ഉത്തമശ്ചിന്തിതം കുര്യാത് പ്രോക്തകാരീ തു മദ്ധ്യമഃ
അധമോഽശ്രദ്ധയാ കുര്യാദകര്‍ത്തോച്ചരിതം പിതുഃ (9-18-44)
ശുകമുനി തുടര്‍ന്നുഃ
പുരൂരവസ്സിന്റെ പുത്രന്‍ ആയുവിന് അഞ്ചു പുത്രന്‍മാര്‍: നഹുഷന്‍ , ക്ഷത്രവൃദ്ധന്‍ , രജി, രംഭന്‍ , അനേനന്‍ എന്നിവര്‍ . നഹുഷന് ആറു പുത്രന്‍മാര്‍ : യതി, യയാതി, സംയാതി, ആയതി, വിയതി, കൃതി എന്നിവര്‍ . യതിക്ക് ലൗകികജീവിതത്തോട് താത്പര്യമൊന്നും ഇല്ലാതിരുന്നതിനാല്‍ സമയമായപ്പോള്‍ യയാതി രാജാവായി. മറ്റു നാലു സഹോദരന്‍മാര്‍ പ്രവിശ്യാ ഭരണാധികാരികളുമായി.
അസുര രാജാവായ വൃഷപര്‍വ്വന് ശര്‍മ്മിഷ്ഠ എന്ന പേരില്‍ ഒരു മകളും അസുര ഗുരുവായ ശുക്രാചാര്യര്‍ക്ക് ദേവയാനി എന്ന ഒരു മകളുമുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ തോഴിമാരുമൊത്ത് ഒരു തടാകത്തില്‍ നീരാടിക്കൊണ്ടിരിക്കുമ്പോള്‍ പരമശിവന്‍ ആ വഴി വരുന്നുതു കണ്ടു. ധൃതിയില്‍ എല്ലാവരും വസ്ത്രം വാരിവലിച്ചുടുത്തു. എന്നാല്‍ ശര്‍മ്മിഷ്ഠ അബദ്ധത്തില്‍ ദേവയാനിയുടെ വസ്ത്രമാണുടുത്തത്. ക്രുദ്ധയായ ദേവയാനി രാജകുലം ബ്രാഹ്മണകുലത്തേക്കാള്‍ താഴ്ന്നതാണെന്ന വിശ്വാസത്തില്‍ ശര്‍മിഷ്ഠയെ ശകാരിച്ചു: “ഞങ്ങള്‍ ബ്രാഹ്മണര്‍ ഭഗവാന്റെ വദനമാണ്. അസുരരാജപുത്രിയായ നിനക്കെങ്ങനെ ഞങ്ങളുടെ വസ്ത്രം ധരിക്കാന്‍ ധൈര്യം വന്നു?” മനഃസ്ഥൈര്യമുളള ശര്‍മ്മിഷ്ഠ ബ്രാഹ്മണകുലത്തെ നിന്ദിച്ച് തക്ക മറുപടി നല്‍കി: “നിങ്ങള്‍ വെറും പിച്ചക്കാര്‍ . ഞങ്ങളുടെ വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നു കാക്കകള്‍ക്കു സമം.” എന്നു പറഞ്ഞ് ദേവയാനിയുടെ വസ്ത്രം ചീന്തിക്കളഞ്ഞ് അവളെ അടുത്തുളള ഒരു കിണറ്റില്‍ തളളിയിടുകയും ചെയ്തു.
യയാതി അവിടെ ആ സമയം വരാനിടയായി. അദ്ദേഹം തന്നെ തന്റെ മേല്‍വസ്ത്രം ദേവയാനിക്കുടുക്കാന്‍ നല്‍കി. എന്നിട്ട് കൈ നീട്ടി കിണറ്റില്‍ നിന്നുവളെ കരയ്ക്കു പിടിച്ചുകയറ്റി. തന്റെ കൈ പിടിച്ചതുകൊണ്ട് തന്നെ വിവാഹം കഴിച്ചേ തീരൂ എന്ന് യയാതിയോട് ദേവയാനി ആവശ്യപ്പെട്ടു. അവള്‍ ബ്രാഹ്മണകുലത്തില്‍പ്പെട്ടവളാണ് എങ്കിലും ഭഗവല്‍ഹിതമെന്ന് കരുതി യയാതി സമ്മതിക്കുകയും ചെയ്തു. ദേവയാനി വീട്ടിലെത്തി ശര്‍മ്മിഷ്ഠയുടെ ദുഷ്പ്രവൃത്തിയെപ്പറ്റിയും ഉണ്ടായ സംഭവങ്ങളെപ്പറ്റിയും ശുക്രാചാര്യരോട് പറഞ്ഞു. ക്ഷിപ്രകോപിയായ ശുക്രാചാര്യന്‍ കൊട്ടാരം വിട്ടുപോവാന്‍ തീരുമാനിച്ചു. വൃഷപര്‍വ്വരാജാവ് ആചാര്യനോട് നഗരംവിട്ട് പോകരുതെന്നപേക്ഷിച്ചു. മുനി മകളുടെ മുഖത്തേക്ക് നോക്കി എന്ത് തിരുമാനിക്കണമെന്നാരാഞ്ഞു. ദേവയാനി പറഞ്ഞു. “ശര്‍മ്മിഷ്ഠ എന്റെ ഭൃത്യയായി വരുമെങ്കില്‍ മാത്രം അച്ഛനിവിടെ തുടര്‍ന്നാല്‍ മതി” രാജാവതു സമ്മതിച്ചു. ശുക്രന്‍ ദേവയാനിയെ യയാതിക്ക് നല്‍കി. പക്ഷേ രാജാവിന് ഒരു താക്കീതും നല്‍കി. ശര്‍മ്മിഷ്ഠയെ പ്രലോഭിപ്പിക്കരുത് എന്ന്. ദേവയാനി ഒരാണ്‍കുട്ടിക്ക് ജന്‍മം നല്‍കി. ശര്‍മ്മിഷ്ഠക്കും ഒരു പുത്രന്‍ വേണമെന്നാഗ്രഹം ജനിച്ചു. അവള്‍ യയാതിയെ സമീപിച്ചു. യയാതി അവളുടെ ആഗ്രഹം നിറവേറ്റി. ഇതില്‍ അതീവക്രുദ്ധയായ ദേവയാനി അച്ഛന്റെ അടുത്തേക്ക് പോയി. ശുക്രാചാര്യന്‍ യയാതിയെ ശപിച്ചു: “നിന്റെ യൗവനം നഷ്ടപ്പെട്ട് ഉടനേ നീയൊരു വൃദ്ധനാവട്ടെ.” തനിക്ക് ലൗകികസുഖം വേണ്ടപോലെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു രാജാവ് ശുക്രാചാര്യനോടപേക്ഷിച്ചു. ശുക്രാചാര്യന്‍ ശാപമോക്ഷമായി രാജാവിന് തന്റെ വാര്‍ദ്ധക്യം ഏതെങ്കിലും ഒരു ചെറുപ്പക്കാരനോട് കൈമാറ്റം ചെയ്യാമെന്നറിയിച്ചു. യയാതി തന്റെ പുത്രന്‍മാരെ സമീപിച്ചു. മൂത്ത മൂന്നുപേരും അതിനു തയ്യാറായില്ല. എന്നാല്‍ പൂരു അച്ഛന്റെ വാര്‍ദ്ധക്യം ഏറ്റെടുക്കാന്‍ തയ്യാറായി. “ഇതെന്റെ ഏറ്റവും വലിയ കടമയാണ്. അച്ഛന്റെ ആഗ്രഹങ്ങള്‍ മനസ്സില്‍ക്കണ്ട് അവയെ നിറവേറ്റുന്നവന്‍ ഉത്തമപുത്രനത്രെ. അച്ഛന്‍ പറഞ്ഞതു കേട്ട് പ്രവര്‍ത്തിക്കുന്നുവന്‍ മദ്ധ്യമന്‍ . അധമനായവന്‍ അച്ഛന്റെ നിര്‍ദ്ദേശം മനമില്ലാമനസ്സോടെ പ്രാവര്‍ത്തികമാക്കുന്നു. അച്ഛന്റെ വാക്കുകള്‍ അനുസരിക്കാത്തവന്‍ അച്ഛന്റെ ഉഛിഷ്ടമത്രെ.” അങ്ങനെ യയാതി യൗവനം വീണ്ടെടുത്തു. ദേവയാനിയുമായി ലൗകികസുഖങ്ങളനുഭവിച്ചു വാണു. അതോടൊപ്പം ധാര്‍മ്മിക പ്രവര്‍ത്തനങ്ങളും നയിച്ചുപോന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF