വര്‍ണ്ണയാമി മഹാപുണ്യം സര്‍വപാപഹരം നൃണാം
യദോര്‍വംശം നരഃ ശ്രുത്വാ സര്‍വപാപൈഃ പ്രമുച്യതേ (9-23-19)
യത്രാവതീര്‍ണ്ണോ ഭഗവാന്‍ പരമാത്മാ നരാകൃതിഃ
യദോഃ സഹസ്രജിത് ക്രോഷ്ടാ നളോ രിപുരിതി ശ്രുതാഃ (9-23-20)
ശുകമുനി തുടര്‍ന്നു:
യയാതിയുടെ മറ്റൊരു പുത്രനായിരുന്നു അനു. ഈ കുലത്തിലാണ് ബലി പിറന്നത്. അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ധീരഘട്മന്‍ എന്ന മുനി മുഖേന ആറു പുത്രന്‍മാര്‍ ജനിച്ചു. അംഗന്‍ , വംഗന്‍ , കലിംഗന്‍ , സുഹ്മന്‍ , പുന്ധ്രന്‍ , അന്ധ്രന്‍ എന്നിവര്‍ . അവരെല്ലാം സ്വന്തം രാജ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അംഗന്റെ കുടുംബത്തിലാണ് ലോമപാദന്റെ ജനനം. അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ല. ദശരഥമഹാരാജാവ് അദ്ദേഹത്തിനൊരു മകളെ വളര്‍ത്താന്‍ കൊടുത്തു. ശാന്ത. ഋഷ്യശൃംഗമുനി അവളെ വിവാഹം ചെയ്തു. ഒരിക്കല്‍ രാജ്യത്ത് വരള്‍ച്ച ഉണ്ടായപ്പോള്‍ മുനിയെ രാജ്യത്തു കൊണ്ടുവരികയാണുണ്ടായത്. മുനി നടത്തിയ ഒരു യാഗത്തിന്റെ ഫലമായാണ് വരള്‍ച്ച അവസാനിച്ചത്. പിന്നീട് നടത്തിയ ഒരു യാഗത്തിന്റെ ഫലമായി ലോമപാദനും കുട്ടികളുണ്ടായി. ദശരഥമഹാരാജാവിനു വേണ്ടിയും ഋഷ്യശൃംഗന്‍ ഇപ്രകാരമൊരു യാഗം നടത്തിയിരുന്നു. അങ്ങനെയാണല്ലോ ദശരഥന് ദിവ്യപുത്രന്മാരായ രാമനും സഹോദരന്മാരും ഉണ്ടായത്.
ഇനി ഞാന്‍ യദുവംശത്തിന്റെ കഥ പറയാം. ഇതു കേള്‍ക്കുന്നുതു കൊണ്ടു പോലും ഒരുവന്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും രക്ഷനേടുന്നു. കാരണം ഭഗവാന്‍ സ്വയം ഈ വംശത്തിലവതരിച്ച് മനുഷ്യനായി കഴിഞ്ഞുവല്ലോ. സഹസ്രജിത്, ക്രോഷ്ടന്‍ , നലന്‍ , രിപു തുടങ്ങിയവര്‍ യദുപുത്രന്മാരായിരുന്നു. യയാതിയുടെ മറ്റൊരു പുത്രനാണല്ലോ യദു. ഈ വംശത്തിലാണ് കൃതവീര്യപുത്രനായ കാര്‍ത്തവീര്യാര്‍ജുനന്റെ ജനനം. അദ്ദേഹത്തിന് ദത്താത്രേയനില്‍ നിന്നും ആത്മജ്ഞാനം സിദ്ധിച്ചു. ദത്താത്രേയന്‍ ഭഗവാന്റെ അംശാവതാരം തന്നെ. അര്‍ജുനന് പലേ മന്ത്രശക്തികളും ഉണ്ടായിരുന്നു. മറ്റൊരു രാജാവും മഹിമയിലും പ്രൗഢിയിലും അര്‍ജുനനോടൊപ്പം നിലനില്‍ക്കുമായിരുന്നില്ല. എണ്‍പത്തിഅയ്യായിരം വര്‍ഷം അദ്ദേഹം രാജ്യം ഭരിച്ചു. മധു ഈ അര്‍ജുനന്റെ പിന്‍തലമുറക്കാരനാണ്. വൃഷ്ണി മധുവിന്റെ പുത്രനും. യാദവകുലം യദു, മധു, വൃഷ്ണി എന്നിവരിലൂടെയാണ് നിലവില്‍ വന്നത്. യദുകുലത്തിലെ മറ്റൊരു വിഖ്യാതനാമം ശശബിന്ദുവിന്‍റേതാണ്. അദ്ദേഹം മഹാനായ ഒരു യോഗിയും അത്യുന്നത ഗുണങ്ങളുടെ വിളനിലവുമായിരുന്നു.
പിന്നീട് ജ്യാമഘന്‍ ഈ കുലത്തില്‍ പിറന്നു. അദ്ദേഹത്തിന്റെ ഭാര്യ ശൈബ്യക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ ഭാര്യയെ പേടിച്ചിരുന്ന ജ്യാമഘന്‍ മറ്റൊരു വിവാഹം കഴിച്ചതുമില്ല. അദ്ദേഹം ഒരിക്കല്‍ ഭോജരാജ്യത്തെ കീഴടക്കി സമ്മാനമായി ഭോജരാജകുമാരിയെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. രാജരഥത്തില്‍ മറ്റൊരു സ്ത്രീയെ കണ്ട് ശൈബ്യ കോപിഷ്ഠയായി. എന്നാല്‍ രാജാവ് രാജ്ഞിയെ സമാധാനപ്പെടുത്താന്‍ ഇങ്ങനെ പറഞ്ഞു. ഇവള്‍ നിന്റെ സ്നുഷയാണ്. രാജാവ് പേടിച്ചു വിറച്ചുകൊണ്ടാണിതു പറഞ്ഞത്. അതുകൊണ്ട് ദേവതകളും പിതൃക്കളും രാജാവില്‍ ദയ തോന്നി ശൈബ്യക്ക് ഒരു പുത്രനെ നല്‍കി. കാലക്രമത്തില്‍ ഈ പുത്രന്‍ ഭോജരാജകുമാരിയെ പാണിഗ്രഹണം ചെയ്തു. വിദര്‍ഭനെന്നാണീ രാജാവിന്റെ നാമം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF