അസദവിഷയമങ്ഘ്രിം ഭാവഗമ്യം പ്രപന്നാന്‍
അമൃതമമരവര്യാനാശയത്‌ സിന്ധുമഥ്യം
കപടയുവതിവേഷോ മോഹയന്‍ യഃ സുരാരീം
സ്തമഹമുപസൃതാനാം കാമപൂരം നതോഽസ്മി (8-12-47)

ശുകമുനി തുടര്‍ന്നു:
ഭഗവാന്റെ മോഹിനീവേഷത്തെപ്പറ്റി കേട്ട പരമശിവന്‍ തന്റെ വാഹനത്തില്‍ ഉമയോടൊപ്പം, പരിവാരസമേതം ഭഗവാന്‍ വിഷ്ണുവിന്റെയടുക്കല്‍ പോയി. ഭഗവാന്‍ പരമശിവനെ സ്നേഹബഹുമാനങ്ങളോടെ സ്വീകരിച്ചു. ശിവന്‍ ഹരിയെ സ്തുതിച്ചു:

ഭഗവാനേ, അവിടുന്ന് എല്ലാത്തിന്റേയും പരമസത്ത തന്നെ. അങ്ങില്‍ നാനാത്വം ദര്‍ശിക്കുന്നത്‌ അജ്ഞാനികള്‍ മാത്രം. പലതായി കാണപ്പെട്ട്‌ വിളങ്ങുന്ന അവിടുന്നുതന്നെ ആ ഏകത്വമായ സത്ത്‌. അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിച്ചിരിക്കുന്ന മഹാമുനികള്‍ ഇഹലോകത്തിലും പരലോകത്തിലും ആസക്തിയില്ലാത്തവരായിരിക്കുന്നു. അവര്‍ അങ്ങാണ്‌ പരംപൊരുളെന്നു് അറിയുമ്പോള്‍, മറ്റ ചിലര്‍ അവിടുന്നാണ്‌ പ്രകൃതിനിയമസ്രഷ്ടാവ്‌ എന്നു ഗണിക്കുന്നു. മറ്റു ചിലര്‍, ദ്രവ്യോര്‍ജ്ജങ്ങള്‍ക്കതീതമായ സത്യമാണവിടുന്നെന്നും പറയുന്നു. എന്നാല്‍ മറ്റുളളവര്‍ക്ക്‌ അവിടുന്ന് ഒന്‍പതു ദിവ്യശക്തികളാല്‍ സമ്പന്നനാണ്‌. (വിമല, ഉത്ക്കര്‍ഷിണി, ജ്ഞാനം, ക്രിയ, യോഗം, പ്രഹ്‌വി, സത്യം, ഈശാനം, അനുഗ്രഹം). ചിലര്‍ അവിടുത്തെ പരമപുരുഷനായും കരുതുന്നു. എന്നാല്‍ ആര്‍ക്കും അവിടുത്തെ ശരിയായ രീതിയില്‍ സാക്ഷാത്ക്കരിക്കുവാന്‍ ആവുകയില്ല തന്നെ. അവിടുത്തെ അവതാരങ്ങള്‍ ധ്യാനത്തിന്‌ തികച്ചും ആഹ്ലാദപ്രദമായ മോഹനരൂപങ്ങളത്രെ. അങ്ങ്‌ ഏതവതാരമെടുത്താണോ അസുരന്മാരെ മോഹിപ്പിച്ച്‌ ദേവന്മാര്‍ക്ക്‌ അമൃത്‌ വിളമ്പിയത്, ആ മോഹനരൂപം ദര്‍ശിക്കാനാണ്‌ ഞാന്‍ ഇവിടെ വന്നിരിക്കുന്നത്‌.

തന്റെ മോഹിനീരൂപം വികാരോദ്ദീപകമാണെന്നു ഭഗവാന്‍ ശിവന്‌ മുന്നറിയിപ്പുനല്‍കി എന്നിട്ട്‌ തന്റെ അവതാരരൂപം കാണിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഉടനേ ഭഗവാന്‍ അവിടെനിന്നു്‌ അപ്രത്യക്ഷനായി. പരമശിവന്‍ അമ്പരപ്പോടെ ചുറ്റും നോക്കാന്‍ തുടങ്ങി. കുറച്ചു ദൂരത്ത്‌ അതീവസുന്ദരിയായ ഒരു യുവതി ഉദ്യാനത്തില്‍ പന്താടി കളിച്ചുകൊണ്ടിരുന്നു. ഇടക്ക്‌ വശ്യമായ മന്ദഹാസത്തോടെ ശിവനെ നോക്കുകയും ചെയ്യുന്നു. ഒരവസരത്തില്‍ , പന്തിനു പുറകെ ഓടിയ മോഹിനിയുടെ വസ്ത്രം കാറ്റില്‍ പറന്നുപോയി. വികാരവിവശനായ ശിവന്‍ അവളെ പിന്തുടര്‍ന്നു. ശിവന്റെ ആലിംഗനത്തില്‍നിന്നും കുതറിമാറാനെന്ന നാട്യത്തില്‍ യുവതി അദ്ദേഹത്തെ മോഹിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ യുവതിക്ക്‌ പിറകേ പോകുമ്പോള്‍ ശിവന്റെ രേതസ്സ്‌ വിസര്‍ജ്ജിക്കപ്പെടുകയും അതു വീണിടമെല്ലാം സ്വര്‍‌ണ്ണഖനികളും വെളളിഖനികളു മായിത്തീരുകയും ചെയ്തു. പെട്ടെന്നു് ശിവന്‍ മനഃസംയമനം വീണ്ടെടുത്തു. ഭഗവാന്റെ മായാശക്തിയെ മനസ്സിലാക്കി ശിരസ്സു നമിച്ചു. ഭഗവാന്‍ ശിവനെ അനുഗ്രഹിച്ചു. എന്റെ മായാശക്തി ഇനിയും താങ്കളെ കീഴടക്കുകയില്ല.

വീണ്ടും ഹരിയെ വന്ദിച്ച്‌ ശിവന്‍ പാര്‍വ്വതിയോടു പറഞ്ഞു: ഭഗവാന്റെ മായാശക്തി നീയും കണ്ടുവല്ലോ. ഭഗവാന്റെ ഒരു കിരണമായ എനിക്കുപോലും മായയാല്‍ മോഹമുണ്ടായെങ്കില്‍ മറ്റുളളവര്‍ എത്ര എളുപ്പം ആ ശക്തിക്കടിമപ്പെടുന്നു?

അധാര്‍മ്മികര്‍ക്കു സാക്ഷാല്‍ക്കരിക്കാനാവാത്ത ആ ഭഗവാനെ ഞാന്‍ നമിക്കുന്നു. ഭക്തര്‍ക്ക്‌ പ്രാപിക്കാവുന്ന അവിടുന്ന് മോഹിനീരൂപത്തില്‍ അവതരിച്ച്, രാക്ഷസരെ മോഹിപ്പിച്ച്, തന്നില്‍ അഭയം തേടിയ ദേവന്മാര്‍ക്ക്‌ അമൃതു വിളമ്പിക്കൊടുക്കുകയും ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF