ആയുഃ പരം വപുരഭീഷ്ടമതുല്യലക്ഷ്മീര്‍
ദ്യോഭൂരസാഃ സകലയോഗഗുണാസ്ത്രിവര്‍ഗ്ഗഃ
ജ്ഞാനം ച കേവലമനന്ത ഭവന്തി തുഷ്ടാത്
ത്വത്തോ നൃണാം കിമു സപത്നയാദിരാശീഃ (8-17-10)
ശുകമുനി തുടര്‍ന്നു:
വിധിപ്രകാരം പന്ത്രണ്ട് ദിവസം അദിതി പയോവ്രതമാചരിച്ചു. മനവും ഹൃദയവും ഭഗവാനിലര്‍പ്പിച്ചു ചെയ്ത വ്രതത്തിന്റെ അവസാനത്തില്‍ ഭഗവാന്‍ സര്‍വ്വൈശ്വര്യങ്ങളോടെ പ്രത്യക്ഷമായി. അദിതി ഭഗവാനെ നമസ്കരിച്ചെഴുന്നേറ്റ് അവിടുത്തെ മഹിമയെ വര്‍ണ്ണിക്കാന്‍ തുടങ്ങി.
ഗദ്ഗദകണ്ഠത്തോടെ പ്രേമപാരവശ്യത്തോടെ, കണ്ണീരോടെ അദിതി ഇങ്ങനെ പാടിഃ
അങ്ങാണ് പൂജനീയന്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് രക്ഷയും ശാന്തിയും നല്‍കാന്‍ അവിടുന്ന് അവതാരങ്ങളെടുക്കുന്നു. അങ്ങയുടെ പ്രസാദത്താല്‍ ഭക്തന് ആയുസ്സും, ശക്തിയും സൗന്ദര്യവുമുളള ശരീരവും, സര്‍വ്വാഭീഷ്ടവും, സകലൈശ്വര്യവും, സ്വര്‍ഗ്ഗനരകങ്ങളും, ഭൂമിയും, ദിവ്യഗുണങ്ങളും ലഭ്യമാകുന്നു. മനുഷ്യജന്മത്തിന്റെ മൂന്നുലക്ഷ്യങ്ങളും വിജ്ഞാനം തന്നെയും, ശത്രുജയവും അവിടുത്തെ പ്രസാദത്താല്‍ ക്ഷിപ്രസാദ്ധ്യമത്രെ.
സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ അദിതിയെ അനുഗ്രഹിച്ചു പറഞ്ഞു:
അവിടുത്തെ ഉളളിലെ ആഗ്രഹമെന്തെന്നു ഞാന്‍ മനസിലാക്കുന്നു. ദേവമാതാവേ, രക്ഷസീയരായ അക്രമികള്‍ പിടിച്ചടക്കിയ ഇന്ദ്രസിംഹാസനം തിരിച്ചു ലഭിക്കാനും അവിടുത്തെ പുത്രനായ ഇന്ദ്രനെ വീണ്ടും വാഴിക്കാനുമാണല്ലോ നിങ്ങള്‍ ആഗ്രഹിക്കുന്നുത്. അത് സാധിതമാവും എന്നറിയുക. എന്നെ പൂജിച്ചതു വൃഥാവിലാവുകയില്ല തന്നെ. എങ്കിലും അസുരന്മാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഐശ്വര്യത്തിന് കാരണം അവര്‍ക്ക് ഋഷിമുനിമാരില്‍നിന്നു കിട്ടിയ അനുഗ്രഹമാണ്. അവരുടെ മുനിഭക്തികൊണ്ട് കാലം അവര്‍ക്കനുകൂലമായിരിക്കുന്നു. അതുകൊണ്ട് അവരെ ബലത്താല്‍ കീഴടക്കുക സാദ്ധ്യമല്ല തന്നെ. അതുകൊണ്ട് മറ്റെന്തെങ്കിലും മാര്‍ഗ്ഗം നോക്കുകതന്നെ. ഞാന്‍ അവിടുത്തെ പുത്രനായി ഒരംശാവതാരമായി പിറക്കാം. എന്നിട്ട് എന്താണു വേണ്ടതെന്നുവെച്ചാല്‍ ചെയ്തുകൊളളാം. ഇതൊരു രഹസ്യമായിവച്ചാലും. അവിടത്തെ ഉദ്ദേശ്യലക്ഷ്യം തീര്‍ച്ചയായും നിറവേറും.
കശ്യപമുനി തന്റെ അന്തര്‍ജ്ഞാനംകൊണ്ട് തന്റെ മനസ്സില്‍ കുടിയേറിയ ഭഗവല്‍കിരണത്തെ തിരിച്ചറിഞ്ഞു. ഭഗവാനെ അതിതീവ്രമായി ധ്യാനിച്ചുകൊണ്ട് ഈ കിരണത്തെ തന്റെ രേതസ്സിനോടൊപ്പം അദിതിയുടെ യോനിയില്‍ നിക്ഷേപിച്ചു. അനേകവര്‍ഷത്തെ തപശ്ചര്യകൊണ്ടും നിഷ്ഠകൊണ്ടും സമാധിസമയത്ത് സൂക്ഷിച്ചുവച്ച രേതസ്സിന് ആര്‍ജ്ജവം കൂടുതലുമായിരുന്നു. അദിതിയടെ ഉദരത്തില്‍ പ്രഭാപൂരിതനായ ഭഗവാനെ ദര്‍ശിച്ച ബ്രഹ്മാവ് ഭഗവാനെ ഇപ്രകാരം സ്തുതിച്ചു: ഭഗവാന്‍, അവിടുന്ന് മൂന്നു് ലോകങ്ങളും കൈയ്യാളുന്നു, എന്നാല്‍ അവയ്ക്കെല്ലാമതീതനുമാണവിടുന്നു്. ഈ വിശ്വം മുഴുവന്‍ അവിടുന്നില്‍ നിലനില്‍ക്കുന്നു. വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു വൈക്കോല്‍ത്തുരുമ്പുപോലെയാണ് ഈ വിശ്വം മുഴുവനും. അങ്ങുതന്നെ എല്ലാ സൃഷ്ടികളും നടത്തുന്നു. എന്നിട്ടവകളില്‍ അന്തര്യാമിയായി പ്രവേശിക്കുന്നു. ഭഗവാന്‍ എന്നെന്നും വിജയിക്കട്ടെ.
വേദപുരാണങ്ങളില്‍, ഭഗവല്‍പ്രസാദത്താല്‍ ഭക്തന് ഐശ്വര്യം ലഭിക്കും എന്ന് വായിക്കാം. എന്നാല്‍ മറ്റു ചിലേടത്ത് ഭഗവാന്‍ ഭക്തന്റെ ഐശ്വര്യം കവര്‍ന്നുകൊണ്ടാണവനെ അനുഗ്രഹിക്കുക എന്നും പറയുന്നു. ഐശ്വര്യാനൈശ്വര്യങ്ങള്‍ രണ്ടും ഭഗവല്‍പ്രസാദങ്ങളത്രെ. എന്നാല്‍ അതും ശരിയല്ലെന്നു് ശാസ്ത്രം പറയുന്നു. ഇവ രണ്ടും മനോജന്യങ്ങളത്രെ. അതുകൊണ്ട് വിവേകിയായ ഒരുവന്‍ ഐശ്വര്യത്തേയും അനൈശ്വര്യത്തേയും യാതൊന്നിന്റേയും പേരില്‍ ആരോപിക്കുന്നില്ല.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF