ആദ്യാഗ്നയോ മേ സുഹുതാ യഥാവിധി
ദ്വിജാത്മജ ത്വച്ചരണാവനേജനൈഃ
ഹതാംഹസോ വാര്‍ഭിരിയം ച ഭൂരഹോ
തഥാ പുനീതാ തനുഭിഃ പദൈസ്തവ (8-18-31)
ശുകമുനി തുടര്‍ന്നു:
വിജയദ്വാദശി എന്നറിയപ്പെടുന്ന പുണ്യദിനത്തില്‍ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷത്തിന്റെ പന്ത്രണ്ടാംദിനത്തില്‍ , ചന്ദ്രന്‍ ശ്രാവണത്തില്‍ നില്‍ക്കുന്നു അഭിജിത്ത് എന്നറിയപ്പെടുന്ന ദിനത്തില്‍ , കശ്യപമുനിയുടെ ഗൃഹത്തില്‍ അദിതിയുടെ മകനായി ഭഗവാന്‍ അവതരിച്ചു. എല്ലാ സ്വര്‍ഗ്ഗരാശികളും ആഹ്ലാദഭരിതരാവുകയും ആ ദിനം കൊണ്ടാടുകയും ചെയ്തു. ഭഗവാന്റെ അവതാരമാതാപിതാക്കളായ കശ്യപനും അദിതിയും അതീവസന്തുഷ്ടരായി ‘ഭഗവാന്‍ ജയിപ്പൂതാക’ എന്നു പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ഭഗവാന്റെ അവതാരസമയത്തുതന്നെ നാലു തൃക്കരങ്ങളും മറ്റു ദിവ്യവസ്തുക്കളും ഉണ്ടായിരുന്നു. മഞ്ഞപ്പട്ടുടയാടയും ചാര്‍ത്തി ഭഗവാന്‍
കാണപ്പെട്ടു. എന്നാല്‍ ക്ഷണനേരംകൊണ്ട് ഭഗവാന്‍ കുളളനായ ഒരു ബാലന്റെ രൂപമെടുത്തു.
ബാലന് ഉപനയനം നടത്തുവാന്‍ അവര്‍ തീരുമാനിച്ചു. ദേവന്മാര്‍ സ്വയം ആശംസകള്‍ അര്‍പ്പിക്കാനെത്തി. ബൃഹസ്പതിയാണ് പൂണൂല്‍ നല്‍കിയത്. കശ്യപന്‍ പുല്ലുകൊണ്ടുണ്ടാക്കിയ വസ്ത്രം നല്‍കി. ഭൂമീദേവി മാന്‍തോല്‍ നല്‍കി. സോമന്‍ ദണ്ഡു നല്‍കി. അദിതി വസ്ത്രങ്ങള്‍ നല്‍കി. ആകാശദേവനായ ദ്യോവ് ബാലന് കുട നല്‍കി. ബ്രഹ്മാവ് കമണ്ഡലവും സരസ്വതി രുദ്രാക്ഷവും നല്‍കി. കുബേരന്‍ ഭിക്ഷാപാത്രവും ഉമ ഭിക്ഷയും നല്‍കി.
ബലി ഭഗവല്‍പ്രീതിക്കായി അശ്വമേധയാഗം നടത്തുന്നു എന്നറിഞ്ഞ വാമനന്‍ അവിടേക്കു പോയി. വാമനന്‍ കടന്നുചെല്ലുമ്പോള്‍ യാഗശാല മുഴുവന്‍ പ്രഭാപൂരം കൊണ്ടു. ഋഷിമുനിമാരേക്കാള്‍ തേജസ്സുറ്റവനായി ഭഗവാന്‍ വിളങ്ങി. യാഗസഭ മുഴുവന്‍ എഴുന്നേറ്റു നിന്നു് വാമനനെ സ്വീകരിച്ചു. ബലി സ്വയം വാമനനെ ഉചിതമായി സ്വീകരിച്ചാനയിച്ച് അതിഥിയുടെ പാദം കഴുകി. ആ തീര്‍ത്ഥജലം തലയില്‍ തളിച്ചു. എന്നിട്ടു് വാമനനോടു പറഞ്ഞു: സ്വാഗതം മഹാത്മാവേ, നമസ്കാരം. ഇന്നത്തെ ദിനം എനിക്ക് സര്‍വ്വഥാ ഏറ്റവും അനുഗൃഹീതമായ ഒന്നത്രെ. ഞങ്ങളുടെ പൂര്‍വ്വികര്‍ പോലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ യാഗാഗ്നിക്ക് പ്രത്യേകമൊരു പവിത്രത കാണപ്പെടുന്നു. യഥോചിതമാണവ തെളിയുന്നതെന്നും എനിക്കു തോന്നുന്നു. അങ്ങയുടെ പാദതീര്‍ത്ഥം തളിച്ചതുകൊണ്ട് ഈ നാടും ഞാനും സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തമായിരിക്കുന്നു. അങ്ങേക്ക് വേണ്ടതെന്താണെങ്കിലും എന്നില്‍ നിന്നു സ്വീകരിക്കാന്‍ ഞാനങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF