യത്പാദപാംസുര്‍ബ്ബഹുജന്‍മകൃച്ഛ്‌റതോ
ധൃതാത്മഭിര്‍യോഗിഭിരപ്യഗമ്യഃ
സ ഏവ യദ്ദൃഗ്വിഷയഃ സ്വയം സ്ഥിതഃ
കിം വര്‍ണ്ണ്യതേ ദിഷ്ടമഹോ വ്രജൗകസാം (10-12-12)
സകൃദ്യദങ്ഗ പ്രതിമാന്തരാഹിതാ മനോമയീ ഭഗവതീം ദദൗ ഗതിം
സഏവ നിത്യാത്മസുഖാനുഭൂത്യഭി വ്യുദസ്തമായോഽന്തര്‍ഗ്ഗതോഹി കിം പുനഃ (10-12-39)

ശുകമുനി തുടര്‍ന്നു:
ഒരു ദിവസം കൃഷ്ണനും കൂട്ടരും നേരത്തേ തന്നെ കാട്ടിലേക്കു പോയി. ഉല്ലാസയാത്രയാണവര്‍ അന്നു പരിപാടിയിട്ടത്‌. കാട്ടിലെത്തിയ അവര്‍ പലേകളികളിലും മുഴുകി. പശുക്കള്‍ പുല്ലു മേഞ്ഞു നടന്നു. പരംപൊരുളായ ഭഗവാന്റെ തോഴരായി കളിക്കാനിടവരുക എത്ര ഭാഗ്യകരമാണെന്നു നോക്കുക. യോഗിമാരുടെ ധ്യാനനിദാനമായ ഭഗവാന്റെ കളിക്കൂട്ടുകാരായ വൃന്ദാവനവാസികള്‍ അതീവ ഭാഗ്യശാലികളത്രെ. മഹാത്മാക്കള്‍ക്കും യോഗിവര്യന്മാര്‍ക്കുപോലും ആരുടെ പാദരേണുക്കള്‍ അപ്രാപ്യമാണോ, ആ ഭഗവാന്‍ അവര്‍ക്കൊപ്പം ജീവിക്കുന്നു. ഇത്‌ തീര്‍ച്ചയായും അവരുടെ മുജ്ജന്മ സുകൃതഫലം തന്നെ.

ആ ഗോപാലന്മാരിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ കംസന്റെ നിര്‍ദ്ദേശപ്രകാരം അഘാസുരന്‍ എത്തി. പൂതനയുടേയും ബകാസുരന്റേയും സഹോദരനായ അഘന്‌ കൃഷ്ണനോട്‌ പകയുണ്ടായിരുന്നുതാനും. വലിയൊരു മലമ്പാമ്പിന്റെ രൂപത്തില്‍ അവന്‍ കൃഷ്ണനേയും കൂട്ടുകാരേയും കാത്തു വായ്‌ തുറന്നുവച്ച്‌ കിടന്നു. കീഴ്ചുണ്ട്‌ ഭൂമിയിലും മേല്‍ച്ചുണ്ട്‌ ആകാശം മുട്ടെയും വലിപ്പമുണ്ടായിരുന്നു ആ വായയ്ക്ക്‌. എല്ലാവരേയും ഒന്നിച്ചു വിഴുങ്ങാനായിരുന്നു അവന്റെ പരിപാടി. സംഘം വായിലേക്ക്‌ നടന്നു കയറാന്‍ അവന്‍ കാത്തുകിടന്നു.

കളികളില്‍ മുഴുകി കൃഷ്ണന്റെ കൂട്ടുകാര്‍ അഘാസുരന്റെ അടുത്തെത്തി. അവന്റെ വായ വലിയൊരു ഗുഹയാണെന്നും നാവ്‌ പാതയാണെന്നും ചൂടു കാറ്റ്‌ അടിക്കുന്നുവെന്നും കരുതി അവര്‍ നടന്നു. ഈ ഗുഹയെക്കണ്ട്‌ ചിലര്‍ക്ക്‌ സംശയമുണ്ടായെങ്കിലും മറ്റുളളവര്‍ അവരെ സമാധാനപ്പെടുത്തി. ഇതൊരു ഭീകരജീവിയാണെങ്കില്‍ പോലും കൃഷ്ണന്‍ കൂടെയുളളതുകൊണ്ട്‌ പേടിക്കാനില്ല. ബകാസുരനെ കൊന്നത്‌ കൃഷ്ണനല്ലേ?

കൃഷ്ണന്‍ മലമ്പാമ്പിനെ കണ്ട്‌ കൂട്ടുകാരെ തടയാന്‍ ആഗ്രഹിച്ചെങ്കിലും അവര്‍ നടന്നു മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. രാക്ഷസന്‍ കൃഷ്ണന്‍ കയറി വരാന്‍ കാത്തിരുന്നു. തന്റെ കൂട്ടുകാരേയും ഗോക്കളേയും രക്ഷിക്കാനായി കൃഷ്ണനും അകത്തു കയറാന്‍ തീരുമാനിച്ചു. ഭഗവാന്‍ വായില്‍ കയറിയതും അസുരന്‍ വായടച്ചു. അവന്റെ കണ്ഠത്തില്‍ ഭഗവാന്‍ ഭീമാകാരനായി വളര്‍ന്നു. അവന്‌ ശ്വാസം മുട്ടി. പ്രാണവായു കിട്ടാതെ കണ്ണു തുറിച്ച്‌ അവന്‍ ചത്തു വീണു. കൃഷ്ണന്‍ തന്റെ കടക്കണ്ണിന്റെ ഒരു നോട്ടം കൊണ്ട്‌ ഗോക്കളെയും ഗോപാലന്മാരെയും രക്ഷിച്ചു. പ്രാണവായു പോയപ്പോള്‍ രാക്ഷസന്റെ തലയോട്ടി പിളര്‍ന്നിരുന്നു. ആ ദ്വാരത്തിലൂടെ കൃഷ്ണനും കൂട്ടുകാരും പുറത്തു വന്നു. കൃഷ്ണന്‍ നോക്കി നില്‍ക്കെ അഭൗമമായ ഒരു ജ്യോതിര്‍ഗോളം അസുരനില്‍ നിന്നും കൃഷ്ണഹൃദയത്തിലേക്ക്‌ പ്രവേശിച്ചു. അസുരന്‌ മുക്തിയായി. അത്ഭുതമേതുമില്ല. ഭഗവാന്‍ സ്വയം അവന്റെ ശരീരത്തിനുള്ളില്‍ കയറിയല്ലോ. അങ്ങനെയുളള ഒരുവന്‌ ഭഗവാന്‍ എന്തുതന്നെ നല്‍കുകയില്ല? ഒരിക്കലെങ്കിലും തങ്ങളുടെ ഹൃദയത്തില്‍ ഭഗവാനെ ആസനസ്ഥനാക്കുന്നവന്‌ ആ പരംപൊരുള്‍ മുക്തിപദത്തെ നല്‍കുന്നു.

കൃഷ്ണന്റെ അഞ്ചാം വയസ്സിലാണ്‌ അഘാസുരന്‌ മുക്തി നല്‍കിയത്‌. എന്നാല്‍ ആറാം വയസ്സിലാണ്‌ ബാലന്മാര്‍ ഗ്രാമവാസികളോട്‌ അപ്പോള്‍ സംഭവിച്ചു എന്ന മട്ടില്‍ ഇക്കാര്യങ്ങള്‍ വിവരിച്ചത്.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF