യഥാമയോഽ‍‍ംഗേ സമുപേക്ഷിതോ നൃഭിര്‍
ന്നശക്യതേ രൂഢപദശ്ചികിത്സിതും
യഥേന്ദ്രിയ-ഗ്രാമ ഉപേക്ഷിതസ്തഥാ
രിപൂര്‍മ്മഹാന്‍ ബദ്ധബലോ നചാല്യതേ (10-4-38)

ശുകമുനി തുടര്‍ന്നു:

വസുദേവന്‍ കാരാഗൃഹത്തിലേക്ക്‌ തിരിച്ചു വന്നുയുടനേ വാതിലുകള്‍ അടഞ്ഞു. കയ്യിലുളള പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ കാവല്‍ക്കാര്‍ ഉണര്‍ന്നു. കംസനെ വിവരമറിയിച്ചു. ഓടിയെത്തിയ കംസന്‍ തന്റെ കാലനായ എട്ടാമത്തെ സന്താനത്തെ കണ്ടു. ദേവകിയുടെ അപേക്ഷ വകവക്കാതെ കുഞ്ഞിനെ വലിച്ചെടുത്ത്‌ നിലത്തടിക്കാന്‍ തുനിഞ്ഞു. എന്നാല്‍ കുഞ്ഞ്‌ വിശ്വമാതാവിന്റെ മോഹനരൂപം കൈക്കൊണ്ട്‌ ആകാശത്തേക്കു പറന്നുപോയി. അവിടെ കൈകളും അടയാള ചിഹ്നങ്ങളും ആയുധങ്ങളും ധരിച്ച്‌ ദേവി നിലകൊണ്ടു. കംസന്റെ വിഡ്ഢിത്തത്തെ കളിയാക്കി ചിരിച്ച്‌ ഇങ്ങനെ പറഞ്ഞു: “എന്നെ വധിച്ചതു കൊണ്ടെന്താണു പ്രയോജനം? വിഡ്ഢീ, നിന്റെ മരണത്തിനുത്തരവാദിയായവന്‍ മറ്റൊരിടത്തു ജനിച്ചു കഴിഞ്ഞു. അതുകൊണ്ട്‌ നിരപരാധികളെ ദ്രോഹിക്കരുത്.” ദിവ്യമാതാവായ ജഗജ്ജനനിയെ പലേയിടങ്ങളില്‍ പല നാമങ്ങളില്‍ നാം പൂജിക്കുന്നു.

സംഭവങ്ങളുടെ ഗതിയില്‍ കംസന്‍ വളരെ ചഞ്ചലനായി കാണപ്പെട്ടു. ഉടനേ തന്നെ ദേവകിയേയും വസുദേവനേയും ബന്ധവിമോചിതരാക്കി. അവരുടെ കാല്‍ക്കല്‍ വീണു ക്ഷമ യാചിച്ചു: “എനിക്ക്‌ മാപ്പു തരൂ. നിങ്ങളുടെ നിരപരാധികളായ കുഞ്ഞുങ്ങളെയെല്ലാം കൊന്ന പാപിയാണ്‌ ഞാന്‍ . എന്നാല്‍ ദുഃഖിക്കരുത്‌. അവരെല്ലാം അവരുടെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുകയാണ്‌ ചെയ്തത്‌. മാത്രമല്ല ജനനമരണങ്ങള്‍ തുടങ്ങിയ മാറ്റങ്ങള്‍ ശരീരത്തിനു മാത്രമാണുളളത്‌. ആത്മാവിനല്ല. ആര്‍ ആത്മാവിനെ ശരീരമായും ശരീരത്തെ ആത്മാവായും കണക്കാക്കുന്നുവോ അവരാണ്‌ തങ്ങള്‍ മറ്റുളളവരെ കൊന്നുവെന്നോ, മറ്റുളളവര്‍ കൊല്ലപ്പെട്ടുവെന്നോ കരുതി കേഴുകയുളളൂ.” ദേവകിയും വസുദേവനും കംസന്റെ വിജ്ഞാനനിര്‍ഭരമായ വാക്കുകള്‍ കേട്ട്‌ ശാന്തരായി. വസുദേവന്‍ പറഞ്ഞു: “ഇതെന്‍റേത്‌, അത്‌ എന്‍റേതല്ല തുടങ്ങിയ വ്യത്യാസം ഉണ്ടാവുന്നത്‌ അജ്ഞതയില്‍ നിന്നുമാണ്‌. ഈ വ്യതിരിക്തതയില്‍ നിന്നും ഉപരിയായിട്ടുളളവന്‌ ദുഃഖിക്കേണ്ടി വരികയില്ല.”

കംസന്‍ തന്റെ ഉപദേഷ്ടാക്കളെ വിളിച്ച്‌ നടന്ന സംഭവങ്ങള്‍ വിവരിച്ചു. മഹാമായ എന്താണു പറഞ്ഞതെന്നും അവരോട്‌ പറഞ്ഞു. രാക്ഷസര്‍ കംസനെ സഹായിക്കാനുളള ഉത്സാഹത്താല്‍ എന്തും ചെയ്യാനൊരുക്കമായിരുന്നു. പത്തു ദിവസത്തില്‍ താഴെ പ്രായമുളള എല്ലാ കുഞ്ഞുങ്ങളെയും നമുക്ക്‌ വധിക്കാം. നമ്മെ തടുക്കാനാരുണ്ട്‌? ദേവന്മാര്‍ ഭീരുക്കളാണ്‌. അവര്‍ക്ക്‌ അങ്ങയെ ഭയവുമാണ്‌. ത്രിമൂര്‍ത്തികള്‍ പോലും അങ്ങേയ്ക്കു മുന്‍പില്‍ നില്‍ക്കുകയില്ല. വിഷ്ണു ഏകനായി ഭക്തന്മാരുടെ ഹൃദയത്തിലെ രഹസ്യ അറകളിലാണ്‌ വസിക്കുന്നത്‌. പരമശിവന്‍ വനത്തില്‍. ബ്രഹ്മാവ്‌ തപസ്സിലുമാണ്‌. നാം ആലോചിച്ചു സമയം കളയരുത്‌. കാരണം ശത്രുവിന്‌ ബലം വര്‍ദ്ധിക്കുന്തോറും അവനെ നേരിടാന്‍ ബുദ്ധിമുട്ടേറും. തുടക്കത്തിലേ ചികിത്സിക്കാത്ത രോഗം പോലെയാണത്‌. അല്ലെങ്കില്‍ ഒരു ചീത്ത സ്വഭാവം വേരുറക്കും മുന്‍പ്‌ ഇന്ദ്രിയങ്ങളെ നിലയ്ക്കു നിര്‍ത്താത്തതുപോലെയാണത്‌. കാരണം അടിയുറച്ചുപോയ ദുഃസ്വഭാവത്തെ നിയന്ത്രിക്കുക ദുഷ്കരമത്രെ. വിഷ്ണുവാണ്‌ ദേവന്മാരുടെ പ്രധാന ആശ്രയം. സനാതനധര്‍മ്മം പുലരുന്നയിടത്താണ്‌ വിഷ്ണു. സനാതനധര്‍മ്മത്തിന്റെ ഇരിപ്പിടം ബ്രാഹ്മണരിലും മഹാത്മാക്കളിലുമായതിനാല്‍ അവരേയും നമുക്ക്‌ വധിച്ചുകളയാം.” മഹാത്മാക്കളെ ദ്രോഹിക്കാന്‍ അവര്‍ തീരുമാനിക്കുകയും അങ്ങനെ അവരുടെ പുണ്യം കുറഞ്ഞു വരികയും ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF