AD 1331 മുതല്‍ AD 1386 വരെ ശൃംഗേരി ശ്രീശങ്കരാചാര്യമഠത്തില്‍ അന്തേവാസിയായും അദ്ധ്യക്ഷനായും ജീവിതം നയിച്ച ശ്രീ വിദ്യാരണ്യസ്വാമികള്‍ , ശ്രീശങ്കരഭഗവദ്‌പാദരുടെ മഹത്വത്തെയും ജീവിതത്തെയും വിവരിച്ചുകൊണ്ട്
സംസ്കൃതത്തില്‍ എഴുതിയ മഹാകാവ്യമാണ് “ശ്രീമദ് ശങ്കരദിഗ്വിജയം”. ഈ കൃതിയെ ശ്രീ സുബ്രഹ്മണ്യന്‍ തിരുമുമ്പ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
അവതാരികയില്‍ ചിന്മയാനന്ദസ്വാമികള്‍ പറയുന്നു:
“ഈ ഗ്രന്ഥത്തില്‍ ശ്രീശങ്കരന്റെ അവതാരവിശേഷവും ശൈശവദശയും അദ്ദേഹത്തിന്റെ അമാനുഷപ്രവര്‍ത്തനങ്ങളും നാടകീയവൈശദ്യത്തോടെ വിവരിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രമല്ല, ആ വേദാന്തകേസരിയുടെ അടിസ്ഥാനപരമായ തത്ത്വശാസ്ത്രം തന്നെ സ്ഫുടസുന്ദരമാംവണ്ണം ഇതിലെ ഏടുകളില്‍ പ്രതിപാദിക്കപ്പെട്ടുമിരിക്കുന്നു. ആചാര്യരും, പൂര്‍വ്വമീമാംസാ നിഷ്ണാതനായ മണ്ഡനമിശ്രനും തമ്മിലുള്ള വാഗ്വാദത്തിലൂടെ ശ്രീശങ്കരന്റെ അതിബൃഹത്തും അത്യഗാധവുമായ ആത്മീയസിദ്ധാന്തം ഇതില്‍ വിശേഷിച്ചും കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു. മണ്ഡനമിശ്രന്‍ ഒടുവില്‍ വാദത്തില്‍ പരാജിതനാകുകയും സംന്യാസം സ്വീകരിച്ച് ആചാര്യരുടെ പ്രധാനശിഷ്യന്മാരില്‍ ഒരാളായി സുരേശ്വരാചാര്യര്‍ എന്ന പേരില്‍ പിന്നീട് പ്രഖ്യാതനായിത്തീരുകയും ചെയ്തു. എല്ലാംകൊണ്ടും ഈ വിവര്‍ത്തനം മലയാള സാഹിത്യത്തിന് മഹത്തായ ഒരനുഗ്രഹം തന്നെയാണെന്നു തീര്‍ത്തും പറയാവുന്നതാണ്.”