സംഗ്രാമേ വര്ത്തമാനാനാം കാലചോദിതകര്മ്മണാം
കീര്ത്തിര്ജ്ജയോഽജയോ മൃത്യുഃ സര്‍വേഷാം സ്യുരനുക്രമാത് (8-11-7)
തദിദം കാലരശനം ജനാഃ പശ്യന്തി സൂരയഃ
ന ഹൃഷ്യന്തി ന ശോചന്തി തത്ര യൂയമപണ്ഡിതാഃ (8-11-8)
ശുകമുനി തുടര്‍ന്നു:
അസുരന്മാരുടെ മായാജാലം, ഭഗവല്പ്രവേശനത്തോടെ അപ്രത്യക്ഷമായപ്പോള്‍ ദേവന്മാര് അവരുടെ ശക്തിയും സമനിലയും വീണ്ടെടുത്തു. ഇന്ദ്രന് ബലിയെ ആക്രമിക്കാന്‍ വെല്ലുവിളിച്ചു. ബലിയും കൂട്ടരും അവരുടെ ഏറ്റവും ഹീനമായ ആക്രമണം നടത്തിയാലും തങ്ങള്‍ ദേവന്മാര് വിജയിക്കുമെന്ന് ഇന്ദ്രന് വീമ്പിളക്കി.
ജ്ഞാനിയായ ബലി പറഞ്ഞു:
യുദ്ധത്തിലേര്പ്പെട്ടവരെ സംബന്ധിച്ചേടത്തോളം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ ഒന്നിനു പിറകേ ഒന്നായി കാലോചിതം സംഭവിക്കുന്നു. ജ്ഞാനിയായ ഒരുവന് അതുകൊണ്ട് അത്യാഹ്ലാദമോ ദുഃഖമോ പ്രകടിപ്പിക്കുന്നില്ല. നിങ്ങള്‍ക്ക് വിജ്ഞാനമില്ലാത്തതുകൊണ്ടാണ് വിജയപരാജയങ്ങളെ സാദ്ധ്യമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് സ്വയം വിശ്വസിക്കുന്നത്.
തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇന്ദ്രന്, ബലിയെ തന്റെ മേഘാസ്ത്രം കൊണ്ട് വീഴ്ത്തി. വീരനായ ജംഭന്‍ യുദ്ധക്കളത്തിലിറങ്ങി അതിഭീകരമായ ഒരു ഗദകൊണ്ട് ഇന്ദ്രന്റെ ആനയെ മുടന്തനാക്കി. ഇന്ദ്രന്റെ തേരാളിയായ മാതലി ഉടനേ തന്നെ ഒരു തേരു കൊണ്ടുവന്നു. തന്റെ മേഘായുധം കൊണ്ട് ജംഭന്റെ തലയറുത്തു ഇന്ദ്രന്. ഉടനേ യുദ്ധക്കളത്തില്‍ ബലന്, പാകന്‍, നമൂചി എന്നിവര്‍ ഇന്ദ്രനെ നേരിട്ടു. പാകന്‍, മാതലിയേയും രഥത്തേയും നൂറു ശരങ്ങള്‍ എയ്തു വീഴ്ത്തി. ഇന്ദ്രനെതിരെ പതിനഞ്ചസ്ത്രങ്ങളും വര്‍ഷിച്ചു. ശരവര്ഷത്തിന്റെ നിഴലില്‍ ഇന്ദ്രന് അകപ്പെട്ടു. അതിനുളളില്‍ നിന്നു് തന്റെ മേഘാസ്ത്രം ചുഴറ്റി ബലനേയും പാകനേയും ഇന്ദ്രന് വധിച്ചു. നമൂചി ഇന്ദ്രനെ തന്റെ കുന്തം കൊണ്ട് ആക്രമിച്ചു. ഇന്ദ്രന് കുന്തത്തെ ഒരായിരം കഷണങ്ങളാക്കി മുറിച്ചിട്ട് മേഘായുധം പ്രയോഗിച്ചുവെങ്കിലും അതാദ്യമായി ശക്തിഹീനമായി വര്‍ത്തിച്ചു. ഇന്ദ്രന് ആകുലനും അത്ഭുതസ്തബ്ധനുമായി. അപ്പോള്‍ ഒരശരീരി കേട്ടു. -നമൂചിയെ കൊല്ലാന്‍ നനഞ്ഞതോ ഉണങ്ങിയതോ ആയ ആയുധങ്ങള്‍ കൊണ്ട് സാദ്ധ്യമല്ല. അവന് ഒരു വരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് മറ്റൊരായുധം തിരഞ്ഞെടുത്താലും.- ഈ മുന്നറിയിപ്പുകേട്ട ഇന്ദ്രന് കടലില്‍ പൊങ്ങിക്കിടന്ന ഒരുതരം നുര – പൂര്‍ണ്ണമായും നനഞ്ഞതോ ഉണങ്ങിയതോ അല്ലാത്തത് – ഉപയോഗിച്ച് നമൂചിയുടെ കഥ കഴിച്ചു. ദേവന്മാര് സന്തോഷിച്ചു.
എന്നാല്‍ സ്രഷ്ടാവ് സന്തുഷ്ടനായിരുന്നില്ല. ഇന്ദ്രനേയും മറ്റു ദേവന്മാരെയും സമാധാനിപ്പിക്കാന്‍ അദ്ദേഹം നാരദനെ നിയോഗിച്ചു. ഈ അനിയന്ത്രിതമായ നശീകരണം അവസാനിപ്പിക്കാന്‍ നാരദന് അവരോട് അനുനയത്തില്‍ സന്ധിസംഭാഷണം ചെയ്തു. ദേവന്മാര് ഉപദേശം സ്വീകരിച്ചു. ഉഷണമുനി, ബലിയെ പുനര്ജീവിപ്പിച്ചു. അസുരരാജാവാണല്ലോ ബലി. ഇങ്ങനെ പുനര്‍ജനിച്ച ബലിക്ക് യുദ്ധപരാജയത്തില്‍ വലിയ വിഷമമൊന്നും ഉണ്ടായില്ല കാരണം അദ്ദേഹം സത്യം മനസ്സിലാക്കിയിരുന്നു. കൈകാലുകള്‍ അക്ഷതമായിട്ടുളള, ചത്തുവീണ അസുരന്മാരേയും മുനി പുനര്‍ജ്ജീവിപ്പിച്ചു.
ഇഛാഭംഗിതരായ രാക്ഷസന്മാര് ദേവന്മാര്‍ക്കെതിരായി യുദ്ധം തുടങ്ങി. മുന്‍പൊക്കെ അവര്‍ക്ക് ദേവന്മാരെ നിഷ്പ്രയാസം ഞെരിച്ചമര്‍ത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോരാട്ടത്തിന്റെ ഗതിയാകെ മാറിയിരിക്കുന്നു. അമൃതുകൊണ്ടും ഭഗവല്‍കൃപകൊണ്ടും ദേവന്മാര് ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു.
അസുരന്മാര്ക്ക് തക്കതായ മറുപടി നല്കാന് ഇപ്പോള്‍ അവര്‍ക്ക് സാധിക്കുന്നു. ഇരമ്പി വരുന്ന രണ്ടു സമുദ്രങ്ങള്‍ കൂട്ടിമുട്ടുന്നതുപോലെ ഭയാനകമായിരുന്നു രണ്ടു പടകളും അടുത്തു വരുമ്പോള്‍. ദേവന്മാര്ക്കും അസുരന്മാര്ക്കും അവരവരുടെ സ്ഥാനചിഹ്നങ്ങളും മറ്റു പരിവാരങ്ങളും ഉണ്ടായിരുന്നു. ദേവന്മാരാല് ചുറ്റപ്പെട്ട് ഐരാവതത്തിന്റെ പുറത്തിരുന്നു് ഇന്ദ്രന്, സൂര്യനെപ്പോലെ തിളങ്ങി. ഇന്ദ്രനെ ബലി ആക്രമിച്ചു. മറ്റസുരന്മാര്‍ ഓരോ ദേവന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ആനകള്‍, കുതിരകള്‍, മുറിച്ചെറിയപ്പെട്ട തലകള്‍, കബന്ധങ്ങള്‍ എന്നിവ യുദ്ധക്കളത്തില്‍ ചിതറിക്കിടന്നു. അവിടവിടെ, കൈകളിലായുധമേന്തിയ കബന്ധങ്ങള്‍ ഓടിനടന്നു. ശരീരമില്ലാത്ത തലകള്‍ യുദ്ധവീരന്മാരെ നോക്കി കിടക്കുകയും ചെയ്തു.
ബലി ഇന്ദ്രനുനേരെ പത്ത് അസ്ത്രങ്ങള്‍ വിക്ഷേപിച്ചു. മൂന്നെണ്ണം ആനയ്ക്കു നേരെ. ആനയുടെ നാലു കാവല്ക്കാര്ക്കും നേരെ ഓരോന്നു്. ആനക്കാരനു നേരെ ഒരെണ്ണം എന്നിങ്ങനെ ബലി അമ്പയച്ചു. ഇന്ദ്രന് അവയെയെല്ലാം തന്റെ ആയുധം കൊണ്ടു മുറിച്ചുകളഞ്ഞു. ബലി തന്റെ ആഗ്നേയാസ്ത്രം പുറത്തെടുത്തു. അത് വിക്ഷേപിക്കും മുന്‍പ് ഇന്ദ്രന് ബലിയുടെ കയ്യില്‍നിന്നും അതിനെ തെറിപ്പിച്ചു കളഞ്ഞു. ബലി പിന്നീട് തന്റെ മായാശക്തി പ്രയോഗിച്ചു. ദേവന്മാര്ക്ക് മുകളില്‍ വലിയൊരു പര്‍വ്വതം പ്രത്യക്ഷപ്പെട്ടു. അവയില്‍നിന്നും കത്തിയെരിഞ്ഞ മരങ്ങളും കടുവകളും സിംഹങ്ങളും ദുരാത്മാക്കളും വന്നു് ദേവന്മാരെ പീഡിപ്പിക്കാന്‍ തുടങ്ങി. ഈ പൈശാചികമായ മന്ത്രവാദത്തെ നേരിടാന്‍ ദേവന്മാര്‍ക്കായില്ല. ഉടനേ ഭഗവാന് യുദ്ധക്കളത്തില്‍ പ്രത്യക്ഷനായി. ആ നിമിഷം, അസുരന്മാരുണ്ടാക്കിയ എല്ലാ മായാജാലങ്ങളും അപ്രത്യക്ഷമായി. കാരണം, ഭഗവല്‍സ്മരണമാത്രയില്‍ത്തന്നെ ജീവിതത്തിലെ വൈതരണികള്‍ തരണം ചെയ്യാന്‍ സാധിക്കുമല്ലോ. കാലനേമി എന്ന അസുരന് ഒരു സിംഹത്തെ ഭഗവാനുനേരെ വിട്ടു. ഭഗവാന് കാലനേമിയേയും സിംഹത്തേയും വധിച്ചു. മറ്റു പല അസുരന്മാരും ഭഗവാന്റെ കൈകളാല്‍ മരണപ്പെട്ടു. മാലി, സുമാലി, മാല്യവാന്‍ എന്നീ അസുരപ്രമുഖര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF