യത്‌ പൃഥിവ്യാം വ്രീഹിയവം ഹിരണ്യം പശവഃ സ്ത്രിയഃ
ന ദുഹ്യന്തി മനഃ പ്രീതിം പുംസഃ കാമഹതസ്യ തേ (9-19-13)
ന ജാതു കാമഃ കാമാനാമുപഭോഗന ശാമ്യതി
ഹവിഷാ കൃഷ്ണവര്‍ത്മേവ ഭൂയ ഏവാഭിവര്‍ധതേ (9-19-14)
യദാ ന കുരുതേ ഭാവം സര്‍വഭൂതേഷ്വമംഗളം
സമദൃഷ്ടേസ്തദാ പുംസഃ സര്‍വാഃ സുഖമയാ ദിശഃ (9-19-15)
യാ ദുസ്ത്യജാ ദുര്‍മ്മതിഭിര്‍ജ്ജീര്യതോ യാ ന ജീര്യതേ
താം തൃഷ്ണാം ദുഃഖനിവഹാം ശര്‍മ്മകാമോ ദ്രുതം ത്യജേത്‌ (9-19-16)
മാത്രാ സ്വസ്രാ ദുഹിത്രാ വാ നാവിവിക്താസനോ ഭവേത്‌
ബലവാനിന്ദ്രിയഗ്രാമോ വിദ്വാംസമപി കര്‍ഷതി (9-19-17)

ശുകമുനി തുടര്‍ന്നുഃ
താമസം വിനാ യയാതി തന്റെ ആത്മീയാധഃപതനത്തെപ്പറ്റി ബോധവാനായി. ഒരു ദിവസം ഭാര്യയോട്‌ ആത്മകഥാപരമായ ഒരു കഥ പറഞ്ഞു. “പ്രിയേ, ഒരിക്കല്‍ ഒരു പെണ്ണാട്‌ ഒരു കിണറ്റില്‍ വീണു. ഒരു കൂറ്റനാട്‌ അതുവഴി പോകാനിടയാവുകയും അതിനെ രക്ഷിക്കുകയും ചെയ്തു. പെണ്ണാടിന്‌ ആണിനോട്‌ സ്നേഹം തോന്നുകയും അവര്‍ വിവാഹം ചെയ്ത്‌ ജീവിക്കുകയും ചെയ്തു. ആണാടിനെ മറ്റൊരു പെണ്ണാട്‌ ആഗ്രഹിക്കുന്നുതുവരെ ദമ്പതികള്‍ സസുഖം വാണു. പെണ്ണാട്‌ ഉടമസ്ഥന്റെയടുക്കല്‍ അസൂയമൂലം പരാതിയുമായി ചെന്നു. ഉടമസ്ഥന്‍ കൂറ്റനാടിനെ ഷണ്ഡനാക്കി. എന്നാല്‍ അവന്റെ തുടര്‍ച്ചയായുളള അപേക്ഷ കേട്ട്‌ അവനു പുരുഷത്വം തിരിച്ചു നല്‍കി. തുടര്‍ന്നു്‌ ആണാടും പെണ്ണാടും ഇന്ദ്രിയസുഖങ്ങളനുഭവിച്ച്‌ ജീവിച്ചു.”

യയാതി തുടര്‍ന്നുഃ അങ്ങനെ ഞാന്‍ ഇന്ദ്രിയസുഖങ്ങളുടെ വലയില്‍ കുടുങ്ങിയിരിക്കുന്നു. എന്നാല്‍ ഒരു കാര്യം പ്രിയേ നീ മനസ്സിലാക്കണം. ഇന്ദ്രിയനിയന്ത്രണമില്ലാത്ത ഒരുവന്റെ കാമസംപൂര്‍ത്തിക്ക്‌ ഭക്ഷണമോ സ്ത്രീകളോ ഒന്നും മതിയാവില്ല. ഇന്ദ്രിയസുഖങ്ങള്‍ക്കുളള ആസക്തി അതില്‍ മുങ്ങി ജീവിക്കുമ്പോള്‍ തീരെ കുറയുന്നില്ലെന്നു മാത്രമല്ല തീയില്‍ നെയ്യൊഴിക്കുമ്പോലെ അതു വര്‍ദ്ധിക്കുന്നു. എന്നാല്‍ നാനാത്വഭാവങ്ങളെല്ലാമുപേക്ഷിച്ച്‌ എല്ലാറ്റിനേയും തന്റെ ആത്മാവായി കരുതുന്ന ഒരുവന്‍ എല്ലാ അനുഭവങ്ങളെയുംആസ്വദിച്ച്‌ ജീവിക്കുന്നു. ശാന്തിയും സുഖവുമാഗ്രഹിക്കുന്ന ഏതൊരുവനും ഇന്ദ്രിയാസക്തി ഉപേക്ഷിച്ച്‌ ഏതൊന്നിന്‌ വാര്‍ദ്ധക്യമുണ്ടാവുന്നില്ലയോ ഏതൊന്ന് ശരീരം നശിച്ചാലും നശിക്കുന്നില്ലയോ അതിനെകണ്ടെത്താന്‍ ശ്രമിക്കണം. അതുകൊണ്ട്‌ ഒരുവന്‍ തന്റെ അമ്മയോടൊത്തോ സഹോദരിയോടൊത്തോ മകളോടൊത്തോപോലും ഒറ്റക്കു കഴിയരുത്‌. ജ്ഞാനിയായ ഒരുവനുപോലും ഇന്ദ്രിയങ്ങളുടെ ശക്തമായആകര്‍ഷണത്തില്‍ നിന്നു്‌ ചിലപ്പോള്‍ രക്ഷപ്പെടാനാവില്ല. ഒരായിരം വര്‍ഷം ഇന്ദ്രിയസുഖങ്ങളനുഭവിച്ച്‌ ഞാന്‍ജീവിച്ചുവെങ്കിലും എന്നിലെ ആസക്തി കുറഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഞാനീ ലൗകീകജീവിതം ത്യജിക്കുന്നു. ആത്മസാക്ഷാത്ക്കാരത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു. യയാതി പുരൂവിന്‌ യൗവനം തിരിച്ചു നല്‍കി വാര്‍ദ്ധക്യം വാങ്ങി. രാജ്യം പുത്രന്‍മാരെ ഏല്‍പ്പിച്ച്‌ വനത്തിലേക്ക്‌ പോയി. അവിടെ പരമാത്മാവിനെ നിരന്തരമായ ധ്യാനത്തിലൂടെ സാക്ഷാത്ക്കരിച്ചു. യയാതിയുടെ തീരുമാനം കേട്ട്‌ ദേവയാനിയും അനാസക്തയായി ലൗകീകസുഖങ്ങളുപേക്ഷിച്ച്‌ വാസുദേവന്റെ താമരപ്പാദങ്ങള്‍ പൂകി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF