ശ്രീകൃഷ്ണജയന്തി

നിശിഥേ തമ ഉദ്ഭൂതേ ജായമാനേ ജനാര്‍ദ്ദനേ ദേവക്യാം ദേവരൂപിണ്യാം വിഷ്ണുഃ
സര്‍വ്വഗുഹാശയഃ ആവിരാസീദ്യഥാ പ്രാച്യാം ദിശീന്ദുരിവ പുഷ്കലഃ (10-3-8)
മര്‍ത്ത്യോ മൃത്യു വ്യാളഭീതഃ പലായന്‍ ലോകാന്‍ സര്‍വ്വാന്നിര്‍ഭയം നാധ്യഗച്ഛത്‌
ത്വത്പാദാബ്ജം പ്രാപ്യ യദച്ഛയാദ്യ സ്വസ്ഥഃ ശേതേ മൃത്യുരസ്മാദ പൈതി (10-3-27)

ശുകമുനി തുടര്‍ന്നു:
ഭഗവജ്ജനനത്തിനുളള ദിവ്യ മുഹുര്‍ത്തം സമാഗതമായി. പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേല്‍ക്കാന്‍ എന്നമട്ടില്‍ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാര്‍ത്ഥനകളും വായുവില്‍ നിറഞ്ഞുനിന്നു. അര്‍ദ്ധരാത്രിയില്‍ ദേവകിയില്‍ നിന്നും ഭഗവാന്‍ പുറത്തുവന്നു. ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ പ്രശോഭിച്ചു. ആകാശത്തുദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രഭാപൂരംപോലെയായിരുന്നു അത്‌. നാലു തൃക്കൈകളും വിഷ്ണുവിന്റെ അടയാളലക്ഷണങ്ങളും നിറഞ്ഞ ശിശുവിനെ കണ്ട്‌ വസുദേവന്‍ തന്റെ കണ്ണുകള്‍ക്കു പുണ്യമേകി. കാരാഗൃഹത്തിലായതു കൊണ്ട്‌ ഈ അവസരം അദ്ദേഹം മനസ്സാ ആഘോഷിച്ചു. ബ്രാഹ്മണര്‍ക്ക്‌ വിലപിടിച്ച സമ്മാനങ്ങള്‍ മനസ്സാ ദാനം ചെയ്തു. അദ്ദേഹം ഭഗവദ്‍മഹിമകളെ ഇങ്ങനെ വാഴ്ത്തി: അവിടുന്ന് എല്ലാ ജീവജാലങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷന്‍ തന്നെ. അങ്ങ്‌ ജീവികളില്‍ കയറി നിവസിക്കുന്നു എന്നു പറയുന്നത്‌ ശരിയല്ലതന്നെ. എല്ലായിടവും നിറഞ്ഞു വിളങ്ങുന്നതു കൊണ്ട്‌ ഒരിടത്ത്‌ കയറി എന്ന പറയുക വയ്യല്ലോ. അവിടുന്ന് തന്നെയാണ്‌ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ഉണ്ണിയായി അവിടുന്നിപ്പോള്‍ ജന്മമെടുത്തിരിക്കുന്നത്‌ ദിവ്യാത്ഭുതം തന്നെ. അവിടുന്നു തീര്‍ച്ചയായും ഭൂമിയിലെ ദുരിതത്തിനവസാനം കണ്ടെത്തും. ദുഷ്ടരെ ഇല്ലാതാക്കും. എന്നാല്‍ ഞാന്‍ ഇപ്പോള്‍ കംസനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആകാംക്ഷാഭരിതനാണ്‌. അവിടുത്തെ ജ്യേഷ്ഠസഹോദരന്മാരെ കംസന്‍ വധിച്ചു. അങ്ങയേയും കംസന്‍ ഉപദ്രവിക്കുമോ എന്നാണെന്റെ ഭയം. ദേവകി ഇപ്രകാരം ഭഗവാനെ പ്രാര്‍ത്ഥിച്ചു വണങ്ങി: മരണഭയം ബാധിച്ച ഒരുവന്‌ ലോകത്തൊരിടത്തും അഭയം ലഭിക്കുകയില്ല. എന്നാല്‍ അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നുവന്‌ ഭയമെല്ലാം ഇല്ലാതാവുന്നു. ഞങ്ങള്‍ കംസനെ ഭയപ്പെട്ടു കഴിയുന്നു. നിനക്കു മാത്രമേ ആ ഭയത്തില്‍ നിന്നു്‌ ഞങ്ങളെ മോചിപ്പിക്കാനാവൂ.

കൃപാനിധിയായ ഭഗവാന്‍ വസുദേവനോടും ദേവകിയോടുമായി ഇങ്ങനെ പറഞ്ഞു: മുന്‍ജന്മങ്ങളിലൊന്നില്‍ പുഷ്ണിയും സുതപയുമായി ജീവിച്ച നിങ്ങള്‍ക്ക്‌ കുട്ടികളുണ്ടായിരുന്നില്ല. നിങ്ങള്‍ ഇരുവരും ചെയ്ത അനിതരസാധാരണമായ തപസ്സിന്റെ ഫലമായി ഞാന്‍ നിങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കി. വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നേപ്പോലൊരു പുത്രനെ വേണമെന്നാണ്‌ പറഞ്ഞത്‌. എന്നാല്‍ എന്നേപ്പോലെ മറ്റൊരാളുണ്ടാവുക സാദ്ധ്യമല്ലാത്തതുകൊണ്ട്‌ ഞാന്‍ നിങ്ങളുടെ പുത്രന്‍ പുഷ്ണിഗര്‍ഭനായി ജനിച്ചു. അടുത്ത ജന്മത്തില്‍ അദിതിയും കശ്യപനുമായി നിങ്ങള്‍ ജനിച്ചു. അപ്പോള്‍ ഞാന്‍ ഉപേന്ദ്രനായി (വാമനന്‍) നിങ്ങളുടെ പുത്രനായിപ്പിറന്നു. ഇപ്പോഴിതാ മൂന്നാമതും ഞാന്‍ നിങ്ങളുടെ മകനായിരിക്കുന്നു. എന്റെ വാക്കെപ്പോഴും സത്യമായിരിക്കും. ഞാന്‍ മനുഷ്യാവതാരമെടുക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്കെന്നെ തിരിച്ചറിയാനാവുന്നുളളൂ. ഈ ജന്മത്തില്‍ എന്നെ സ്നേഹിക്കുന്നുതു വഴി നിങ്ങള്‍ക്കിരുവര്‍ക്കും പരമസാക്ഷാത്കാരം ലഭിക്കുന്നുതാണ്‌. ഉടനേ തന്നെ ഭഗവാന്‍ സാധാരണ ശിശുവായി മാറി. ദഗവല്‍പ്രചോദനമുണ്ടായ വസുദേവന്‍ ദിവ്യശിശുവിനെ ഒരു കുട്ടയിലാക്കി കാരാഗൃഹത്തിനു വെളിയില്‍ എത്തി. കാവല്‍ക്കാര്‍ ഗാഢനിദ്രയിലായിരുന്നു. കാരാഗൃഹത്തിന്റെ കനത്ത വാതിലുകള്‍ താനെ തുറന്നു. ചങ്ങലകളും പൂട്ടുകളും ശിശുവുമായി വന്ന വസുദേവനെ കണ്ടപാടെ തനിയെ അഴിഞ്ഞു തുറന്നു. ചെറിയൊരു ചാറ്റല്‍ മഴയുണ്ടായിരുന്നു. ദിവ്യസര്‍പ്പമായ ശേഷന്‍ രണ്ടു പേര്‍ക്കും കുടയായി. യമുനാനദിയില്‍ വെളളം പൊങ്ങിയിരുന്നു. എന്നാല്‍ വസുദേവനും ഭഗവാനും വേണ്ടി നദിയില്‍ ഒരു പാതയുണ്ടായി. ഇതെല്ലാം ഭഗവാന്റെ മായാശക്തിയാലാണുണ്ടായത്‌. വസുദേവന്‍ വൃന്ദാവനത്തിലെത്തി. എല്ലാ ഗോപന്മാരും ഉറക്കത്തിലായിരുന്നു. യശോദ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു (അത്‌ മായതന്നെയായിരുന്നു). ഭഗവന്നിര്‍ദ്ദേശപ്രകാരം ദേവി അവതരിച്ചതാണല്ലോ. യശോദ പ്രസവത്തിനു ശേഷം ഉറങ്ങിപ്പോയതിനാല്‍ കുട്ടി ആണോ പെണ്ണോ എന്നു കൂടി നിശ്ചയമില്ലാതെ കിടപ്പായിരുന്നു. വസുദേവന്‍ തന്റെ പുത്രനെ അവിടെ കിടത്തി യശോദയുടെ മകളെ എടുത്ത്‌ തിരികെ കാരാഗൃഹത്തിലേക്കു പോയി. യശോദ ഉണര്‍ന്നപ്പോള്‍ ഒരാണ്‍കുട്ടിയെ അരികത്തു കണ്ടു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF