വിധായാളീകവിശ്രംഭമജ്ഞേഷു ത്യക്തസൗഹൃദാഃ
നവം നവമഭീപ്സന്ത്യഃ പുംശ്ചല്യഃ സ്വൈരവൃത്തയഃ (9-14-38)
ഏക ഏവ പുരാ വേദഃ പ്രണവഃ സര്‍വവാങ്മയഃ
ദേവോ നാരായണോ നാന്യ ഏകോഽഗ്നിര്‍വര്‍ണ്ണ ഏവ ച (9-14-48)
പുരൂരവസ ഏവാസീത് ത്രയീ ത്രേതാമുഖേ നൃപ
അഗ്നിനാ പ്രജയാ രാജാ ലോകം ഗാന്ധര്‍വമേയിവാന്‍ (9-14-49)
ശുകമുനി തുടര്‍ന്നുഃ
അത്രി സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ പുത്രനായിരുന്നു. അദ്ദേഹത്തിന്റെ സന്തോഷാശ്രുക്കളില്‍ നിന്നു് ചന്ദ്രദേവതയായ സോമന്‍ അമൃതു നിറഞ്ഞവനായി ജനിച്ചു. സ്രഷ്ടാവ് സോമനെ മഹര്‍ഷിമാരുടെ സംരക്ഷയ്ക്കായും ഔഷധച്ചെടികളുടെ രക്ഷയ്ക്കായും നിയമിച്ചു. നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഉന്നതമായൊരു സ്ഥാനവും നല്‍കി. ഒരിക്കല്‍ സോമന്‍ ദേവഗുരുവായ ബൃഹസ്പതിയുടെ ഭാര്യ താരയെ പ്രലോഭിപ്പിച്ചു. താരയില്‍ ബുധന്‍ ജനിച്ചു. പുരൂരവസ്സ് ബുധന്റെ മകനാണ്. അദ്ദേഹം അതീവസുന്ദരനും സദ്‌വൃത്തനുമായിരുന്നു. അപ്സരസ്സായ ഉര്‍വ്വശി പുരൂരവസ്സില്‍ അനുരക്തയായി. പ്രേമപുരസ്സരം പുരൂരവസ്സിനെ സമീപിച്ച് രണ്ട് ആട്ടിന്‍കുട്ടികളെ കൊടുത്ത് ഉര്‍വ്വശി പറഞ്ഞു. “അങ്ങ് ഇവകളെ സംരക്ഷിക്കുന്ന കാലമത്രയും ഞാന്‍ അങ്ങയോടുകൂടി കഴിഞ്ഞു കൊളളാം. പക്ഷെ ഒരു നിബന്ധന. മൈഥുനാവസരത്തിലല്ലാതെ അങ്ങയുടെ നഗ്നശരീരം എനിക്ക് കാണാനിടയാവരുത്.”പുരൂരവസ്സ് നിബന്ധനകള്‍ സമ്മതിച്ച് ഉര്‍വ്വശിയുമായി സസന്തോഷം കഴിഞ്ഞുവന്നു.
ഇന്ദ്രസഭയില്‍ ഉര്‍വ്വശിയുടെ അസാന്നിദ്ധ്യം അറിഞ്ഞു തുടങ്ങി. ഇന്ദ്രന്‍ കുറെ ഗന്ധര്‍വന്‍മാരെ വിട്ട് ഉര്‍വ്വശിയെ തിരഞ്ഞുപിടിച്ചു തിരികെ കൊണ്ടുവരാന്‍ ഏര്‍പ്പാടു ചെയ്തു. അവര്‍ പുരൂരവസ്സിന്റെ കൊട്ടാരത്തില്‍ ചെന്ന് രാത്രിസമയത്ത് ആട്ടിന്‍കുട്ടികളെ അപഹരിച്ചു. അവകളുടെ കരച്ചില്‍ കേട്ട് ഉര്‍വ്വശി രോഷാകുലയായി. ആട്ടിന്‍കുട്ടികള്‍ക്ക് സംരക്ഷണയേകാത്തതില്‍ രാജാവിനെ ശകാരിച്ചു. രാജാവ് പെട്ടെന്നു കിടക്കയില്‍നിന്നുമെണീറ്റ് വാളുമെടുത്ത് പുറപ്പെട്ടു. ധൃതിയില്‍ വസ്ത്രം ധരിക്കാന്‍ മറന്നു പോയിരുന്നു. ഗന്ധര്‍വന്‍മാര്‍ ആട്ടിന്‍കുട്ടികളെ കൊട്ടാരത്തിനടുത്ത് ഉപേക്ഷിച്ചിരുന്നു. ഇടിമിന്നല്‍ വെളിച്ചത്തില്‍ ഉര്‍വ്വശി രാജാവിനെ ദിഗംബരനായി കണ്ടു. അങ്ങനെ സ്വന്തം തീരുമാനപ്രകാരം രാജാവിനെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. രാജാവ് ഉര്‍വ്വശിയുടെ പിറകെ ചെന്നു തിരിച്ചുവരാന്‍ കേണപേക്ഷിച്ചു. എന്നാല്‍ അപ്സരസ്സാകട്ടെ, സ്ത്രീപുരുഷബന്ധങ്ങള്‍ സ്വാര്‍ത്ഥത, ദുഃഖം, ദുരിതം, ഇവ നിറഞ്ഞതാണെന്നു സമര്‍ത്ഥിച്ചു.
അവള്‍ പറഞ്ഞു. “ദുര്‍മ്മതിയായ സ്ത്രീകള്‍ അജ്ഞാനിയായ പുരുഷന്‍മാരില്‍ വിശ്വാസമുളവാക്കിയതിനു ശേഷം എല്ലാ സൗഹൃദഭാവവും ഉപേക്ഷിക്കുന്നു. എന്നിട്ട് പുതിയ പുതിയ നേട്ടങ്ങളില്‍ ശ്രദ്ധവയ്ക്കുന്നു.” ഉര്‍വ്വശി രാജാവിന്റെകൂടെ ഒരു വര്‍ഷം കഴിഞ്ഞ് ഒരു ദിവസം കൂടിക്കഴിയാം എന്നറിയിച്ചു. അവള്‍ ഈ വാഗ്ദാനം നിറവേറ്റിയെങ്കിലും രാജാവിന് സംതൃപ്തിയായില്ല. പുരൂരവസ്സ് ഗന്ധര്‍വന്‍മാരെ ഒരു പ്രാര്‍ത്ഥന ചൊല്ലി ആരാധിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന് ഒരു പാത്രത്തില്‍ അഗ്നി നല്‍കി. അതിലൂടെ ഭഗവാനെ പൂജിച്ച് ഉര്‍വ്വശിയെ സമ്മാനമായി നേടാമെന്ന് ഗന്ധര്‍വന്‍മാര്‍ അറിയിച്ചു. വികാരവിവശനായ രാജാവ് പാത്രത്തെ ഉര്‍വ്വശിയെന്നു കരുതി അതുമായി പലയിടങ്ങളിലും അലഞ്ഞുനടന്നു. പക്ഷെ അതിന്റെ സത്യാവസ്ഥ മനസ്സിലായപ്പോള്‍ പാത്രം കാട്ടിലുപേക്ഷിക്കുകയും ചെയ്തു.
ത്രേതായുഗം പിറന്നപ്പോള്‍ അഗ്നിപൂജയെപ്പറ്റി രാജാവിന് ഓര്‍മ്മവരികയും വനത്തിലേക്ക് തിരിക്കുകയും ചെയ്തു. അവിടെ അഗ്നി ലഭിക്കാഞ്ഞ് യാഗാഗ്നി കൊളുത്താന്‍ രണ്ടു തടിക്കഷണങ്ങള്‍ എടുത്തു. താഴത്തേത് ഉര്‍വ്വശിയെന്നും മുകളിലത്തേത് താനെന്നും സങ്കല്‍പ്പിച്ച് അതിനു രണ്ടിടയിലുമുളളത് പ്രജനനമാണെന്നും കരുതി. ഉര്‍വ്വശീലാഭത്തിനുവേണ്ടി നടത്തിയ യജ്ഞത്തില്‍ നിന്നും മൂന്ന് അഗ്നിപൂജകളുണ്ടായി. അങ്ങനെ സങ്കല്‍പ്പിച്ച് അഗ്നിയുണ്ടാക്കി പുരൂരവസ്സ് ദേവലോകം പൂകി. ത്രേതായുഗത്തിനു മുന്‍പ് ഒരേ ഒരു വേദം മാത്രം -ഓം- മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരേ ഒരു ദേവത – നാരായണന്‍. ഒരേ ഒരു അഗ്നി. ഒരേ ഒരു ജാതി. ഇവ മാത്രമെ ഉണ്ടായിരുന്നുളളൂ. പുരൂരവസ്സാണ് അവയെ മൂന്നാക്കിയത്. ആന്തരികാര്‍ത്ഥത്തില്‍ ഒരേയൊരു വിശ്വശാസ്ത്രമേയുളളുവെന്നും ദൈവം വിശ്വപുരുഷനാണെന്നും അഗ്നിനിറമുളള മനുഷ്യരെല്ലാം ഒരേ ജാതിയാണെന്നും മനസ്സിലാക്കാം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF