ഭാഗവതം നിത്യപാരായണം

ശ്രീകൃഷ്ണലീല – യശോദ മകനെ കെട്ടിയിടുന്നു – ഭാഗവതം (226)

സ്വാമാതുഃ സ്വിന്നഗാത്രായാ വിസ്രസ്തകബരസ്രജഃ
ദൃഷ്ട്വാ പരിശ്രമം കൃഷ്ണഃ കൃപയാസീത്‌ സ്വബന്ധനേ (10-9-18)
ഏവം സംന്ദര്‍ശിതാ ഹ്യംഗ ഹരിണാ ഭൃത്യവശ്യതാ
സ്വവശേനാപി കൃഷ്ണേന യസ്യേദം സ്വേശ്വരം വശേ (10-9-19)

ശുകമുനി തുടര്‍ന്നു:
ഒരു ദിവസം യശോദ തൈരുകടഞ്ഞു വെണ്ണയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുപ്പില്‍ പാലു തിളയ്ക്കുന്നു. തന്റെ മനസ്സ്‌ ഉണ്ണിക്കണ്ണന്റെ ബാലലീലകളെപ്പറ്റിയോര്‍ത്തു രസിച്ച്‌ അതില്‍ മുഴുവന്‍ ലീനയായി അവര്‍ ഇരുന്നു. അപ്പോള്‍ മുലകുടിക്കാനായി കൃഷ്ണന്‍ അവിടെ വന്നു. കൃഷ്ണന്‍ മുലകുടിക്കുന്നു സമയത്ത്‌ അടുപ്പില്‍ പാല്‍ തിളച്ചു തൂവാന്‍ തുടങ്ങി. ഉടനേ കണ്ണനെ നിലത്തിരുത്തി പാലു കളയാതെ സൂക്ഷിക്കാന്‍ അടുപ്പിനടുത്തേക്കോടി. വലിയ ദേഷ്യത്തോടെ കൃഷ്ണന്‍ തൈര്‌ കുടം പൊട്ടിച്ച്‌ മുറി വിട്ടു പോയി.

യശോദ തിരിഞ്ഞു നോക്കുമ്പോള്‍ ഉടഞ്ഞ പാത്രവും തൂവിപ്പോയ തൈരും കണ്ടു. കൃഷ്ണനെ അവിടെ കണ്ടതുമില്ല. അവന്‍ അടുത്ത മുറിയില്‍ വെണ്ണ സൂക്ഷിച്ചു വച്ചിരിക്കുന്നിടത്തായിരുന്നു. അവിടെ ഒരു ഉരല്‍ മറിച്ചിട്ട്‌ അതിന്‌ മുകളില്‍ കയറി നിന്നു്‌ ഉറിയില്‍ നിന്നു്‌ വെണ്ണയെടുത്ത്‌ അടുത്തു നില്‍ക്കുന്ന ഒരു കുരങ്ങന്‌ കൊടുക്കുന്നു. യശോദ ഒരു വടിയുമെടുത്ത്‌ കൃഷ്ണനെ സമീപിച്ചു. വലിയ ഭയം അഭിനയിച്ചുകൊണ്ട്‌ അവന്‍ ഉരലില്‍ നിന്നു ചാടിയിറങ്ങിയോടി. അമ്മ വടിയുമായി പിറകേയും.

യശോദ ഉണ്ണികൃഷ്ണനെ പിടികൂടിയ രംഗം വര്‍ണ്ണനാതീതമായ ഭംഗിയുളളതത്രെ. യോഗിവര്യന്‍മാര്‍ക്കുകൂടി ഏകാഗ്രചിത്തത്തില്‍ കാണാന്‍ കഴിയാത്ത ദൃശ്യമത്രെ അത്‌. കിട്ടാന്‍ പോകുന്നു ശിക്ഷയെ ഭയന്നിട്ടെന്നപോലെ കൃഷ്ണന്‍ ഉറക്കെ കരഞ്ഞു. കണ്ണു തിരുമ്മി നേത്രാഞ്ജനം മുഴുവന്‍ മുഖത്ത്‌ കണ്ണീരുമായി കലങ്ങിയൊലിച്ചിറങ്ങി. യശോദ വടി വലിച്ചെറിഞ്ഞു. ഒരു മരഉരലില്‍ കൃഷ്ണനെ കെട്ടിയിടാന്‍ ഒരു കഷണം കയറന്വേഷിച്ചു കണ്ടുപിടിച്ചു. കയറിന്റെ ഒരറ്റം ഉരലിനുചുറ്റും കെട്ടി മറ്റേയറ്റം കൃഷ്ണന്റെ അരയിലും ചുറ്റാന്‍ തുടങ്ങുമ്പോള്‍ കയറിനു നീളം പോരാ. അവര്‍ കുറച്ചുകൂടി കയറെടുത്ത്‌ വീണ്ടും കെട്ടാനൊരുങ്ങി. അപ്പോഴും നീളത്തില്‍ ഒരല്‍പ്പം കുറവ്‌. അങ്ങനെ പലവുരു യശോദ കയര്‍ കൊണ്ടുവന്നു. അവര്‍ അമ്പരപ്പോടെ തളര്‍ന്ന് വിസ്മയചകിതയായി നിന്നു.

കൃഷ്ണന്‍ ഇതു കണ്ട്‌ പെട്ടെന്ന് അമ്മയ്ക്ക്‌ സ്വയം കെട്ടാന്‍ നിന്നു കൊടുത്തു. അങ്ങനെ സ്നേഹപാശം കൊണ്ട്‌ തന്നെ ബന്ധിക്കാമെന്ന് കാണിച്ചുകൊടുത്തു. സര്‍വ്വാന്തര്യാമിയും അനന്തനുമാകയാല്‍ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അപ്രാപ്യനാണല്ലോ അവിടുന്ന്. അങ്ങനെയുളള കൃപാകടാക്ഷം ദേവന്‍മാര്‍ക്കുപോലും ലഭ്യമല്ലതന്നെ. ശരീരാഭിമാനം ഉളളവര്‍ക്കാര്‍ക്കും ഭഗവാനെ പ്രാപിക്കുക സാദ്ധ്യമല്ല. ജ്ഞാനികള്‍ക്കും അങ്ങനെ തന്നെ. അവിടുത്തെ പ്രാപിക്കാന്‍ ഹൃദയം നിറഞ്ഞ ഭഗവല്‍പ്രേമം കൊണ്ടു മാത്രമേ സാധിക്കൂ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button