്രോഭയം കുത്ര ച സോഽപ്യ മംഗളഃ
സുമംഗളം കശ്ച ന കാങ്കക്ഷതേ ഹി മാം. (8-8-22)
ശുകമുനി തുടര്‍ന്നു:
ആപത്തില്‍ നിന്നും രക്ഷപ്പെട്ട ദേവാസുരന്മാര്‍ വളരെയധികം ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും ജോലി തുടര്‍ന്നു. ആ കടലില്‍നിന്നും ആദ്യം ഒരു പശു പുറത്തു വന്നു. മുനിമാര്‍ അതിനെ വൈദികകര്‍മ്മങ്ങള്‍ക്ക് സഹായമെന്ന നിലയില്‍ സ്വീകരിച്ചു. പിന്നീട് വന്ന ഉച്ചൈഃശ്രവസ്സ് എന്ന കുതിരയെ അസുരരാജാവ് ബലി എടുത്തു. അടുത്തതായി ഐരാവതം എന്ന ആന വന്നുപ്പോള്‍ ഇന്ദ്രന്‍ അവകാശപ്പെട്ടില്ല. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ആഗ്രഹമൊന്നും പ്രകടിപ്പിച്ചുമില്ല. പിന്നീട് പുറത്തുവന്ന കൗസ്തുഭം എന്ന അപൂര്‍വ്വരത്നം ഭഗവാന്‍ ഹരി, സ്വയം മാറിലണിഞ്ഞു. സര്‍വ്വാഭീഷ്ടദായകമായ പാരിജാതവൃക്ഷം, അപ്സരസുകള്‍ എന്നിവക്ക് ശേഷം ലക്ഷ്മീദേവീ എല്ലാവരുടേയും ഹൃദയം കവര്‍ന്നുകൊണ്ടു പ്രത്യക്ഷപ്പെട്ടു. കയ്യിലൊരു പൂമാലയേന്തി ഉത്തമനായ ഒരു വരനെ തിരഞ്ഞു് ചുറ്റും നോക്കിയ ലക്ഷ്മീദേവി ഇങ്ങനെ പാടി. – തപഃശക്തിയുളളവന്‍, കോപത്തെ ജയിച്ചിട്ടില്ല. വിവേകമുളളവന്‍, ആസക്തിയുപേക്ഷിച്ചിട്ടില്ല. മഹത്വമുളളവന്‍, ആഗ്രഹങ്ങളെ വെന്നിട്ടില്ല. മറ്റുളളവയെ ആശ്രയിച്ചിരിക്കുന്നവന്‍ എങ്ങനെയാണ് ഭഗവാനാവുക? ധര്‍മ്മിഷ്ഠനായവന്‍ എല്ലാവരോടും സൗഹൃദം കാണിക്കുന്നില്ല. സന്ന്യാസം സ്വീകരിച്ചവന്‍, അതു മോക്ഷത്തിലേക്കുളള വഴിയായി മാറ്റുന്നില്ല. ശക്തനായവനും കാലത്തിന്നതീതനല്ല. ദീര്‍ഘായുസ്സുളളവന്‍ പ്രശംസാര്‍ഹമായ പ്രവൃത്തികള്‍ ചെയ്യുന്നില്ല. ആസക്തിയേതുമില്ലാത്തവന് സഖിത്വമില്ല. പ്രശംസാര്‍ഹമായ ഉത്തമജീവിതം നയിക്കുന്നവന് ദീര്‍ഘായുസ്സില്ല. ഇതെല്ലാമുളളവന് അശുഭമുണ്ടാവുന്നു. ശുഭോദര്‍ക്കമായ ഉള്‍ക്കാഴ്ചയുളളവന്‍ എന്നെ അഭിലഷിക്കുകയുമില്ല.
ഇങ്ങനെയെല്ലാം വിശകലനം ചെയ്ത് അവസാനം ദേവി, ഭഗവാന്‍ ഹരിയെ മാലയിട്ടു. ഭഗവാന്‍ ദേവിയെ തന്റെ മാറിടത്തില്‍ കുടിയിരുത്തി. ഈ മംഗളകര്‍മ്മത്തെ ദേവന്മാര്‍ ആഘോഷിച്ചു. ദേവി അവരെ കടാക്ഷിച്ചതു ഭാഗ്യമായവര്‍ കരുതി. അസുരന്മാര്‍ അസൂയയോടെ അവരെ നോക്കി. പിന്നീട് കടലില്‍നിന്നു് വാരുണിയെന്ന മദ്യം പുറത്തു വന്നു. അസുരന്മാര്‍ അതെടുത്തു. അവസാനം വിചിത്രനായ ഒരു വ്യക്തി – ധന്വന്തരി – പുറത്തുവന്നു വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹം ഭഗവാന്റെ അംശാവതാരം തന്നെയാണ്. അദ്ദേഹത്തിന്റെ കയ്യിലൊരു കുടമുണ്ടായിരുന്നു. അസുരന്മാര്‍ കുടവും തട്ടിയെടുത്ത് പലായനം ചെയ്തു. വിഷണ്ണരായ ദേവന്മാര്‍ ഭഗവാനോട് പരാതിപ്പെട്ടു. ഭഗവാന്‍ അവരെ സഹായിക്കാമെന്നേറ്റു. ഭഗവാന്‍ തന്റെ മായാശക്തിയാല്‍ അസുരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാക്കി. ശക്തികുറഞ്ഞ അസുരന്മാര്‍, ദേവന്മാര്‍ക്കുകൂടി അവകാശപ്പെട്ട അമൃത് കൊണ്ടുപോവുന്നത് നീതിയുക്തമല്ലെന്നു് വാദിച്ചു. -ദേവന്മാരും അമൃതിനായി അദ്ധ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവരുടെ വിഹിതം നല്‍കണം. അതാണ് അനശ്വരമായ നിയമം. – അങ്ങനെ അസുരന്മാര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ അതീവസുന്ദരിയായ ഒരു കന്യക പ്രത്യക്ഷപ്പെട്ടു. ഭഗവാന്റെ മായാശക്തി തന്നെയായിരുന്നു അത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF