ചിത്രം തവേഹിതമഹോഽമിതയോഗമായാ ഏ
ലീലാവിസൃഷ്ട ഭുവനസ്യ വിശാരദസ്യ
സര്‍വാത്മനഃ സമദൃശോ വിഷമഃ സ്വഭാവോ
ഭക്തപ്രിയോ യദസി കല്‍പ്പതരുസ്വഭാവഃ (8-23-8)
ബന്ധനമുക്തനായ ബലി പറഞ്ഞുഃ
അവിടുത്തെ പാദാരവിന്ദങ്ങളോടുളള ഭക്തിയുടെ മഹിമ വിവരണാതീതമത്രെ. ഭഗവാന്‍, ഒരു തവണയെങ്കലും അവിടുത്തെ ആത്മാര്‍ത്ഥമായി വണങ്ങി പൂജിച്ചുവെന്നാല്‍ ക്രൂരരാക്ഷസനായ എന്നേപ്പോലുളളവര്‍ക്കുപോലും അനുഗ്രഹസിദ്ധിയുണ്ടാകുന്നു. സ്വര്‍ഗ്ഗവാസികള്‍പോലും കാംക്ഷിക്കുന്ന അപൂര്‍വ്വ സൗഭാഗ്യമത്രെ അത്.
പ്രഹ്ലാദന്‍ പറഞ്ഞുഃ
ഭഗവന്‍, അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ തികച്ചും അജ്ഞേയങ്ങളത്രെ. അങ്ങ്, വിശ്വനാഥനാണല്ലോ. എന്നിട്ടും നരകലോകം സംരക്ഷിക്കാന്‍ സ്വയം സന്നദ്ധനായിരിക്കുന്നുത് വിചിത്രം തന്നെ. അങ്ങ് അസുരന്‍മാരെ അനുഗ്രഹിക്കുവാന്‍ തിരഞ്ഞെടുത്തത് അത്യത്ഭുതത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. കാരണം സ്വര്‍ഗ്ഗവാസികളും മാമുനിമാരും ആഗ്രഹിക്കുന്നതെന്തോ അതാണ് ഞങ്ങള്‍ക്ക് ലഭ്യമായിരിക്കുന്നത്. അവിടുന്ന് ലീലയായി മാത്രം ഈ വിശ്വത്തെ സൃഷ്ടിച്ചിരിക്കുന്നു. എല്ലാറ്റിലും വിളങ്ങുന്ന ആത്മാവ് അവിടുന്നു തന്നെ. എങ്കിലും സ്വഭക്തന്മാരില്‍ അവിടുത്തെ കൃപാസാഗരം ചൊരിയുന്നു ഭക്തന്മാരോടുളള ഈ പ്രത്യേകതയും അത്ഭുതം തന്നെ. കല്‍പവൃക്ഷം അങ്ങനെയാണല്ലോ. ആഗ്രഹസഫലീകരണത്തിന് വരുന്നവരുടെ യോഗ്യത നോക്കിയല്ല അങ്ങനെയുളള വൃക്ഷം അവര്‍ക്ക് ഫലം നല്‍കുന്നത്.
ഭഗവാന്‍ പറഞ്ഞുഃ
പ്രഹ്ലാദരേ, ചെറുമകന്‍ ബലിയുമായി നരകത്തില്‍ പോയി വസിച്ചാലും. അവിടെ ഗദാധാരിയായി എന്നെ എപ്പോഴും കാണാനാവും. എന്നെ ദിനവും നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരുവനെ അജ്ഞത സമീപിക്കുക പോലുമില്ല.
ശുകമുനി തുടര്‍ന്നുഃ
ഭഗവാനെ വീണ്ടും വീണ്ടും നമസ്കരിച്ച് ബലിയും പ്രഹ്ലാദനും സുതലമെന്ന നരകത്തിലേക്ക് പോയി. ഭഗവാന്‍ സ്വയം ശുക്രാചാര്യനോട് കല്‍പ്പിച്ചതനുസരിച്ച് മുടങ്ങിപ്പോയ യാഗം പൂര്‍ത്തിയാക്കി. ശുക്രാചാര്യന്‍ പറഞ്ഞു. അവിടുത്തെ സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രം ഈ യാഗം പരിപൂര്‍ണ്ണതയിലെത്തിയിരിക്കുന്നു. അവിടുത്തെ നാമോച്ചാരണമാത്രയില്‍തന്നെ യാഗത്തിലെ പോരായ്മകള്‍ – തെറ്റായ മന്ത്രോച്ചാരണം തുടങ്ങിയവ – ഇല്ലാതായിരിക്കുന്നു. എങ്കിലും അവിടുത്തെ കല്‍പനപോലെ ഈ യാഗം ഞാന്‍ പൂര്‍ത്തിയാക്കിക്കൊളളാം. ഭഗവാന്‍ ഇന്ദ്രനെ സ്വര്‍ഗ്ഗാധിപനായി വാഴിച്ചു. സ്വയം ഇന്ദ്രാനുജനായ വാമനരൂപത്തില്‍ ഭഗവാന്‍ വിശ്വനാഥനായി. ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ദേവന്മാരാണ് ഭഗവാനെ വിശ്വസംരക്ഷകനായി അവരോധിച്ചത്. ദേവന്മാരും മുനിമാരും തങ്ങളുടെ ഇടങ്ങളിലേക്ക് മടങ്ങിപ്പോയി. ഭഗവാന്റെ മഹിമകള്‍ അങ്ങനെയൊക്കെയാണ് പരിക്ഷിത്തേ. ആര്‍ക്കും ആ മഹിമയെ അളക്കാന്‍ സാദ്ധ്യമല്ല തന്നെ. ഞാന്‍ പറഞ്ഞു തന്ന ഈ ചരിതം ചെറിയൊരംശം മാത്രമെ ആകുന്നുളളൂ. ഈ വാമനാവതാരകഥ എല്ലാ യാഗകര്‍മ്മാദിയവസരങ്ങളിലും പാടേണ്ടതത്രെ. അങ്ങനെയുളള ഭക്തന് പരമപദാനുഗ്രഹം ലഭിക്കുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF