ഭാഗവതം നിത്യപാരായണം

പൃഷധരാഖ്യാനവും കരൂഷാദിവംശവര്‍ണ്ണനയും – ഭാഗവതം (195)

വിമുക്തസംഗഃ ശാന്താന്മാ സംയതാക്ഷോഽപരിഗ്രഹഃ
യദൃച്ഛയോപപന്നേന കല്‍പയന്‍ വൃത്തിമാത്മനഃ (9-2-12)
ആത്മന്യാത്മാനമാധായ ജ്ഞാനതൃപ്തഃ സമാഹിതഃ
വിചചാര മഹീമേതാം ജഡാന്ധബധിരാകൃതിഃ (9-2-13)
ഏവം വൃത്തോ വനം ഗത്വാ ദൃഷ്ട്വാ ദാവാഗ്നി മുത്ഥിതം
തേനോപയുക്തകരണോ ബ്രഹ്മ പ്രാപ പരം മുനിഃ (9-2-14)

ശുകമുനി തുടര്‍ന്നുഃ
സുദ്യുമ്നന്‍ സന്ന്യാസം സ്വീകരിച്ച്‌ വനവാസം തുടങ്ങിയതുകൊണ്ട്‌ വൈവസ്വതമനു ദുഃഖിതനായി. ഒരു പുത്രന്‍ കൂടിയുണ്ടാവണമെന്നാഗ്രഹിക്കുകയും ചെയ്തു. ആഗ്രഹപൂര്‍ത്തിക്കായി അദ്ദേഹം ഭഗവാനെ പൂജിച്ചു. തല്‍ഫലമായി പത്തു പുത്രന്മാരുണ്ടായി. അതില്‍ മൂത്തയാളത്രെ ഇക്ഷ്വാകു. മക്കളില്‍ ഒരാള്‍ പൃഷധരന്‍, ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കാലി മേയ്ക്കാന്‍ പോയി. ഒരു രാത്രിയില്‍ പൃഷധരന്‍ കാലികളെ ജാഗരൂകനായി സൂക്ഷിച്ചിരുന്നുവെങ്കിലും പെട്ടെന്നു് കാര്‍മേഘം മൂടി ഇരുട്ടായതിനാല്‍ പശുക്കളെ എല്ലാം കാണാന്‍ കഴിയുമായിരുന്നില്ല. ഒരു പുലി കാലിക്കൂട്ടത്തില്‍ കയറി ഒരു പശുവിനെ പിടികൂടി. അത്‌ അലമുറയിടാനും തുടങ്ങി. പൃഷധരന്‍ ക്ഷണനേരം കൊണ്ടവിടെ എത്തി വാളെടുത്ത്‌ വെട്ടിയതാകട്ടെ ഒരു പശുവിന്റെ തലയും. പുലിയ്ക്കു മുറിവു പറ്റിയെങ്കിലും അത്‌ കാട്ടിലേക്കോടി രക്ഷപ്പെട്ടു. പ്രഭാതമായപ്പോഴേ പൃഷധരന്‌ അബദ്ധം മനസിലായുളളു. ഗുരുവായ വസിഷ്ഠന്‍ പൃഷധരനോടു പൊറുത്തില്ല. രാജകുമാരസ്ഥാനവും നഷ്ടപ്പെട്ട്‌ ശൂദ്രനായി അലയാന്‍ ഗുരു അയാളെ ശപിച്ചു.

ഗുരുശാപം ശിരസ്സാ വഹിച്ച്‌ പൃഷധരന്‍ ആജീവനാന്തകാലം ബ്രഹ്മചര്യവ്രതമെടുത്ത്‌ ഭഗവാനില്‍ ഹൃദയമര്‍പ്പിച്ച്‌ പരമഭക്തി വളര്‍ത്തിയെടുത്തു. എല്ലാ ആസക്തികളില്‍ നിന്നും വിടുതല്‍ നേടി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്, ആശയോ ആവശ്യങ്ങളോ ഇല്ലാതെ ശാന്തനായി, തനിക്കു കിട്ടുന്നതെന്തോ അതാഹരിച്ച്‌ ആത്മാരാമനായി ഭൂമിയിലങ്ങനെ അദ്ദേഹം അലഞ്ഞു നടന്നു. കുരുടനോ പൊട്ടനോ, വിഡ്ഢിയോ എന്നു തോന്നുമാറു് പൃഷധരന്‍ കഴിഞ്ഞുപോന്നു. ഒരു ദിനം കാട്ടുതീയില്‍ അകപ്പെട്ട്‌ അദ്ദേഹം മോക്ഷം പ്രാപിച്ചു. വൈവസ്വതമനുവിന്റെ മറ്റൊരു മകന്‍ കവി, ചെറുപ്രായത്തില്‍ത്തന്നെ സന്യാസം സ്വീകരിച്ച്‌ കാട്ടിലേക്ക്‌ പോയി ആത്മസാക്ഷാത്കാരം പൂകി. അദ്ദേഹത്തിന്റെ പുത്രനായ കരൂഷനില്‍ നിന്നു്‌ കാരൂഷാഗോത്രമുണ്ടായി. മറ്റൊരു പുത്രനായ ധൃഷ്ടന്റെ പിന്‍ഗാമികളായ ധാര്‍ഷ്ടന്മാര്‍ ബ്രാഹ്മണരായി.

വേറൊരു പുത്രനായ ദിഷ്ടന്റെ കുലത്തിലെ മരുത്തന്‍ ഒരു ചക്രവര്‍ത്തിയായി അനിതരസാധാരണമായതും വിപുലവുമായ ഒരു യാഗം നടത്തി. അതിനുപയോഗിച്ച പാത്രങ്ങളെല്ലാം സ്വര്‍ണ്ണ നിര്‍മ്മിതമായിരുന്നുവത്രെ. ദേവന്മാരും ബ്രാഹ്മണരും തങ്ങള്‍ക്കു കിട്ടിയ അര്‍ഘ്യങ്ങളിലും സമ്മാനങ്ങളിലും സന്തുഷ്ടരായി. വായുദേവതകള്‍ സ്വയം യാഗശാലയില്‍ അതിഥികളെ സ്വീകരിക്കാനാഗതരായി എന്ന്‌ പറയപ്പെടുന്നു. മരുത്തന്റെ പിന്‍ഗാമിയായ തൃണബിന്ദു ദിവ്യഗുണങ്ങളുടെ മൂര്‍ത്തീഭാവമായിരുന്നു. അദ്ദേഹം അലംബു, എന്ന അപ്സരസ്സിനെ വിവാഹം ചെയ്തു. അതില്‍ കുറെയേറെ പുത്രന്മാരും ഒരു മകളും ഉണ്ടായി. അതേ ഗോത്രത്തില്‍ തന്നെയാണ്‌ വൈശാലി നഗരം നിര്‍മ്മിച്ച വിശാലന്റെ ജനനം. ഭക്തശിരോമണിയായി ജീവിച്ച്‌ ആത്മസാക്ഷാത്കാരം നേടിയ സോമദത്തനും ഇതേ ഗോത്രക്കാരനത്രെ. ജനമേജയന്‍ സോമദത്തന്റെ ചെറുമകനാണ്‌.

മനുവിന്റെ മറ്റു മക്കള്‍ക്കും പിന്‍ഗാമികളുണ്ടായിരുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button