പരിക്ഷീണേഷു കുരുഷു ദ്രൌണേര്‍ബ്രഹ്മാസ്ത്രതേജസാ
ത്വം ച കൃഷ്ണാനുഭാവേന സജീവോ മോചിതോഽന്തകാത്‌ (9-22-34)

ശുകമുനി തുടര്‍ന്നു:

അഹല്യയുടെ അച്ഛനായ ഭര്‍മ്യാശ്വന്‌ ദിവോദാസന്‍ എന്ന പേരില്‍ ഒരു മകന്‍ ഉണ്ടായി. ഈ പരമ്പരയില്‍ പല വീരന്മാരും ജനിച്ചു. കുരുക്ഷേത്രാധിപനായ കുരു (സൂര്യദേവന്റെ പുത്രിയാണ് കുരുവിന്റെ അമ്മ). ബ്രഹദ്രഥന്റെ ഭാര്യ രണ്ടു ഭാഗങ്ങളായി ഒരു പുത്രനെ പ്രസവിച്ചു. ജരയെന്നു പേരുളള ഒരു പിശാചിനി അവരെ ചേര്‍ത്തുവയ്ക്കുകയാല്‍ അവന്‌ ജരാസന്ധന്‍ എന്ന പേരുണ്ടായി. പ്രതിപന്‌ ദേവാപി, ശന്തനു, ബാഹ്ലീകന്‍ എന്നീ പുത്രന്മാരുണ്ടായി. ദേവാപി കാട്ടിലേക്ക്‌ തപസ്സിനായി പോയി. ശന്തനു രാജാവായി. ശന്തനുവിന്റെ കൈകള്‍ക്ക്‌ സ്പര്‍ശമാത്രയില്‍ ആരോഗ്യവും യൗവ്വനവും പ്രദാനം ചെയ്യാന്‍ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണസമയത്ത്‌ രാജ്യത്തു മഴ പെയ്തിരുന്നില്ല. രാജ്യാവകാശിയായ ജ്യേഷ്ഠനിരിക്കുമ്പോള്‍ അനുജന്‍ രാജ്യം ഭരിക്കുന്നുതുകൊണ്ടാണതുണ്ടായത്‌. ശന്തനു ജ്യേഷ്ഠനെ തിരികെ കൊണ്ടുവരാന്‍ ദൂതരെ അയച്ചപേക്ഷിച്ചു. എന്നാല്‍ ശന്തനുവിന്റെ മന്ത്രി തന്റെ ആള്‍ക്കാരെ വിട്ട്‌ ദേവാപിക്ക്‌ ധര്‍മ്മശാസ്ത്രങ്ങളിലും വേദങ്ങളിലുമുള്ള വിശ്വാസം നശിപ്പിച്ചിരുന്നു. നിരീശ്വരവാദിയായ ദേവാപിക്ക്‌ രാജ്യാവകാശം നഷ്ടപ്പെട്ടു. നാട്ടില്‍ മഴ പെയ്തു. ദേവാപി യോഗാഭ്യാസം ചെയ്ത്‌ ജീവിച്ചു.

ശന്തനുവിന്‌ ഗംഗയില്‍ ഭീഷ്മരുണ്ടായി. സത്യവതിയില്‍ ചിത്രാംഗദനും വിചിത്രവീര്യനും ജനിച്ചു. സത്യവതിക്ക്‌ നേരത്തെ തന്നെ വ്യാസന്‍ മകനായുണ്ടായിരുന്നു. ആ വ്യാസനാണ്‌ എനിക്കീ ഭാഗവതകഥ പറഞ്ഞു തന്നത്‌. ഞാന്‍ ശാന്തനായതുകൊണ്ടാണ്‌ അദ്ദേഹത്തിനാ കൃപയുണ്ടായത്‌. ചിത്രാംഗദന്‍ കൊല്ലപ്പെട്ടു. വിചിത്രവീര്യന്‍ ക്ഷയം പിടിച്ചു മരിച്ചു. വ്യാസന്‍ വിചിത്രവീര്യന്റെ ഭാര്യമാരില്‍ പ്രജനനം നടത്തി. ധൃതരാഷ്ട്രനും പാണ്ഡുവും അങ്ങനെയുണ്ടായി. ദാസിയില്‍ വിദുരനും ജനിച്ചു. ധൃതരാഷ്ട്രന്‌ നൂറ്‌ ആണ്‍മക്കള്‍. പാണ്ഡുവിന്‌ ഒരു ശാപത്താല്‍ ലൈംഗികവേഴ്ച്ച നിഷിദ്ധമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പത്നിമാര്‍ പലേ ദേവന്‍മാരില്‍ നിന്നുമായി അഞ്ചു പുത്രന്മാരെ പ്രസവിച്ചു. അവരാണ്‌ പാണ്ഡവര്‍ . പാണ്ഡവരിലോരോരുത്തര്‍ക്കും പൊതുഭാര്യയായ ദ്രൗപദിയില്‍ ഓരോ മക്കളുണ്ടായി. മറ്റു ഭാര്യമാരിലും കുട്ടികളുണ്ടായിരുന്നു. അര്‍ജ്ജുനന്‌ കൃഷ്ണസോദരിയായ സുഭദ്രയിലുണ്ടായതാണ്‌, രാജാവേ, താങ്കളുടെ അഛനായ അഭിമന്യു. കുരുവംശം മുഴുവന്‍ മഹായുദ്ധത്തില്‍ നശിച്ചു. എങ്കിലും താങ്കള്‍ ഭഗവാന്‍ കൃഷ്ണന്റെ കൃപ കൊണ്ട്‌ അശ്വത്ഥാമാവിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഗര്‍ഭത്തില്‍ വച്ച്‌ താങ്കളെ വധിക്കാനാണല്ലോ അശ്വത്ഥാമാവ്‌ ശ്രമിച്ചത്.

തക്ഷകനാല്‍ അങ്ങേക്ക്‌ മരണമുണ്ടാവുന്നതറിഞ്ഞ്‌ അങ്ങയുടെ മകന്‍ ജനമേജയന്‍ സര്‍പ്പകുലത്തെ മുഴുവന്‍ കൊന്നൊടുക്കാന്‍ യാഗം നടത്തും. ലോകം മുഴുവന്‍ ഭരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ മകന്‍ ശതാനീകന്‍ വേദവിശാരദനും യാജ്ഞവല്‍ക്യന്റെ ശിഷ്യനുമായിരിക്കും. യാഗാദികളിലും ശൗനകമഹര്‍ഷിയില്‍നിന്നു കിട്ടിയ ആത്മജ്ഞാനത്തിലും അദ്ദേഹം നിപുണനായിരിക്കും. ശതാനീകന്റെ പുത്രപൗത്രന്‍ നെമിചക്രന്‍ ഹസ്തിനപുരം ഗംഗാജലത്തിലൊഴുകിപ്പോകുമ്പോള്‍ കുശുംഭിയെന്ന നഗരത്തില്‍ നിന്നു്‌ രാജ്യഭരണം നടത്തും. ഇങ്ങനെ ഈ വംശം കലിയുഗാവസാനം വരെ തുടരും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF