മനുര്‍വ്വിവസ്വതഃ പുത്രഃ ശ്രാദ്ധദേവ ഇതി ശ്രുതഃ
സപ്തമോ വര്‍ത്തമാനോ യസ്തദപത്യാനിമേ ശൃണു (8-13-1)

ശുകമുനി തുടര്‍ന്നു:
ഇനി ഞാന്‍ ഏഴാമതു മനുവിന്റെ മക്കളെപ്പറ്റി പറയാം. ഇപ്പോഴത്തെ ലോകചക്രത്തിന്റെ ഭഗവാനായ അദ്ദേഹം ശ്രദ്ധാദേവന്‍, വിവസ്വാന്റെ പുത്രനായ സൂര്യന്‍ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പത്തു പുത്രന്മാര്‍ ഇക്ഷ്വാകു, നഭഗന്‍, ധൃഷ്ടന്‍, സര്യാതി, നരിഷ്യന്തന്‍, നാഭാഗന്‍, ദിഷ്ടന്‍, കരുഷന്‍, പ്രശ്ധരന്‍, വസുമാന്‍ എന്നിവരാണ്‌. സൂര്യന്റെ പന്ത്രണ്ട്‌ ഭാവങ്ങള്‍, എട്ടു വസുകള്‍, പതിനൊന്നു രുദ്രന്മാര്‍, പത്തു വിശ്വദേവന്മാര്‍, നാല്‍പ്പത്തിയൊന്‍പതു മരുത്തുകള്‍, രണ്ട്‌ അശ്വിനിദേവകള്‍, മൂന്നു് ഋഭുക്കള്‍ എന്നിവര്‍ ദേവന്മാരാണ്‌. പുരന്ദരന്‍ ഇന്ദ്രനായി. കശ്യപന്‍, അത്രി, വസിഷ്ഠന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, ഭരദ്വാജന്‍ എന്നിവര്‍ സപ്തര്‍ഷികള്‍. ഈ മന്വന്തരത്തില്‍ ഭഗവാന്റെ അവതാരം, കുളളനായ വാമനനായാണ്‌.

എട്ടാമത്‌ മന്വന്തരം സാവര്‍ണിയാണ്‌ നയിക്കുന്നുത്‌. വിവസ്വാന്‍റേയും ഛായയുടേയും പുത്രനാണ്‌ സാവര്‍ണി. നിര്‍മോകന്‍, വീരജാക്ഷന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പുത്രന്മാര്‍. സുതപന്‍, വിരജന്‍, അമൃതപ്രഭന്‍ എന്നിവര്‍ ദേവന്മാര്‍. അസുരരാജാവായ ബലി ഭഗവല്‍കൃപയാല്‍ ഇന്ദ്രനായി. ഗാലവന്‍, ദീപ്തിമാന്‍, രാമന്‍, അശ്വത്ഥാമാവ്, കൃപാചാര്യന്‍, ഋഷ്യശൃംഗന്‍, വ്യാസന്‍ തുടങ്ങിയവര്‍ ഋഷികള്‍. ഭഗവാന്റെ അവതാരം സാര്‍വഭൗമനായിട്ടാണ്‌.

ഒന്‍പതാമതു മനു വരുണപുത്രനായ ദക്ഷസാവര്‍ണിയാണ്‌. ഭൂതകേതു, ദീപ്തകേതു തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പുത്രന്മാര്‍. പാരാ, മരീചിഗര്‍ഭന്‍ തുടങ്ങിയ ദേവതകള്‍. അദ്ഭുതന്‍, ഇന്ദ്രനായി. ദ്യുതിമാന്‍ തുടങ്ങിയ ഋഷികള്‍. ഋഷഭനായി ഭഗവദവതാരം.

പത്താമതുമനു ബ്രഹ്മസാര്‍വണി. ഭൂരിസേനന്‍ മുതല്‍പേര്‍ പുത്രന്മാര്‍. സുവാസനന്‍, വിരുദ്ധാന്‍ തുടങ്ങിയ ദേവന്മാര്‍. ഹവിസ്മാന്‍, സുകൃതി, സത്യം, ജയം, മൂര്‍ത്തി തുടങ്ങിയ ഋഷികള്‍. ശംഭുവാണി ഇന്ദ്രനായി. ഭഗവദവതാരം വിശ്വക്ഷേണനായിട്ടാണ്‌.

പതിനൊന്നാമതു മനു ദര്‍മസാര്‍വണി. സത്യധര്‍മ്മന്‍ തുടങ്ങിയവര്‍ പുത്രന്മാര്‍. വിഹംഗമന്‍, കാമഗമാന്‍, നിര്‍വാണരുചി തുടങ്ങിയവരാണ്‌ ദേവതകള്‍. വൈധൃതനാണ്‌ ഇന്ദ്രന്‍. ഭഗവദവതാരം ധര്‍മ്മസേതുവാണ്‌.

പന്ത്രണ്ടാമതു മനു രുദ്രസാവര്‍ണി. ദേവവാന്‍ തുടങ്ങിയ പുത്രന്മാര്‍. ഹരിതന്‍ തുടങ്ങിയ ദേവന്മാര്‍. ഋതധാമന്‍ ഇന്ദ്രനായി. തപോമൂര്‍ത്തി തുടങ്ങിയ ഋഷികള്‍. ഭഗവാന്റെ പ്രത്യക്ഷരൂപം സ്വധാമാനുമാണ്‌.

പതിമൂന്നാമതു മനു ദേവസാര്‍വണിയാണ്‌. ചിത്രസേനന്‍ മുതല്‍പേര്‍ പുത്രന്മാര്‍. സുകാര്‍മാന്‍, സുത്രാമന്‍ തുടങ്ങിയവര്‍ ദേവന്മാര്‍. ദിവസ്പതി ഇന്ദ്രന്‍. നിര്‍മോകന്‍ തുടങ്ങിയ ഋഷികള്‍. ഭഗവാന്റെ അവതാരം യോഗേശ്വരനായിട്ടാണ്‌.

അവസാനത്തെ മന്വന്തരത്തില്‍ ഇന്ദ്രസാവര്‍ണിയാണ്‌ മനു. ഉരു മുതലായ പുത്രന്മാര്‍. പവിത്രാന്‍, ചാക്ഷുഷാന്‍ തുടങ്ങിയ ദേവന്മാര്‍. സുചി ഇന്ദ്രനായി. അഗ്നിഭാനു തുടങ്ങിയ ഋഷികള്‍. ഭഗവദവതാരം ബൃഹദ്ഭാനുവെന്നറിയപ്പെടുന്നു.

അങ്ങനെ ഒരു കല്‍പ്പമെന്തെന്നു പരീക്ഷിത്തേ ഞാന്‍ വിശദമാക്കി കഴിഞ്ഞു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF