സാധവോ ന്യാസിനഃ ശാന്താ ബ്രഹ്മിഷ്ഠാ ലോകപാവനാഃ
ഹരന്ത്യഘം തേഽംഗസംഗാത് തേഷ്വാസ്തേ ഹ്യഘഭിദ്ധരിഃ (9-9-6)
ശുകമുനി തുടര്‍ന്നുഃ
അംശുമാന്‍ ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവരാനായി പലേ തപഃശ്ചര്യകളിലും ഏര്‍പ്പെട്ടു. എന്നാല്‍ ആഗ്രഹസഫലീകരണത്തിനു മുന്‍പ് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ദിലീപനും ഈ പരിശ്രമത്തില്‍ മുഴുകി. ദിലീപിന്റെ മകന്‍ ഭഗീരഥന് കഠിനമായ തപസ്സിന്റെ ഫലമായി ഒരു സ്വപ്നദര്‍ശനമുണ്ടായി.
സ്വര്‍ഗ്ഗീയ ഗംഗ പ്രത്യക്ഷപ്പെട്ടു പറഞ്ഞുഃ “ഭൂമിയിലേക്കു വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ എന്റെ ശക്തിയെ കൈക്കൊളളാന്‍ കഴിവുളള ഒരാളെ കണ്ടെത്തണം. ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ നദീജലത്തിന്റെ ശക്തി അതീവമായിരിക്കും. മാത്രമല്ല പാപപങ്കിലര്‍ നദിയില്‍ കുളിക്കുന്നുതു മൂലം അശുദ്ധമാവുമ്പോള്‍ എനിക്ക് എങ്ങനെയാണ് ശുദ്ധീകരണമുണ്ടാവുക? ഭഗീരഥന്‍ രണ്ടുപ്രശ്നങ്ങള്‍ക്കും മറുപടിയായി പറഞ്ഞുഃ രുദ്രഭഗവാന്‍ അവിടുത്തെ ശക്തിയെ കൈകൊളളും. പുണ്യചരിതരായ ഋഷിമുനിമാര്‍ സ്വയം ലോകത്തെ മുഴുവന്‍ ശുദ്ധീകരിക്കുന്നു. ഗംഗാജലത്തില്‍ അവര്‍ കുളിക്കുമ്പോള്‍ ആ ജലം പരിശുദ്ധമായിത്തീരും. കാരണം അവരില്‍ നിര്‍മ്മലനായ ഭഗവാന്‍ സ്വയം എപ്പോഴും എല്ലാ മഹിമയോടും കൂടി നിറഞ്ഞു വിളങ്ങുന്നു.
ഭഗീരഥന്‍ പരമശിവനോട് ഗംഗാപ്രവാഹത്തിന്റെ ശക്തിയെ തടയാന്‍ പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ ഹരിയുടെ പാദസ്പര്‍ശനമേറ്റ ഗംഗയെ പരമശിവന്‍ സ്വന്തം ശിരസ്സില്‍ കൈക്കൊണ്ടു. ഭഗീരഥന്‍ പിന്നീട് ഗംഗയെ തന്റെ പൂര്‍വ്വികരുടെ ചിതാഭൂമിയിലൂടെ നയിച്ചു. ഗംഗാജല സ്പര്‍ശമാത്രയില്‍ ഭഗീരഥമാതുലന്‍മാര്‍ സ്വര്‍ഗ്ഗം പൂകി. ഭഗവല്‍സ്പര്‍ശനഭാഗ്യമുണ്ടായ ഗംഗാജലം കൊണ്ട് ഇതു സംഭവിച്ചതില്‍ അത്ഭുതമെന്തുളളു? ഭഗീരഥന്റെ കുടുംബത്തിലാണ് സുദാസന്റെ ജനനം. മിത്രദാസനെന്നും കല്‍മഷപാദന്‍ എന്നും അയാള്‍ക്ക് പേരുകളുണ്ടായിരുന്നു. ഒരിക്കല്‍ നായാട്ടുസമയത്ത് അദ്ദേഹം ഒരു കാട്ടാളനെ കൊന്നു. കാട്ടാളന്റെ സഹോദരനെ വെറുതെ വിട്ടുവെങ്കിലും അവന്റെ മനസ്സില്‍ കഠിനമായ പകയുണ്ടായിരുന്നു. അയാള്‍ ഒരു പാചകക്കാരന്റെ വേഷത്തില്‍ രാജാവിന്റെ അടുക്കള ജോലിക്കാരനായി.
ഒരിക്കല്‍ വസിഷ്ഠമുനി കൊട്ടാരം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് വിളമ്പിയത് മനുഷ്യമാംസമായിരുന്നു. കാട്ടാളന്റെ കുസൃതിയില്‍ കോപിതനായി മുനി രാജാവിനെ ശപിച്ചു. “ഈ പാപത്തിന് നീ ദുരാത്മാവായി അലയാനിടവരട്ടെ.”എന്നാല്‍ പാചകക്കാരന്റെ കുല്‍സിതത്താലാണ് അബദ്ധമുണ്ടായതെന്നറിഞ്ഞ മുനി ശാപകാലം പന്ത്രണ്ടു വര്‍ഷത്തേക്കായി ചുരുക്കി. രാജാവാകട്ടെ മുനിയെ ശപിക്കാനൊരുമ്പെടുകയും ചെയ്തു. ജലം കയ്യില്‍ എടുത്തപ്പോഴേയ്ക്ക് ഭാര്യ അതു തടഞ്ഞു. അങ്ങനെ കയ്യിലെടുത്ത ജലം സ്വന്തം പാദത്തിലേക്ക് രാജാവ് ഒഴിച്ചു. ശാപജലം കാലിലൊഴിച്ചാല്‍ മറ്റു ജീവികള്‍ക്കൊന്നിനും ശല്യമുണ്ടാവുകയില്ല എന്നതുകൊണ്ടാണ് രാജാവങ്ങനെ ചെയ്തത്. അങ്ങനെ രാജാവ് മിത്രസഹനും കല്‍മഷപാദനുമായി അറിയപ്പെട്ടു. രാജാവ് ദുരാത്മാവായി അലഞ്ഞുനടന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ബ്രാഹ്മണദമ്പതികള്‍ കാമലീലയിലേര്‍പ്പെട്ടിരിക്കുന്നതു കണ്ട് ഭയമേതുമില്ലാതെ ആ ഭര്‍ത്താവിനെ സത്വം വിഴുങ്ങിക്കളഞ്ഞു. മിഥുനത്തിലെ ഭാര്യ തന്റെ അന്തര്‍നേത്രം കൊണ്ട് പ്രേതത്തിന്റെ രാജവ്യക്തിത്വം തിരിച്ചറിഞ്ഞു. തന്റെ ഭര്‍ത്താവ് ബ്രാഹ്മണനും വിദ്യാസമ്പന്നനും സദാചാരിയുമാണെന്നും വധിക്കരുതെന്നും രാജാവിനോട് അപേക്ഷിച്ചു. എന്നാല്‍ തന്റെ യാചനകൊണ്ട് പ്രേതത്തിന്റെ ഭാവത്തില്‍ മാറ്റമൊന്നുമില്ലെന്നു കണ്ട സ്ത്രീ രാജാവിനെ ശപിച്ചു. “നീ നിന്റെ ഭാര്യയെ കാമലീലയ്ക്കായി തൊടുന്ന നിമിഷം മരിച്ചു പോകട്ടെ.” എന്നിട്ട് തന്റെ ഭര്‍ത്താവിന്റെ അസ്ഥികൂടം എടുത്ത് ചിതയില്‍വെച്ച് താനും അതില്‍ക്കയറി ഇഹലോകം വെടിഞ്ഞു. അതുകൊണ്ട് രാജാവിന് മക്കളുണ്ടായിരുന്നില്ല. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വസിഷ്ഠന്‍ രാജപത്നിയില്‍ ഒരു പുത്രനെ ജനിപ്പിച്ചു. ഗര്‍ഭസ്ഥശിശു ഏഴുകൊല്ലം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞു. അവസാനം വസിഷ്ഠന്‍ ഒരു കല്ലെടുത്ത് രാജ്ഞിയുടെ വയറ്റില്‍ ഇടിച്ചപ്പോഴാണ് അവന്‍ പുറത്തുവന്നത്. ഇതേ കുടുംബത്തിലാണ് ഖട്വാംഗന്‍ ജനിച്ചത്. മഹാനായ രാജാവായിരുന്നു അദ്ദേഹം. തന്റെ മരണത്തിത് ഒരു മണിക്കൂര്‍ മുന്‍പ് അദ്ദേഹത്തിന് കാര്യം മനസ്സിലായി. ഉടനേ തന്നെ മനസാ അദ്ദേഹം മൂന്നു ലോകങ്ങളും ത്യജിച്ചു. അവയെല്ലാം തികച്ചും ക്ഷണികങ്ങളും അസ്ഥിരവും അസത്തും ആണെന്നു കണ്ട് ഭഗവാനില്‍ പൂര്‍ണ്ണമായും സ്വയം സമര്‍പ്പിച്ചു. ഉടനെ തന്നെ ഖട്വാംഗന്‍ ഈശ്വരസാക്ഷാത്ക്കാരം നേടി. ഭഗവാന്‍ വാസുദേവന്റെ സര്‍വ്വാന്തര്യാമിത്വം അനുഭവിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF